vsachudanandan-rw-15

മാഫിയകളെ തളക്കുന്നതില്‍ പോലീസ് പരാജയം: വി എസ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരിയെ വേദിയിലിരുത്തി സംസ്ഥാന പോലീസിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് ബ്ലേഡ്, റിയല്‍ എസ്‌റ്റേറ്റ് മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് പരാജയപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു. മോഷണവും പിടിച്ചുപറിയും കുറയുന്നില്ല. സൈബര്‍ കുറ്റകൃത്യം വ്യാപകമാണ്. പാടില്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നു. കൈക്കൂലി വാങ്ങുന്ന ഒരു വിഭാഗം പൊലീസുകാര്‍ സേനയുടെ പേരിന് കളങ്കം വരുത്തുന്നുണ്ട്.

‘ഹലോ കേരള പൊലീസ് പദ്ധതി ഉദ്ഘാടനപ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുറ്റവാളികളെ പിടിക്കുന്നതിനേക്കാള്‍ കുറ്റകൃത്യം തടയുന്നതിലാണു പൊലീസ് സാമര്‍ഥ്യം തെളിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി സഹകരിച്ചാലേ കുറ്റകൃത്യം തടയാന്‍ കഴിയൂ. അതിനു ജനങ്ങളുമായി അടുത്ത ബന്ധം ആവശ്യമാണ്.

ചെറിയ വിഭാഗം പൊലീസുകാര്‍ ഇപ്പോഴും കൈക്കൂലി വാങ്ങുന്നുണ്ട്. കുറെ പൊലീസുകാര്‍ നീതിപൂര്‍വം പെരുമാറുന്നില്ല. ഇത്തരം പോലീസുകാരാണ് സേനക്കു കളങ്കമുണ്ടാക്കുന്നത്. ഇവരെ കണ്ടെത്തി സേനയില്‍ നിന്ന് ഒഴിവാക്കണം. കേരളത്തിലെ വികസനം തുരങ്കംവക്കാനാണു ക്രമസമാധാനം തകര്‍ന്നുവെന്ന പ്രചാരണം. ഇത്തരം പ്രചാരണം നടത്തുന്നവര്‍ മൂന്നു വര്‍ഷം മുന്‍പത്തെ സ്ഥിതി കൂടി ഓര്‍ക്കണം.

ഹലോ കേരള പൊലീസ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ക്രമസമാധാന ചുമതലയിലുള്ള 15,222 പൊലീസുകാര്‍ക്കാണു ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് നല്‍കുന്നതെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ബറ്റാലിയന്‍ വിഭാഗങ്ങളിലെ പൊലീസുകാര്‍ക്കും സിം കാര്‍ഡ് നല്‍കും. ഫോറന്‍സിക് ലാബില്‍ 24 ശാസ്ത്രജ്ഞരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവായി. കേരളത്തില്‍ നാര്‍കോ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.