pinarayiകൊച്ചി: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ ഏഴാം പ്രതിയായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായി വിജയന്‍ വ്യാഴാഴ്ച സി.ബി.ഐയുടെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകില്ല. ദേഹാസ്വാസ്ഥ്യം മൂലമാണ് ഹാജരാകാന്‍ കഴിയാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.പിണറായി വിജയനുള്‍പ്പെടയുള്ള പ്രതികള്‍ ഇന്നു ഹാജരായി ജാമ്യമെടുക്കേണ്ടിയിരുന്നു.പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും തുടര്‍നടപടികള്‍ക്കുമായി എല്ലാ പ്രതികളോടും ഇന്നു ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

വെര്‍ട്ടിഗോ രോഗത്തിനുള്ള ചികിത്സക്കായി ചൊവ്വാഴ്ചയാണു പിണറായി ചെന്നൈയ്ക്കു പോയത്. രോഗം കാരണം 25 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി
ഏതാനും ദിവസം മുന്‍പ് അറിയിപ്പുണ്ടായിരുന്നു. തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു മൂന്നാഴ്ച മുന്‍പു പിണറായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്റെ ഏറ്റക്കുറച്ചില്‍ മൂലമുണ്ടാകുന്ന വെര്‍ട്ടിഗോ രോഗമാണ് അദ്ദേഹത്തിനെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

വൈദ്യുതിവകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, എസ്എന്‍സി ലാവ്‌ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെന്‍ഡല്‍, ഊര്‍ജവകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി എന്നിവരാണു മറ്റു പ്രതികള്‍.

അതേ സമയം ലാവലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലോഡ് ട്രയന്റിനുള്ള സമന്‍സ് കൈമാറാനായി്ട്ടില്ല.ക്ലോഡ് ട്രയന്റിനും കമ്പനിക്കുമുള്ള സമന്‍സ് ഇന്റര്‍പോള്‍ വഴിയാണ് കൈമാറേണ്ടത്. ക്ലോഡ് ട്രയന്റ് ഇപ്പോള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ വൈസ് പ്രസിഡന്റുസ്ഥാനം നേരെത്തെ അദ്ദേഹം ഒഴിഞ്ഞിരുന്നു.ഇവര്‍ക്ക് സമന്‍സ് കൈമാറനാവത്തത് വിചാരണ ആരംഭിക്കാന്‍ തടസ്സങ്ങളുണ്ടാക്കും.

മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍, മുന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗം ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതിസ്ഥാനത്തുനിന്ന് ഇവരെ സി.ബി.ഐ നേരെത്തെ ഒഴിവാക്കിയിരുന്നു. സി.ബി.ഐ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥിന്റെ ഉത്തരവ് പ്രകാരം കാര്‍ത്തികേയനെ സി.ബി.ഐ രണ്ടുതവണ വീണ്ടും ചോദ്യംചെയ്തിരുന്നു. ഇതിന്റെ പുതിയ വിവരങ്ങള്‍ സി.ബി.ഐ കോടതിയെ അറിയിക്കും.

സംസ്ഥാന സര്‍ക്കാരിനു 100 കോടി രൂപയോളം നഷ്ടപ്പെടുത്തിയ ലാവലിന്‍ അഴിമതി കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി വകുപ്പ് അനുസരിച്ചു കുറ്റകരമായ ഗൂഢാലോചന, 420-ാം വകുപ്പ് അനുസരിച്ചു വഞ്ചന, അഴിമതി നിരോധന നിയമത്തിലെ 13 (ഒന്ന്) വകുപ്പ് അനുസരിച്ച് ഔദ്യോഗികപദവി ദുരുപയോഗം ചെയ്യല്‍, അധികാര ദുര്‍വിനിയോഗത്തിലൂടെ ബോര്‍ഡിനു നഷ്ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.