ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പായില്ല.

manipur_protest-rw2009 ജൂലൈ 23, മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ടൗണിലെ മരുന്നുകടക്കുള്ളില്‍ വെച്ച് സഞ്ജിത്ത് എന്ന 22 കാരനെ കമാണ്ടോ പോലീസ് വെടിവെച്ച് കൊല്ലുന്നു. അതിനടുത്തായി രബീണാ ദേവിയെന്ന ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. രബീണയുടെ കൊലയാളി മുന്‍ പീപ്പിള്‍സ് ലിബറേഷന്‍ പ്രവര്‍ത്തകനായ സഞ്ജിത്താണെന്ന് പോലിസ് പറയുന്നു. രഞ്ജിത്തില്‍ നിന്ന് കണ്ടെടുത്തതായി പറയുന്ന ഒമ്പത് എം.എം തോക്ക് പോലിസ് പ്രദര്‍ശിപ്പിക്കുന്നു. ഇതുപയോഗിച്ചാണ് രബീണാ ദേവിയെ ഇയാള്‍ കൊലപ്പെടുത്തിയതെന്നും ഇതെ തുടര്‍ന്ന് സഞ്ജിത്തിനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലിസ് റിപ്പോര്‍ട്ട്.

കണ്ടെത്തിയ തോക്കില്‍ സഞ്ജിത്തിന്റെ വിരലടയാളമുണ്ടോയെന്ന് ആരും അന്വേഷിച്ചില്ല. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയുമുണ്ടായില്ല. കൊല്ലപ്പെടുമ്പോള്‍ രബീണാ ദേവിയുടെ രണ്ടു വയസ് പ്രായമായ കുഞ്ഞും കൂടെയുണ്ടായിരുന്നു. ഇംഫ്‌ലാലെ ഇമാ മാര്‍ക്കറ്റിലുള്ളവര്‍ക്കെല്ലാം അറിയാം രബീണയെ സൈന്യം കൊലപ്പെടുത്തിയതാണെന്ന്. പക്ഷെ സര്‍ക്കാര്‍ അത് അംഗീകരിക്കില്ല.

അതിസാഹസികമായി തീവ്രവാദിയെ കൊലപ്പെടുത്തയതിന് പോീസ് കമാണ്ടോകളെ പ്രശംസിച്ചുകൊണ്ട് മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങിന്റെ പ്രസ്താവന വരുന്നു. പ്രതിപക്ഷം ഈ പ്രസ്താവന തൊണ്ട തൊടാതെ വിഴുങ്ങുന്നു. പക്ഷെ ജനം ഈ കഥ വിശ്വസിച്ചില്ല. സഞ്ജയ് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ചിത്രങ്ങള്‍ പിന്നീട് പുറത്ത് വന്നു. സൈനികര്‍ക്ക് തൊട്ടടുത്ത് സഞ്ജയ് നില്‍ക്കുന്ന ദൃശ്യങ്ങള്‍. ഏറ്റുമുട്ടലിന്റെ യാതൊരു ദൃശ്യവും അവിടെയുണ്ടായിരുന്നില്ല. കടക്കുള്ളിലേക്കു കയറിയ സഞ്ജയുടെ മൃതദേഹമാണ് പിന്നീട് പുറത്ത് വരുന്നത്.

മനോരമ ദേവിയെന്ന യുവതിയെ സൈന്യം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂര്‍ സത്രീകള്‍ നഗ്നകളായി സമരം നടത്തി ലോകത്തെ ഞെട്ടിച്ചത് 2004ല്‍ ആണ്. മണിപ്പൂരില്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനം നടക്കുമ്പോള്‍ ഉറങ്ങിക്കിടന്ന ജനതയെ ഉണര്‍ത്താന്‍ അവര്‍ക്ക് തുണിയുരിയേണ്ടി വന്നു. പിന്നീട് മണിപ്പൂര്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. അങ്ങനെയാണ് സര്‍ക്കാര്‍ ഇക്കാര്യമന്വേഷിക്കാന്‍ റിട്ട ജഡ്ജ് ഉപേന്ദ്ര സിംങിനെ നിയമിച്ചത്. 1996നും 2007നും നടന്ന 12 കൊലപാതകങ്ങളില്‍ സൈന്യം സംശയാതീതമായ പ്രതിക്കൂട്ടിലാണെന്നും ഉത്തരവാദികള്‍ക്കെതിരെ അടിയന്തര നടപടികളെടുക്കണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് ശിപാര്‍ശ ചെയ്തു. എന്നാല്‍ ഇത് നടപ്പായില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് വിസ്മരിക്കപ്പെട്ടു.

‘കൊലപ്പെടുത്തുന്നതിന് മുമ്പ് തന്റെ മകന്‍ ജീവന് വേണ്ടി അവരോട് യാജിച്ചിരുന്നു. പല വീടുകളിലും അവന്‍ അഭയം തേടിയെങ്കിലും മണിപ്പൂര്‍ പോലീസ് അവനെ കൊലപ്പെടുത്തി’. 2008 മാര്‍ച്ച് 29ന് കൊല്ലപ്പെട്ട ലോങ്ജാം എന്ന യുവാവിന്റെ മാതാവ് മീനാ ദേവി പറയുന്നു. ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യുട്ടീവായിരുന്ന ലോങ്ജാം കൊല്ലപ്പെട്ട ശേഷം ഇയാളില്‍ നിന്ന് തോക്കും 1.5 ലക്ഷം രൂപയും കണ്ടെടുത്തതായും പോലീസ് പറയുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കുടുംബങ്ങള്‍ക്ക് ലഭിച്ചില്ല. മനുഷ്യാവകാശ സംഘടനകള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.

രാഷ്ട്രം സ്വന്തം ജനതയുടെ ശത്രുക്കളാകുന്നതെങ്ങനെയെന്ന് മണിപ്പൂര്‍ പറഞ്ഞു തരുന്നു. 1949 ഒക്ടോബര്‍ 15 മുതല്‍ മണിപ്പൂര്‍ ജനതയെ അവിടെ വിന്യസിക്കപ്പെട്ട സൈന്യം വേട്ടയാടുകയാണ്. റോഡുകളും അങ്ങാടികളുമെല്ലാം പുക പറക്കുന്ന തോക്കിന്‍ മുനയാല്‍ നിയന്ത്രിക്കപ്പെടുന്നു. തീവ്രവാദികളെ അടിച്ചമര്‍ത്താനെന്ന പേരില്‍ വിന്യസിക്കപ്പെട്ട സൈന്യം സാധാരണക്കാരുടെ ജീവനെടുക്കുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. അമിതാധികാരത്തോടെ വിന്യസിക്കപ്പെട്ട സൈന്യത്തെ ചോദ്യം ചെയ്യുമ്പോള്‍ ഏറ്റമുട്ടലുകളുണ്ടാകുന്നു. 2006ല്‍ ഏറ്റുമുട്ടലുകളില്‍ 96 സിവിലിയന്‍മാരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. 2007ല്‍ 30ഉം 2008ല്‍ 136 പേരും കൊല്ലപ്പെട്ടു. കൂടുതല്‍ ഏറ്റമുട്ടലുകളും വ്യാജമാണെന്നും സാധാരണക്കാരെ പോലീസ് വെടിവെച്ച് കൊല്ലുകയാണെന്നും ജനങ്ങള്‍ പറയുന്നു. എന്നാല്‍ തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൈന്യവും സര്‍ക്കാറും പറയുന്നത്. ഏത് നിമിഷവും മണിപ്പൂരില്‍ തെരുവ് യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാം. നിരപരാധികള്‍ വെടിയേറ്റ് പിടഞ്ഞേക്കാം. എന്നാല്‍ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് എന്ത് അധികാരമെന്നാണ് പോലീസ് ഡി.ജി.പി വൈ ജോയ് കുമാര്‍ പറയുന്നത്.

തീവ്രവാദികളെ നേരിടാനെന്ന പേരില്‍ മണിപ്പൂരില്‍ സര്‍ക്കാര്‍ പ്രത്യേക അധികാരത്തോടെ വിന്യസിച്ച പോലീസിനെയും സൈന്യത്തെയും വിന്‍വലിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല.