Categories

ആന്ധ്രയില്‍ അധികാര വടംവലി മുറുകുന്നു; ഒരാഴ്ച മൗനം പാലിക്കണമെന്ന് നേതൃത്വം

jagmohan_reddy_-rwഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈ.എസ്.രാജശേഖരറെഡ്ഡിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരാഴ്ചത്തെ ദുഖാചരണത്തിന് ശേഷമേയുള്ളൂവെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയെങ്കിലും അണിയറയില്‍ കരുനീക്കങ്ങള്‍ തകൃതി.

മുഖ്യമന്ത്രിസ്ഥാനത്തേക്കു വെ.എസ്.ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ശക്തമായി രംഗത്തുണ്ട്. നേരിട്ട് രംഗത്തിറക്കാതെ അണികളെ ഇറക്കിയാണ് ജഗന്‍മോഹന്റെ കളി. അനുയായികള്‍ നീക്കം ശക്തമാക്കിയതോടെ നേതൃത്വം ഇടപെടുകയായിരുന്നു. അതോടെ ജഗന് പിന്തുണ പ്രഖ്യാപിക്കാന്‍ ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം മാറ്റിവെച്ചു.

ജനപ്രതിനിധിയായി 100 ദിവസത്തെ മാത്രം പരിചയമുള്ള, മുപ്പത്താറുകാരനായ ജഗന്‍മോഹനെ സംസ്ഥാനത്തിന്റെ സാരഥ്യം ഏല്‍പിക്കുന്നതു ബുദ്ധിയല്ലെന്ന നിഗമനത്തിലാണു കേന്ദ്രനേതൃത്വം. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകാന്‍ ജഗന് കഴിയില്ലെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. നേരത്തെ ജഗനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതും തലവേദന സൃഷ്ടിച്ചേക്കും. ആശ്വാസ നടപടിയായി ജഗനെ മന്ത്രി സഭയിലുള്‍പ്പെടുത്താമെന്ന ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ശക്തമായ ജഗന്‍ തരംഗത്തെ മറി കടക്കണമെങ്കില്‍ നേതൃത്വത്തിന് ഏറെ വിയര്‍ക്കേണ്ടി വരും. ഇപ്പോള്‍ താല്‍ക്കാലിക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത റോസയ്യയും മറ്റ് മുതിര്‍ന്ന നേതാക്കളും ജഗനെ അംഗീകരിക്കുന്നില്ല.

കോണ്‍ഗ്രസിന്റെ 154 എംഎല്‍എമാരില്‍ 148 പേരും ജഗനെ പിന്തുണക്കുന്നവരാണെന്ന് പാര്‍ട്ടി ചീഫ് വിപ് മല്ലു ബാട്ടി വിക്രമര്‍ക വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമറിയിച്ച് നൂറിലേറെപ്പേര്‍ ഒപ്പിട്ട നിവേദനം സോണിയ ഗാന്ധിക്കു കൈമാറിയിട്ടുമുണ്ട്.

എന്നാല്‍ ജഗനുവേണ്ടിയുള്ള പ്രചാരണങ്ങളൊന്നും ഒരാഴ്ചത്തേക്കു നടത്തരുതെന്നു വിക്രമര്‍കയോടു സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എം. വീരപ്പ മൊയ്‌ലി നേരിട്ടു നിര്‍ദേശിച്ചതായാണു സൂചന. യോഗങ്ങളൊന്നും ചേരാന്‍ പാടില്ല. ദുഃഖാചരണവേളയില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തില്ല. ഇതു കഴിഞ്ഞശേഷം മാത്രം പിന്‍ഗാമിയെക്കുറിച്ച് ആലോചനയാവാം എന്നാണു മൊയ്‌ലി വ്യക്തമാക്കിയത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി അണിയറയില്‍ ശക്തമായ ചരടുവലികള്‍ നടക്കുന്നുണ്ട്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിമാരായ ജയ്പാല്‍റെഡ്ഢി, പുരന്ദരേശ്വരി, എ.പി.സി.സി. അധ്യക്ഷന്‍ ഡി. ശ്രീനിവാസ്, സോണിയ കുടുംബത്തിന്റെ അടുപ്പക്കാരനായ വി. ഹനുമന്തറാവു, സംസ്ഥാന മന്ത്രിമാരായ ഡി. പ്രസാദറാവു, എന്‍. രഘുവീരറെഡ്ഢി തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പൂര്‍ണ പിന്തുണയില്ലെന്നത് ഇവരെ കുഴക്കുന്നുണ്ട്. യാഥാര്‍ഥ്യം. സോണിയയുടെ വിശ്വസ്തരായി അറിയപ്പെടുന്ന മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൗധരി, മുന്‍ സ്പീക്കര്‍ സുരേഷ് റെഡ്ഢി തുടങ്ങിയവരും ഹൈക്കമാന്‍ഡിനെ സമീപിച്ചതായി അറിയുന്നു.

നിലവിലുള്ള സാഹചര്യത്തില്‍ ദശാബ്ദങ്ങളുടെ ഭരണപരിചയമുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ കെ. റോസയ്യയെത്തന്നെ ഒരു വര്‍ഷത്തേക്കുകൂടി മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കാനും സാധ്യതയുണ്ട്. പ്രായവും ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെന്നതുമാണ് അദ്ദേഹത്തിന്റെ പ്രതികൂല ഘടകങ്ങള്‍. എം.എല്‍.സിയായാണ് അദ്ദേഹം ഇപ്പോള്‍ സഭയിലുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.