Administrator
Administrator
സത്യാന്വേഷണം തുടരട്ടെ
Administrator
Friday 25th September 2009 12:28am

സെബാസ്റ്റ്യന്‍ പോള്‍

dr-sebastian-paul-rwമാധ്യമങ്ങള്‍ സംഭവങ്ങളുടെ സാക്ഷികളും ചരിത്രത്തിന്റെ കരടെഴുത്തുകാരുമാണ്. അതിനവര്‍ അവരുടേതായ പാതയിലൂടെ സഞ്ചരിക്കണം

നമ്മുടെ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എന്താണ് സംഭവിക്കുന്നത്? ഇത്രയേറെ പഴി കേള്‍ക്കത്തക്കവിധം എന്തപരാധമാണ് ഈ സമൂഹത്തോട് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്? മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു വിരട്ടുകയെങ്കിലും വേണമെന്ന് നാടുവാഴികള്‍ സ്ഥിരമായി പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ആവശ്യമാണോ?
ഏതെങ്കിലും രാഷ്ട്രീയപക്ഷം ചേര്‍ന്നുകൊണ്ട് ഉത്തരം കണ്ടെത്താവുന്ന പ്രശ്‌നമല്ല നമ്മുടെ മുന്നിലുള്ളത്. പൗരസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്.

പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും പിണറായി വിട്ടുവീഴ്ചയ്ക്കില്ല. സിന്‍ഡിക്കേറ്റ് മുതല്‍ ദിവ്യദൃഷ്ടി വരെ മാധ്യമപദാവലിയിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു.
സഖാക്കളെ ഭയന്ന് അപ്പുറത്തെത്തിയാല്‍ അവര്‍ സംരക്ഷിച്ചുകൊള്ളും എന്ന ഉറപ്പ് ചരിത്രം നല്‍കുന്നില്ല. പത്രങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയില്‍ പ്രാബല്യത്തിലാക്കിയ സെന്‍സര്‍ഷിപ്പും രാജീവ് ഗാന്ധിയുടെ പാളിപ്പോയ പത്രമാരണ പരിശ്രമങ്ങളും നമുക്ക് മറക്കാറായിട്ടില്ല.
അതുകൊണ്ട് ആരേയും ആശ്രയിക്കാതിരിക്കുകയെന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കരണീയമായ മാര്‍ഗം.

അനഭിമതരായവരെ തേജോവധം ചെയ്യുന്നുവെന്നതാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രധാനപ്പെട്ട ആക്ഷേപം. ആരെയും വിമര്‍ശിക്കാന്‍ മടിയില്ലാത്ത മാധ്യമങ്ങള്‍ അവയ്‌ക്കെതിരെയുള്ള വിമര്‍ശനത്തെ സഹിഷ്ണുതയോടെ കാണുന്നില്ല. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ആക്രമണത്തിന്റെ പീരങ്കി തിരിച്ചുവെച്ചിരിക്കുന്നുവെന്നാണ് പിണറായി വിജയന്റെ ആരോപണം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും ഇതുതന്നെ സ്ഥിതിയെന്ന് പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കാരാട്ട് എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല എന്ന കാര്യവും ആലോചിക്കേണ്ടതാണ്.
ബയണറ്റും പേനയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ജയം ബയണറ്റിനാവില്ല എന്ന തിരിച്ചറിവ് നെപ്പോളിയനുണ്ടായിരുന്നു. പത്രങ്ങളുടെ സംയുക്തമായ ആക്രമണത്തില്‍ നിക്‌സന് വൈറ്റ് ഹൗസ് വിടേണ്ടിവന്നു. ഇതിനര്‍ഥം ആക്രമിക്കപ്പെടുന്നവര്‍ നിസ്സഹായരാണെന്നല്ല. പ്രത്യാക്രമണത്തിന് സാധ്യതയുണ്ട്. ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയെന്നതാണ് ലെനിനിസ്റ്റ് മാധ്യമതത്ത്വം. സോവിയറ്റ് വിപ്ലവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്ത്വത്തിന്റെ കേരളത്തിലെ ആവിഷ്‌കാരമാണ് ദേശാഭിമാനിയും കൈരളിപീപ്പിള്‍ ചാനലുകളും.

പത്രത്തെ പത്രം കൊണ്ടും ചാനലിനെ ചാനല്‍ കൊണ്ടും പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എല്ലായ്‌പോഴും കഴിയില്ല. അവര്‍ക്ക് കൂട്ടായി നിയമമുണ്ട്. പേരുദോഷം ഉണ്ടാകുമ്പോഴും സ്വകാര്യതയിലേക്ക് കടന്നുകയറ്റം ഉണ്ടാകുമ്പോഴും കോടതിയെ സമീപിക്കാം. പത്രങ്ങള്‍ക്ക് പ്രസയസ് കൗണ്‍സില്‍ എന്ന റഗുലേറ്ററി സംവിധാനമുണ്ട്. ടെലിവിഷനും അപ്രകാരം ഒരേര്‍പ്പാട് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നു.

മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി വര്‍ധിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് പരിമിതിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കണം. സ്വാതന്ത്ര്യത്തിന്റെ തോത് വര്‍ധിക്കുമ്പോള്‍ ഉത്തരവാദിത്വത്തിന്റെ തോതും വര്‍ധിക്കുന്നു.

അടയാളപ്പെടുത്തിയ ട്രാക്ക് തെറ്റിയോടുന്നുവെന്നതാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ഗുരുതരമായ ആരോപണം. എവിടെയും സമാന്തരപ്രവര്‍ത്തനത്തിലാണ് അവര്‍ക്ക് താത്പര്യം. നീതിനിര്‍വഹണമെന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. അത് നന്നായി നടക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ക്കു പരിശോധിക്കാം. അതിനു പകരം സമാന്തരവിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. െ്രെകം റിപ്പോര്‍ട്ടിങ് എന്നത് കേരളത്തില്‍ വികസിതമായ ശാഖയല്ല. പോലീസുകാര്‍ അറിയിക്കുന്നത് അവരുടെ പേരുകൂടി ചേര്‍ത്തു കൊടുത്താല്‍ െ്രെകം വാര്‍ത്തയായി. ഒരു തരം എംബഡ്ഡഡ് ജര്‍ണലിസം. അഭയ കേസിലും ലാവലിന്‍ കേസിലും അതാണ് കണ്ടത്. സി.ബി.ഐ. പറഞ്ഞതെന്തോ അതപ്പാടെ മാധ്യമങ്ങള്‍ വിശ്വസിച്ചു. ചോദ്യമോ അന്വേഷണമോ ഉണ്ടായില്ല. സംശയങ്ങള്‍ ഉണ്ടായില്ല. സി.ബി.ഐ. അവരുടെ താത്പര്യങ്ങള്‍ക്കനുയോജ്യമായി മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവില്‍, നാര്‍കോ പരിശോധനയുടെ ദൃശ്യങ്ങളും പ്രതികളുടെ കുറ്റസമ്മതവും ചാനലുകള്‍ സംപ്രേഷണം ചെയ്തത് സി.ബി.ഐ.യുടെ ഒത്താശയോടെയാണെന്ന് വാര്‍ത്തകളില്‍നിന്നുതന്നെ വ്യക്തമായി. അപമാനകരമായ ദൃശ്യങ്ങളുടെ സംപ്രേഷണത്തിലൂടെ പ്രതികളുടെ സ്വകാര്യതയ്ക്ക് സംഭവിക്കുന്ന ക്ഷതത്തെക്കുറിച്ച് ആരും ആലോചിച്ചില്ല. ആ കന്യാസ്ത്രിയുടെ കന്യാചര്‍മപരിശോധനയുടെ സിഡി ചാനലുകള്‍ക്ക് ലഭിക്കാതിരുന്നത് നമ്മുടെ സുകൃതം. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടാനുള്ളതാണ്. അതാണ് നമ്മുടെ ക്രിമിനല്‍ നിയമവ്യവസ്ഥയ്ക്ക് മാനവികതയുടെ സൗന്ദര്യം നല്‍കുന്നത്. അക്കാര്യമെല്ലാം മറന്നുകൊണ്ട്, ഇനിയെന്തിനു വിചാരണ, നമുക്ക് ശിക്ഷ വിധിക്കാം എന്ന മട്ടിലാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത അഭിഭാഷകര്‍പോലും സ്വീകരിച്ച നിലപാട്. ഇതാണ് സമാന്തര വിചാരണയുടെ അപകടം. അവനെ ക്രൂശിക്കുകയെന്ന് ആര്‍പ്പുവിളിക്കാന്‍ ആള്‍ക്കൂട്ടത്തെ മാധ്യമങ്ങള്‍ സജ്ജരാക്കുമ്പോള്‍ നീതിബോധമുള്ള ന്യായാധിപന്‍പോലും നിസ്സഹായനായിത്തീരും.
ലാവലിനിലും അഭയയിലും സ്വീകരിച്ച നിലപാടല്ല മുത്തൂറ്റ് വധക്കേസില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത്. പൊടുന്നനെ അവര്‍ സംശയാലുക്കളായി. പോലീസിനെ അവര്‍ വിശ്വസിക്കാതായി. അത്ര വിശ്വസനീയമല്ലാത്ത ഒരു കഥ ആദ്യമേ പോലീസ് അവതരിപ്പിച്ചതും അതിനു കാരണമായിട്ടുണ്ടാകാം. പണ്ടത്തെ ചാക്കോ വധം പോലെ പള്ളാത്തുരുത്തിയിലെ പ്രതികളും സുകുമാരക്കുറുപ്പുമാരായി തിരോധാനം ചെയ്യാതിരിക്കാന്‍ മാധ്യമങ്ങളുടെ ജാഗ്രത സഹായകമായിട്ടുണ്ട്. അന്വേഷണത്തിലെ പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്നതിനു പകരം കേസിനെ രാഷ്ട്രീയവല്‍കരിക്കാനാണ് മാധ്യമങ്ങളുടെ അന്വേഷണാത്മകത സഹായകമായത്.രാഷ്ട്രീയവല്‍കൃത കേരളത്തില്‍ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയാഭിമുഖ്യം ഇല്ലാത്തവരെ കാണാന്‍ പ്രയാസമാണ്. കൊലയുടെ ചുരുള്‍ അഴിക്കുകയാണെന്ന വ്യാജേന നടത്തിയ ചരിത്രാന്വേഷണം മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെയാണ് വെളിപ്പെടുത്തിയത്.

മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടി ഉണ്ടോയെന്ന ചോദ്യം കേട്ടു. മാധ്യമങ്ങള്‍ക്ക് അസാധാരണമായ ഒരു ദൃഷ്ടി ആവശ്യമുണ്ട്. സാധാരണക്കാര്‍ക്ക് ഗോചരമല്ലാത്ത കാര്യങ്ങള്‍ എങ്കിലേ കണ്ടെത്താന്‍ കഴിയൂ. വാര്‍ത്തയുടെ പ്രഭവം അന്വേഷിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ ഏഷ്യാനെറ്റ് കൊല്ലനെക്കണ്ടെത്തിയത് എങ്ങനെ എന്ന് ചോദിക്കേണ്ടതില്ല. കേസില്‍ കണ്ടെത്തിയ കത്തി പോലീസ് കൊണ്ടുവന്നതാണെന്ന് പ്രതിയുടെ അമ്മ പറയുകയും പോലീസിന് പതിവായി അങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് അത്തരം കാര്യങ്ങളില്‍ അത്ര അജ്ഞാനിയല്ലാത്ത പി ജയരാജന്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏഷ്യാനെറ്റിന്റെ കൊല്ലക്കുടിയിലെ വാര്‍ത്താശേഖരണത്തിന് പ്രാധാന്യമുണ്ട്.

ആഭ്യന്തരമന്ത്രിയെത്തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടാണ് മാധ്യമങ്ങളുടെ അന്വേഷണം മുന്നേറിയത്. അടഞ്ഞ അധ്യായങ്ങള്‍ തുറക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. ക്രമസമാധാനപാലനരംഗത്തെ നല്ല പ്രവര്‍ത്തനത്തിന് ഇന്ത്യാ ടുഡേ അംഗീകാരം നല്‍കി. പക്ഷേ, ഒരു നന്മയും കേരളത്തില്‍ അംഗീകരിക്കപ്പെടുന്നില്ല. ഗുണ്ടകളുടെയും മാഫിയ സംഘങ്ങളുടെയും ഗോഡ്ഫാദറായി ആഭ്യന്തരമന്ത്രി സദാ ചിത്രീകരിക്കപ്പെടുന്നു. അസ്വസ്ഥമായ മനസ്സില്‍നിന്ന് അസ്വീകാര്യമായ നിര്‍ദേശങ്ങളുണ്ടായി. മാധ്യമങ്ങള്‍ക്ക് അന്വേഷണച്ചുമതലയില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. മാധ്യമങ്ങളുടെ അന്വേഷണത്തിന്റെ അനിവാര്യത നമുക്കറിയാം. മുത്തൂറ്റ് കേസില്‍ത്തന്നെ സ്‌റ്റോറി ലൈന്‍ പലവട്ടം മാറിയതിനു പിന്നില്‍ മാധ്യമങ്ങളുടെ ഇടപെടലുണ്ട്. വിന്‍സന്‍ പോളിന്റെ ആദ്യത്തെ കഥയാണ് അന്തിമമായി ആവിഷ്‌കരിച്ചിരുന്നതെങ്കില്‍ പടം മാറ്റിനിക്കുതന്നെ പൊളിയുമായിരുന്നു. അതേസമയം, ഒരു സസ്‌പെന്‍സ് ത്രില്ലറാകുമ്പോള്‍ ഉദ്വേഗം മുറിയാതിരിക്കുന്നതിന് ചില കാര്യങ്ങള്‍ മറച്ചുവെക്കേണ്ടി വരും. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പൊലീസിനും ചില കാര്യങ്ങള്‍ രഹസ്യമായി വെക്കേണ്ടതുണ്ട്. പ്രതികള്‍ ദുബായിയില്‍ എന്നു തുടങ്ങി മാധ്യമങ്ങളെ തെറ്റിധരിപ്പിക്കുന്ന ലീക്കുകളും പോലീസ് നല്‍കും. അതവരുടെ തൊഴിലിന്റെ ഭാഗമാണ്.

മാധ്യമങ്ങള്‍ സംഭവങ്ങളുടെ സാക്ഷികളും ചരിത്രത്തിന്റെ കരടെഴുത്തുകാരുമാണ്. അതിനവര്‍ അവരുടേതായ പാതയിലൂടെ സഞ്ചരിക്കണം. സഞ്ചരിക്കുന്ന പാത ചിലപ്പോള്‍ ഒന്നുതന്നെയാകാം. കണ്ടെത്തുന്ന സത്യവും ഒന്നാകാം. അതുകൊണ്ടുമാത്രം നാം സംശയാലുക്കളാകേണ്ടതില്ല. ഏതന്വേഷണത്തിനും ചിലര്‍ക്ക് ഒരു ചാരുകസേര മതി. ഡിജിറ്റല്‍ യുഗത്തിലെ ചാരുകസേരയാണ് ട്വിറ്റര്‍. സാഹസികമായ സത്യാന്വേഷണത്തിനു പകരം ട്വിറ്റര്‍ ജര്‍ണലിസത്തിലേക്ക് തിരിയണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഉപദേശത്തിന്റെ സാരം. അത്തരം കേട്ടെഴുത്തും കണ്ടെഴുത്തും ജനാധിപത്യപരമല്ല. അപ്പസ്‌തോലരില്‍ നാലു പേര്‍ ലേഖകരായെങ്കിലും എഴുതാത്ത തോമസിനെയാണ് മാധ്യമപ്രവര്‍ത്തകര്‍ അനുകരിക്കേണ്ടത്. കാണാതെയും സ്?പര്‍ശിക്കാതെയുമുള്ള വിശ്വാസം ദൈവശാസ്ത്രപരമായി മേന്മയുള്ളതാണ്. പക്ഷേ, അത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതുകൊണ്ടാണ് അവര്‍ നേരിട്ട് അന്വേഷണത്തിനിറങ്ങുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ കേസന്വേഷണം നടത്തേണ്ട എന്നു പറഞ്ഞപ്പോള്‍ കോടിയേരി, ഒരു പക്ഷേ, ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പോലീസ് കാര്യക്ഷമതയോടെ ജോലി ചെയ്യുന്നു എന്ന ഉറപ്പ് മാത്രമായിരിക്കാം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കി പോലീസിനെ സഹായിക്കണമെന്നു പറഞ്ഞതും സദുദ്ദേശ്യത്തോടെയായിരിക്കാം. അതിനവരെ നിര്‍ബന്ധിക്കുമെന്ന രീതിയില്‍ സംസാരിച്ചതിലെ അനൗചിത്യം അദ്ദേഹം തിരുത്തുകയും ചെയ്തു. കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും വിവരം ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉടനടി അതു പോലീസിനു കൈമാറണമെന്ന നിയമത്തെക്കുറിച്ച് ആദ്യം ആലോചിച്ചത് കേന്ദ്ര ഗവണ്‍മെന്റാണ്. എതിര്‍പ്പിനെത്തുടര്‍ന്ന് ആലോചന ഉപേക്ഷിച്ചു.
അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ നിരാശരാകേണ്ട. സത്യാന്വേഷണം തുടരട്ടെ. സത്യാന്വേഷണത്തിന്റെ പാതയില്‍ പരീക്ഷണങ്ങളുണ്ടാകും. സത്യം എന്നാലെന്ത് എന്ന ചോദ്യം തന്നെയാണ് ആദ്യത്തെ പരീക്ഷണം. ആ ചോദ്യം ചോദിച്ചയാള്‍ക്ക് യഥാസമയം ഉത്തരം കിട്ടിയില്ല. സത്യമെന്താണെന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഇറാഖില്‍ അമേരിക്കന്‍ ജനറല്‍ വില്യം ഷെര്‍മാന്‍ നല്‍കിയ ഉത്തരം ഇതിനകം പ്രസിദ്ധമായിട്ടുണ്ട്. ”ഇവിടെ നടക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല..”
പട്ടാളമായാലും പോലീസായാലും മനോഭാവം ഇതുതന്നെയാണ്. നാട് ഭരിക്കുന്നവരുടെ നിലപാടും വ്യത്യസ്തമല്ല.

കടപ്പാട് മാതൃഭൂമി

Advertisement