Categories

‘ഭീകര കൗണ്‍സിലെ’ന്ന് വിമര്‍ശം

യു എന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ഗദ്ദാഫി

gaddafi-in-un

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ നിലവിലുള്ള അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ലിബിയന്‍ പ്രസിഡണ്ട് കേണല്‍ ഗദ്ദാഫിയുടെ രൂക്ഷ വിമര്‍ശനം. അനുയോജ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ ശാക്തിക സംവിധാനമാണ് യു എന്‍ പിന്തടുരുന്നതെന്നും യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യു എന്‍ ഭരണഘടനയുടെ മുഖവുരയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാണിച്ചായിരുന്നു ഗദ്ദാഫിയുടെ പ്രസംഗം.’ രാജ്യം ചെറുതെന്നോ വലുതെന്നോ കണക്കാക്കാതെ തുല്യ പരിഗണന നല്‍കണമെന്ന് യു എന്‍ ഭരണഘടനയില്‍ പറയുന്നുണ്ട്. രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുമ്പോള്‍ ഈ തുല്യത പാലിക്കാന്‍ കഴിയണം. എന്നാല്‍ ഇവിടെ സമത്വമില്ല. വീറ്റോ അധികാരത്തിന് മറ്റു രാഷ്ട്രങ്ങള്‍ക്കും അധികാരം ലഭിക്കണം’ ഗദ്ദാഫി പറഞ്ഞു.

ഐക്യരാഷ്ട്ര സഭ സ്ഥാപിച്ചതിന് ശേഷമാണ് നിരവധി യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇത് ലോകത്തിന്റെ താല്‍പര്യം സംരക്ഷിക്കാനായിരുന്നില്ല. നാലോ അഞ്ചോ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളായിരുന്നു ഇതിന് പിന്നില്‍. ഈ യുദ്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാകണം. കൊറിയന്‍ യുദ്ധം, സൂയസ് കനാലിന്റെ പേരില്‍ നടന്ന യുദ്ധം, വിയറ്റ്‌നാം യുദ്ധം, ഇറാഖിനെതിരെ നടത്തിയ രണ്ട് യുദ്ധങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കണം. ജനാധിപത്യം എന്നത് പണക്കാരന്റെയും വലിയ രാജ്യങ്ങളുടെയും മാത്രം സൗകര്യമാവരുത്. എല്ലാരാജ്യങ്ങള്‍ക്കും തുല്യാവകാശം വേണം. എല്ലാ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കിക്കൊണ്ടേ ഇത് സാധ്യമാകൂ. ഇപ്പോഴുള്ളത് രാഷ്ട്രീയ ഫ്യൂഡലിസമാണ്. ഇതിനെ സുരക്ഷാ കൗണ്‍സില്‍ എന്നല്ല വിളിക്കേണ്ടത്. ഇതിനെ വിളിക്കേണ്ടത് ഭീകര കൗണ്‍സില്‍ എന്നാണ്’.- ഗദ്ദാഫി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ പ്രസംഗത്തിന് തൊട്ട് പിന്നാലെയായിരുന്നു ഗദ്ദാഫിയുടെ പ്രസംഗം.

ലോകത്ത് ശക്തരായ രാജ്യങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സുരക്ഷാ കൗണ്‍സിലിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീതി വിതച്ച് കൊണ്ടിരിക്കുന്ന പന്നിപ്പനിയുടെ അണുക്കള്‍ ലബോറട്ടറിയില്‍ നിന്ന് വികസിപ്പിച്ചെടുത്ത കോര്‍പറേറ്റ് സൈനികായുധമാണെന്നും അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ ‘തങ്ങളുടെ മകന്‍’ എന്നാണ് ഗദ്ദാഫി അഭിസംബോധന ചെയ്തത്. ഒബാമ അധികാരത്തിലേറിയതില്‍ ഏരെ സന്തോഷിക്കുന്നുണ്ടെന്നും എന്നാല്‍ ഒബാമ യുഗത്തിനു ശേഷം അമേരിക്ക പഴയ കാലത്തിലേക്ക് തിരിച്ചുപൊകുമെന്ന് ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.