syed_yusuf_raza_gilani-rwഇസ്‌ലാമാബാദ്: ദക്ഷിണേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതിനായി കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ മുന്നോട്ടു വരണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. ‘കാശ്മീര്‍ പ്രശ്‌നം സമാധാനപരമായി അവസാനിപ്പിക്കണമെന്നാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അതിനായി ഇന്ത്യയെ ചര്‍ച്ചക്ക് ക്ഷണിക്കുന്നു’. ഗീലാനി പറഞ്ഞു. കശ്മീര്‍ നേതാക്കള്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീര്‍ ജനതയുടെ ആഗ്രഹത്തിനൊത്ത് പ്രശ്‌നം പരിഹരിക്കാതെ മേഖലയില്‍ സമാധാനം കൊണ്ട് വരാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീര്‍ പ്രശ്‌നം പാകിസ്ഥാന്‍ വിദേശ നയത്തിന്റെ ആണിക്കല്ലാണ്. കാശ്മീര്‍ പാകിസ്ഥാന്റെ സിരാ ഞരമ്പാണെന്ന പാക് സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ അഭിപ്രായത്തില്‍ രാജ്യം ഉറച്ചു നില്‍ക്കുകയാണ്.

കശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഇതിനു ചര്‍ച്ചകള്‍ക്കായി ഇന്ത്യയെ പലവട്ടം ക്ഷണിച്ചതാണ്. എന്നാല്‍ ഇന്ത്യ വിഷയത്തില്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഷറം അല്‍ ഷെയ്ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ അറിയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാതെ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു- അദ്ദേഹം പറഞ്ഞു.

Subscribe Us:

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലാണ് ഗീലാനിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സഈദിനെതിരെ നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് പാകിസ്ഥാന്റെ വാദം. ഇക്കാര്യമുന്നയിച്ച ഇന്ത്യ അമേരിക്കയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഐക്യരാഷ്ട്ര പൊതുസഭയുടെ യോഗത്തിന്റെ ഭാഗമായി ഇന്ത്യ -പാക്ക് വിദേശകാര്യ മന്ത്രിമാര്‍ അടുത്തയാഴ്ച ചര്‍ച്ച നടത്താനിരിക്കുകയാണ്.