Categories

ഫലസ്തീന്‍-ഇസ്രായേല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണം: ഒബാമ

obama-rwന്യൂയോര്‍ക്ക്: തടസപ്പെട്ട് കിടക്കുന്ന പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോടും ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭക്കിടെ ഇരുനേതാക്കളുമായും ഒരുമിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുനേതാക്കളുമായും വെവ്വേറെ ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൂവരും ഒരുമിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. മൂന്നു നേതാക്കളും മുഖാമുഖം ചര്‍ച്ച നടത്തുന്നത് ആദ്യമാണ്.

യു.എസ്. നയതന്ത്രപ്രതിനിധി ജോര്‍ജ് മിച്ചല്‍ ഇരുനേതാക്കളുമായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംയുക്ത ചര്‍ച്ച പ്രഖ്യാപിച്ചത്. ഗാസയിലെ ഇസ്രായേല്‍ അതിക്രമത്തെത്തുടര്‍ന്ന് സമാധാനചര്‍ച്ച വഴിമുട്ടിനില്‍ക്കുന്ന അവസരത്തിലാണ് ഒബാമ ആതിഥേയത്വവുമായി മുന്നോട്ടുവന്നത്. നേരത്തെ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത നിര്‍മ്മാണം നിര്‍ത്തിവെച്ചാലേ ചര്‍ച്ചക്ക് തയ്യാറാവുകയുള്ളൂവെന്നായിരുന്നു മെഹ്മൂദ് അബ്ബാസ് നേരത്തെ വ്യക്തമാക്കിയത്.

2008ല്‍ രൂപം നല്‍കിയ അതിര്‍ത്തി നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്ന് മെഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. നിയമവിരുദ്ധമായി ഇസ്രായേല്‍ നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പ്രവര്‍ത്തനം അമേരിക്കന്‍ ഭരണകൂടം വിലിയിരുത്തുമെന്നും സമാധാന ചര്‍ച്ചകളുടെ സാധ്യതകള്‍ അവര്‍ പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അബ്ബാസ് വ്യക്തമാക്കി. ഉപാധികളൊന്നുമില്ലാതെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചക്കു ധാരണയായതായി ഇസ്രായേല്‍ പ്രസിഡണ്ട് നെതാന്യാഹു വ്യക്തമാക്കി.

ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടത്തുന്ന നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് യു എസ് നയതന്ത്ര പ്രതിനിധി ജോര്‍ജ് മിച്ചല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചകളെ ഹമാസ് തള്ളിക്കളഞ്ഞു. ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്ത അമേരിക്കക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന കരുതുന്നില്ല. ഇസ്രായേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.