ജയ്പൂര്‍: പ്രണയത്തിന് മുന്നില്‍ മതത്തിവും രാഷ്ട്രവും ജോലിയുമൊന്നും തടസമായില്ല. നാലു ദിവസം മുമ്പത്തെ പരിജയം വിവാഹത്തിലെത്തിയപ്പോള്‍ കമിതാക്കള്‍ക്ക് ആഹ്ലാദം. അമേരിക്കയില്‍ നിന്നെത്തിയ വിനോദസഞ്ചാരിയായ യുവതിക്ക് കാമുകനായ ജയ്പൂരിലെ ഓട്ടോ ഡ്രൈവറാണ് താലി ചാര്‍ത്തിയത്. ആര്യസമാജ ക്ഷേത്രത്തിലാണ് വിവാഹചടങ്ങ് നടന്നത്.

ഓട്ടോ ഡ്രൈവറായ ഹരീഷ് കുമാറും ടൂറിസ്റ്റായെത്തിയ വൈറ്റ്‌നി സ്റ്റാള്‍ക്കറും ജയ്പൂരില്‍ വെച്ച് നാല് ദിവസം മുമ്പ് മാത്രമാണ് കണ്ടുമുട്ടിയത്.’എന്നോടൊപ്പം ഒരു ചായ കുടിക്കാന്‍ ഞാന്‍ അവരെ ക്ഷണിക്കുകയായിരുന്നു. അതിന് ശേഷം ഞാന്‍ അവരുമായി ജയ്പൂര്‍ നഗരം ചുറ്റി. യാത്രാവേളയില്‍ ഞങ്ങള്‍ പരസ്പരം മനസുതുറന്നു പ്രണയബദ്ധരായി. വിവാഹവും പെട്ടെന്ന് നടത്താന്‍ തീരുമാനിച്ചു-ഹരീഷ് പറഞ്ഞു.

‘അദ്ദേഹം വളരെ മിടുക്കനാണ്. സുന്ദരനും ബുദ്ധിമാനും. എന്നോട് വളരെ നന്നായി പെരുമാറുന്നു’ വൈറ്റ്‌നി തന്റെ സന്തോഷം മറച്ചുവെച്ചില്ല. ഏതായാലും ഹിന്ദിയറിയാത്ത വിദേശിയായ മരുമകള്‍ക്ക് ഭാഷാ പരിജ്ഞാനം നല്‍കാനുള്ള തയാറെടുപ്പിലാണ് ഹരീഷിന്റെ അമ്മ പുഷ്പാദേവി. അമേരിക്കയില്‍ മധുവിധു ആഘോഷിച്ച് മടങ്ങിവന്ന ശേഷം വൈറ്റ്‌നിക്ക് ഹിന്ദി പഠനം തുടങ്ങാമെന്ന ചിന്തയിലാണ് പുഷ്പാ ദേവി.