Administrator
Administrator
സി.പി.ഐ.എം: പി ബിയില്‍ ഇന്ന് തെറ്റുതിരുത്തല്‍ ചര്‍ച്ച
Administrator
Sunday 6th September 2009 10:34am

cpi-m-rwന്യൂദല്‍ഹി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സീറ്റൊഴിച്ചിട്ട് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ യോഗം ശനിയാഴ്ച ദല്‍ഹിയില്‍ തുടങ്ങി. വി എസിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ യോഗമാണിത്. അംഗങ്ങളുടെ ജീവിത ശൈലിയുള്‍പ്പെടെ പാര്‍ട്ടിയിലെ തെറ്റു തിരുത്തല്‍ ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇന്നലെ രാവിലെ പത്തുമണിക്കു തുടങ്ങിയ യോഗം വൈകിട്ട് ഏഴരയോടെയാണ് അവസാനിച്ചത്. പുതിയ യു.പി.എ. സര്‍ക്കാര്‍ രൂപവത്കരിച്ച ശേഷമുള്ള രാഷ്ട്രീയകാര്യങ്ങളാണ് ഇന്നലെ ചര്‍ച്ചക്കു വന്നത്.

ദേഹാസ്വാസ്ഥ്യം മൂലം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പി.ബി.യില്‍ പങ്കെടുക്കുന്നില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, സി.ഐ.ടി.യു. നേതാവ് എം.കെ. പാന്ഥെ എന്നിവരും പി.ബി.ക്കെത്തിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, ബിമാന്‍ ബോസ്, മണിക് സര്‍ക്കാര്‍, കെ.വരദരാജന്‍, ബി.വി.രാഘവുലു, വൃന്ദാകാരാട്ട്, മുഹമ്മദ് അമിന്‍, നിരുപം സെന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്.

പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ആര്‍ഭാട ജീവിതശൈലിക്കും അഴിമതിക്കും കടിഞ്ഞാണിടാനുള്ള നിര്‍ദേശങ്ങള്‍ തെറ്റു തിരുത്തല്‍ രേഖയിലുണ്ടാവുമെന്നാണ് കരുതുന്നത്. നേതാക്കളും പ്രവര്‍ത്തകരും പൊതുചടങ്ങുകളില്‍ പാലിക്കേണ്ട മര്യാദയേക്കുറിച്ചുള്ള പ്രത്യേക നിര്‍ദേശങ്ങളും രേഖയിലുണ്ടാകും. ഇന്ന് കരട് രൂപം തയ്യാറാക്കുന്ന രേഖ അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരത്തിനു വക്കും. 1996ല്‍ അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ കാലാനുസൃതമായി പരിഷ്‌കരിച്ചാണ് പുതിയ രേഖ തയാറാക്കുന്നത്.

സംഭാവന പിരിവ്, നേതാക്കളുടെ സ്വകാര്യജീവിതം, വിഷയങ്ങളെ സമീപിക്കേണ്ട രീതി തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ഓരോ ഘടകത്തിന്റെയും പ്രവര്‍ത്തന രീതി പുനര്‍നിര്‍വചിക്കും. പ്രയോഗത്തിലും പ്രവര്‍ത്തനത്തിലും പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുണ്ടാകും. വ്യതിയാനങ്ങള്‍ നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.

പാര്‍ട്ടി ഭരണത്തിലും പ്രവര്‍ത്തനത്തിലും പാലിക്കേണ്ട ശൈലികള്‍ സംബന്ധിച്ച് ഉദാഹരണങ്ങളിലും വിശദീകരണങ്ങളിലും കേരളത്തിലെ വിവാദ സംഭവങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.

Advertisement