Categories

ഭീഷണിയല്ല, ജനകീയ ഇടപെടലാണ് ആവശ്യം: സെബാസ്റ്റ്യന്‍ പോള്‍

dr-sebastian-paul-rwതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തന രീതികള്‍ക്കെതിരെ ഭീഷണിയല്ല, ജനകീയ ഇടപെടലാണ് ആവശ്യമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. മാധ്യമങ്ങളോട് ‘സത്യാന്വേഷണം’ തുടരട്ടെയെന്നല്ലാതെ അസത്യാന്വേഷണം നടത്തൂയെന്ന് തനിക്ക് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യാന്വേഷണം തുടരട്ടെയെന്ന മാതൃഭൂമി ലേഖനത്തിനെതിരെ ദേശാഭിമാനിയില്‍ വന്ന പ്രഭാവര്‍മയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോള്‍.

”മാധ്യമ തത്വങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണ തനിക്കുണ്ട്. ഒമ്പത് വര്‍ഷം സി. പി. ഐ. എം. നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലിലൂടെ ഈകാര്യം താന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മൗലിക തത്വങ്ങളില്‍ കാലിക വിഷയങ്ങള്‍ മുന്‍നിര്‍ത്തി മാറ്റം വരുത്താനാകില്ല. മാധ്യമങ്ങള്‍ സത്യം അന്വേഷിക്കണം. സത്യം മാത്രമേ എഴുതുകയും പറയുകയും ചെയ്യാവൂയെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു” ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശം സംബന്ധിച്ച് തനിക്ക് വ്യക്തമായ നിലാപടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കാര്യമറിയാതെയുള്ള പ്രഭാവര്‍മയുടെ പ്രതികരണം അനാവശ്യമാണ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും എനിക്കുള്ള വ്യക്തമായ ധാരണകള്‍ പ്രശസ്തിക്കോ പ്രീതിക്കോ വേണ്ടി മാറ്റാന്‍ കഴിയില്ല.

പ്രഭാവര്‍മ നേതൃത്വംകൊടുക്കുന്ന ചാനലില്‍ ഒമ്പതുവര്‍ഷമായി മാധ്യമവിചാരം അവതരിപ്പിച്ചിരുന്നു. അക്കാലത്തു പ്രകടിപ്പിച്ചിട്ടുള്ളതില്‍നിന്നു വ്യത്യസ്തമായ യാതൊരു അഭിപ്രായവും ഇപ്പോഴത്തെ ലേഖനത്തിലില്ല. പ്രഭാവര്‍മയുടെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതു പോലെ അമേരിക്കയിലെ വായനക്കാരുടെ ജനകീയ സംവിധാനം ‘ഫെയറി’നു സമാനമായതു കേരളത്തിലും ഉണ്ടാക്കാന്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മുന്‍കൈയെടുത്താല്‍ അതുമായി സഹകരിക്കും. മാധ്യമപ്രവര്‍ത്തകരെ നിയമവിധേയമായി നേരിടാമെന്ന ഭീഷണിയേക്കാള്‍ ഇത്തരത്തിലുള്ള ജനകീയ ഇടപെടലാണ് അഭികാമ്യമെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.