Administrator
Administrator
നീലകണ്ഠന്റെ ഹരജിയില്‍ പിണറായിക്ക് നോട്ടീസ്
Administrator
Wednesday 23rd September 2009 12:36am

cr-neelakandan-rwകൊച്ചി: കെല്‍ട്രോണ്‍ ജീവനക്കാരനായ സി.ആര്‍ നീലകണ്ഠനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ ഹരജിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യവസായ മന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി എന്‍. ശശീധരന്‍ നായര്‍ക്കും ഹൈക്കോടതി നോട്ടിസയച്ചു. തന്നെ സ്ഥലം മാറ്റത്തിയതിനു പിന്നില്‍ ഇവരാണന്നും കേസില്‍ ഇരുവരേയും കക്ഷി ചേര്‍ക്കണമെന്നുമുള്ള നീലകണ്ഠന്റെ ഹരജിയിലാണ് നടപടി. രാഷ്ട്രീയ പരിഗണനകള്‍ നോക്കി ദുരുദ്ദേശ്യപരമായാണ് തന്നെ സ്ഥലംമാറ്റിയതെന്നാണ് നീലകണ്ഠന്‍ ഹരജിയില്‍ പറയുന്നത്.

ജോലിയില്‍ പ്രവേശിച്ചകാലം മുതല്‍ കഴിഞ്ഞ 28 വര്‍ഷമായി കൊച്ചി അരൂരിലെ കെല്‍ട്രോണ്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന നീലകണ്ഠനെ ജൂലൈ മാസം ഹൈദരബാദിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥലം മാറ്റം ആദ്യം കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നീലകണ്ഠന് ഹൈദരാബാദില്‍ ജോലിക്ക് ചേരാവുന്നതാണെന്നും അത് ഹര്‍ജിയിലെ വാദത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം വലതുപക്ഷ നിലപാടുകളെ തുറന്നെതിര്‍ക്കുന്ന നീലകണ്ഠന്‍ എസ്.എന്‍.സി ലാവലിന്‍ കേസിനെ സംബന്ധിക്കുന്ന നിരവധി വസ്തുതകള്‍ അടങ്ങിയ ‘ലാവലിന്‍ രേഖകളിലൂടെ’ എന്ന പുസ്തകം രചിച്ചിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്.

Advertisement