Administrator
Administrator
മൂന്നാര്‍ ‘സിഹം’ തിരിച്ചു വരുന്നു
Administrator
Sunday 6th September 2009 2:36pm

suresh-kumar-k-ias-rwതിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘത്തിന്റെ തലവനായിരുന്ന കെ സുരേഷ്‌കുമാര്‍ ഐ.എ.എസിനെ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ നടപടി. ഇതു സംബന്ധിച്ച ഉത്തരവില്‍ ഇന്നലെ വി എസ് ഒപ്പുവെച്ചു. എന്നാല്‍ എവിടെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ചീഫ് സെക്രട്ടറി അധ്യക്ഷയായ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം. അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം ആറു മാസം കഴിഞ്ഞാല്‍ സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ സ്വമേധയാ റദ്ദാക്കപ്പെടും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ തന്നെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അല്ലാത്തപക്ഷം കേന്ദ്ര ഉത്തരവിന്റെ പിന്‍ബലത്തില്‍ സുരേഷ് കുമാറിനു തിങ്കളാഴ്ച സര്‍വീസില്‍ പ്രവേശിക്കാനാകുമായിരുന്നു. നേരത്തെ വി.എസ് ഇടപെട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സി.പി.ഐ.എമ്മിന്റെ ശക്തമായ എതിര്‍പ്പ് കാരണം ഉത്തരവിറങ്ങിയിരുന്നില്ല.

അടിയന്തരമായി സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ചേര്‍ന്നാണ് തിരിച്ചെടുക്കാന്‍ തീരുമാനമെടുത്തത്. ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറുമാസത്തില്‍ കൂടുതല്‍ അച്ചടക്കനടപടിയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു മതിയായ കാരണം വേണം. മാത്രമല്ല വരുന്ന മന്ത്രിസഭാ യോഗത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ കാര്‍ഷിക വികസന ബാങ്ക് എംഡി ആയിരിക്കേ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയതിന് സുരേഷ് കുമാറിനെതിരേ നടപടി സ്വീകരികണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്നാണ് ആഭ്യന്തര മന്ത്രിയുടെ ആവശ്യം. ഇതേക്കുറിച്ച് മന്ത്രിസഭ ഉടന്‍ തീരുമാനമെടുക്കും.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയും മൂന്നാര്‍ ദൗത്യസംഘം തലവനുമായിരുന്ന സുരേഷ്‌കുമാറിനെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എം.ഡിയായിരിക്കെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രനും രാഷ്ട്രീയകാര്യ സെക്രട്ടറി എന്‍. ബാലഗോപാലും ചേര്‍ന്ന് ഫയലുകള്‍ പൂഴ്ത്തിയെന്നാരോപിച്ചതിനെ തുടര്‍ന്നായിരുന്നുസസ്‌പെന്‍ഷന്‍. തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ്‌സെക്രട്ടറിക്കു സുരേഷ്‌കുമാര്‍ നിവേദനം നല്‍കിയിരുന്നു.

വി എസുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാര്‍. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ തന്നെ സുരേഷ്‌കുമാര്‍ സി.പി.ഐ.എമ്മിന്റെ കണ്ണിലെ കരടായിരുന്നു. പിന്നീട് മൂന്നാര്‍ ദൗത്യസംഘം തലവനായി നിയോഗിക്കപ്പെട്ടതോടെ എതിര്‍പ്പ ശക്തമായി. മൂന്നാറില്‍ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള സുരേഷ്‌കുമാറിന്റെ ശ്രമങ്ങളാണ് വിനയായത്. ഇതോടൊപ്പം സി.പി.ഐ.എമ്മും സി.പി.ഐയും ഭൂമി കയ്യേറിയതായി അദ്ദേഹം കണ്ടെത്തി. ഇത് ഒഴിപ്പിക്കാനുള്ള ശ്രമം ശക്തമായ എതിര്‍പ്പിനിടയാക്കുകയായിരുന്നു. പോലീസ് ഓഫീസറായിരുന്ന ഋഷിരാജ് സിങ്, ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണ സ്വാമി എന്നിവരായിരുന്നു ദൗത്യ സംഘത്തിലുണ്ടായിരുന്നത്. വി എസിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ഒടുവില്‍ സുരേഷ്‌കുമാറിനെ ദൗത്യ സംഘം തലവന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഈ ദൗത്യ സംഘത്തെ തന്നെ പിരിച്ചുവിടുകയും മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ നിലക്കുകയും ചെയ്തു.

Advertisement