Administrator
Administrator
ചന്ദ്രനില്‍ ജലം; നാസ സ്ഥിരീകരിച്ചു
Administrator
Friday 25th September 2009 1:13am

വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ നീണ്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരവും സ്ഥിരീകരണവുമായി. ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടതായി നാസ അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഇന്ത്യയുടെ ചാന്ദ്രയാന്‍ ഒന്നിലെ നിരീക്ഷണോപകരണമാണ് ജലാംശം കണ്ടെത്തിയത്. ഇനി ജലത്തിന്റെ അളവ് എത്രയുണ്ടെന്നും മനുഷ്യ വാസത്തിന് അത് പര്യാപ്തമാണോയെന്നും അറിയേണ്ടതുണ്ട്. ചന്ദ്രനില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വെള്ളമുണ്ടെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യന്‍ സമയം 11.30ന് ഇതു സംബന്ധിച്ച പ്രഖ്യാപനം നാസ നടത്തിയത്.

ഓക്‌സിജന്റെയും ഹൈഡ്രജന്റെയും ഏക ആറ്റം രൂപമായ ഹൈഡ്രോക്‌സില്‍ രുപത്തിലാണ് ചന്ദ്രനില്‍ ജലസാന്നിധ്യമുള്ളത്. ഇതിന്റെ അളവെത്ര എങ്ങനെ വന്നു എന്നതിനെക്കുറിച്ചെല്ലാം കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്‍പാടയില്‍ നിന്നുള്ള പ്രകാശപ്രതിഫലനത്തിന്റെ തരംഗദൈര്‍ഘ്യത്തില്‍ ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസബന്ധനത്തിന്റെ സൂചനകളാണ് ലഭിച്ചതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ജലസാന്നിധ്യം ഉണ്ടെന്ന കണ്ടുപിടിത്തം നാസയുടെയും ഐ.എസ്.ആര്‍.ഒയുടെയും സംയുക്ത ശ്രമഫലമായാണെന്നും നാസ അറിയിച്ചു.

40 വര്‍ഷം മുമ്പ് അപ്പോളോ ദൗത്യം ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന പാറകള്‍ പരിശോധിച്ച ശേഷമാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആദ്യമായി അഭിപ്രായപ്പെട്ടത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാറകള്‍ കൊണ്ടുവന്ന പെട്ടികളില്‍ അന്തരീക്ഷവായു കടന്നതിനാലാണ് അന്ന് ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയാതെ പോയത്.

ചന്ദ്രോപരിതലത്തെ കുറിച്ചുള്ള വിവിധ പരീക്ഷണങ്ങള്‍ നടത്തിയ ചന്ദ്രയാന്‍-1ല്‍ 11 നിരീക്ഷണ വസ്തുക്കളായിരുന്നു ഘടിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച അഞ്ചെണ്ണവും വിദേശത്തു നിര്‍മിച്ച ആറെണ്ണവും. ഇന്ത്യയുടെ ആദ്യ ദൗത്യമായിരുന്നു 2008 ഒക്‌ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍നിന്നു പുറപ്പെട്ട ചന്ദ്രയാന്‍-1. പത്തു മാസം പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ ഓഗസ്റ്റ് 30നാണു പ്രവര്‍ത്തനം നിലച്ചത്.

ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറും മറ്റു രണ്ടു ചാന്ദ്ര പര്യവേക്ഷണങ്ങളും നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ച് അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ സയന്‍സില്‍ പ്രസിദ്ധീകരിച്ച മൂന്നു പ്രബന്ധങ്ങളിലാണ് ചന്ദ്രനിലെ ജലസാന്നിധ്യം വെളിപ്പെടുത്തുന്ന വിവരം ആദ്യമായി പുറത്തുവിട്ടത്. പിന്നീട് നാസ ഇക്കാര്യം പ്രഖ്യാപിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഭൂമിക്ക് പുറത്ത് ജീവസാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് പുതിയ കണ്ടെത്തല്‍ ഏറെ പ്രതീക്ഷയേകുന്നതാണ്. ചന്ദ്രനില്‍ നിന്നുതന്നെ ജീവജലവും അതിലെ ഹൈഡ്രജനില്‍ നിന്ന് ഇന്ധനവും ശേഖരിക്കാമെന്നു വരികയാണെങ്കില്‍ ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ചെലവ് ഗണ്യമായി കുറയും.

ചന്ദ്രയാനിലുണ്ടായിരുന്ന 11 നിരീക്ഷണ ഉപഗ്രഹങ്ങളില്‍പ്പെട്ട മൂന്നെണ്ണം മൂണ്‍ മിനറോളജിക്കല്‍ മാപ്പര്‍, ഹൈപ്പര്‍ സ്‌പെക്ടര്‍ ഇമേജര്‍, ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഇംപാക്ട് പ്രോബ് നല്‍കിയ വിവരങ്ങള്‍ ചേര്‍ത്തുവെച്ചാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രനിലെ ജല സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ മിറളോജിക്കല്‍ മാപ്പര്‍ അമേരിക്കയുടെ നാസ നല്‍കിയതാണ്, മറ്റു രണ്ടെണ്ണം ഐ.എസ്.ആര്‍.ഒ. നിര്‍മ്മിച്ചതും. ചന്ദ്രോപരിതലത്തില്‍ ജലം ഇപ്പോഴും രൂപം കൊണ്ടുകൊണ്ടിരിക്കുന്നുവെന്ന സൂചനയും ഇതിലുണ്ട്. ചന്ദ്രോപരിതലത്തിലെ ഉയര്‍ന്ന അക്ഷാംശങ്ങളില്‍ ജലസാന്നിധ്യം അറിയിക്കുന്ന രാസ അടയാളങ്ങള്‍ കണ്ടെത്തിയതായി മൂണ്‍ മിനറോളജി മാപ്പര്‍ ഉപകരണത്തിന്റെ മുഖ്യ പരിശോധക കാള്‍ പീറ്റേഴ്‌സ് പറഞ്ഞു.

അമേരിക്കയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെയും ശാസ്ത്രജ്ഞരുംകൂടി ചേര്‍ന്നാണ് വിവരങ്ങള്‍ അപഗ്രഥിച്ചത്. ചന്ദ്രനിലെ ജല സാന്നിധ്യത്തെക്കുറിച്ച് മുന്‍പ് ചില സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ചരിത്രത്തിലാദ്യമായി വ്യക്തമായ സൂചനകള്‍ നല്കുന്നത് ഇന്ത്യയുടെ ചന്ദ്രയാന്‍ 1 ആണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു. രാജ്യത്തിനും ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

312 ദിവസം മാത്രമേ ചന്ദ്രനെ നിരീക്ഷിച്ചുള്ളൂവെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് 72,000ത്തില്‍പരം ചിത്രങ്ങളാണ് ചന്ദ്രയാന്‍ 1 ഭൂമിയിലേക്ക് അയച്ചിരുന്നത്.Advertisement