Categories

അനര്‍ട്ടില്‍ ധൂര്‍ത്തും ക്രമക്കേടും: പി.സി.ജോര്‍ജ്

pcjo-rwതിരുവനന്തപുരം: സര്‍ക്കാരിന്റെ സമ്പൂര്‍ണ ഊര്‍ജ സുരക്ഷാ പദ്ധതിയില്‍ കോടികളുടെ അഴിമതിയും ധൂര്‍ത്തും നടക്കുകയാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ.പദ്ധതി സൂപ്പര്‍ ഡയറക്ടര്‍മാര്‍ ചമയുന്ന രണ്ട് ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍ ഹൈജാക്ക് ചെയ്ത് വ്യാപകമായ ക്രമക്കേടുകള്‍ നടത്തി വരികയാണ്.അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും ഇവര്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് സി.പി.നാരായണന്റെയും പി.വി.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ പഞ്ചായത്തുകളില്‍ നിന്ന് പിരിച്ചെടുത്തിട്ടും ഒരു പുകയില്ലാത്ത അടുപ്പുപോലും വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്ര അംഗീകാരമില്ലാത്ത ഊര്‍ജ സുരക്ഷാ മിഷന് അതുണ്ടെന്നു പറഞ്ഞാണ് 29.47 കോടി രൂപ ഇവര്‍ ത്രിതല പഞ്ചായത്തുകളില്‍ നിന്ന് പിരിച്ചെടുത്തത്.പിരിച്ചെടുത്ത തുക മുഴുവന്‍ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന മന്ത്രി എ.കെ.ബാലനും ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്.ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് കോടതിയേയും സമീപിക്കും.
വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ പദ്ധതിയുടെ കണ്‍വീനറായി നിയമിച്ച് ഉത്തരവിറക്കുകയും ഉണ്ണികൃഷ്ണന്റെ ഭാര്യ റെസ്സി ജോര്‍ജിനെ അനര്‍ട്ടില്‍ പബ്ലിസിറ്റി അസിസ്റ്റന്റായി നിയമിക്കുകയും ചെയ്തു. സ്ഥാപനത്തിലെ ഭരണപരമായ കാര്യങ്ങളിലും ധനകാര്യത്തിലും ഇവര്‍ അനധികൃതമായി ഉത്തരവിറക്കുകയാണ്. ഇതുവരെ പദ്ധതിക്കായി മുടക്കിയ നാലുകോടി രൂപ ജീവനക്കാര്‍ക്കുള്ള ശമ്പളം, അലവന്‍സുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവക്കാണ് ചെലവഴിച്ചത്. പിരിച്ചെടുത്ത ഫണ്ടിന്റെ പേരില്‍ പല പഞ്ചായത്തുകളോടും ഓഡിറ്റ് വിഭാഗം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും അത് ലഭിക്കാത്തതിനാല്‍ അവര്‍ വെട്ടിലാവുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഞങ്ങള്‍ മോഷ്ടിക്കും നിങ്ങള്‍ അന്വേഷിച്ചോ എന്ന നിലപാടാണ് ഇടതുമുന്നണിക്കുള്ളതെന്നും ജോര്‍ജ് പറഞ്ഞു.

Comments are closed.