Administrator
Administrator
കിടപ്പറ രംഗവും വില്‍പനക്ക് വെക്കാം; മാന്ദ്യ കാലത്തെ ജീവിതത്തെക്കുറിച്ച് മനോരമയുടെ രൂപരേഖ
Administrator
Sunday 20th September 2009 1:19pm

weekകാറുകള്‍ക്ക് പുറത്ത് പരസ്യം ചെയ്തും വീടുകളില്‍ ഹോംസ്‌റ്റേക്ക് സൗകര്യം ചെയ്തുകൊടുത്തും ഗര്‍ഭപാത്രം വാടകക്ക് കൊടുത്തും ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയും നിങ്ങള്‍ക്ക് പണമുണ്ടാക്കാം. ഇവിടെ ആദ്യം പറഞ്ഞ പരസ്യവും ഹോം സ്‌റ്റേയും വലിയ ചോദ്യങ്ങളുയര്‍ത്തുന്നില്ല. ഒരു കുഞ്ഞ് പിറക്കാനുള്ള ദമ്പതികളുടെ അടങ്ങാത്ത ആഗ്രഹത്തിനു മേല്‍ വാടകക്കുള്ള ഗര്‍ഭപാത്രവും സമ്മതിച്ചു കൊടുക്കാം. (ഇതു തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വരുമ്പോള്‍ രൂപം മാറുന്നു) എന്നാല്‍ കിടപ്പറ രംഗം പകര്‍ത്തി വിപണനം നടത്തി പണമുണ്ടാക്കാമെന്ന് മനോരമകുടുംബത്തിലെ സായിപ്പ് ഉപദേശിക്കുമ്പോള്‍ അപകടം മണക്കുന്നുണ്ട്. ആദ്യം പറഞ്ഞ രണ്ടിനുമൊപ്പം ശേഷമുള്ള രണ്ട് കാര്യങ്ങള്‍ ചേര്‍ത്ത് പറഞ്ഞ് അതിന് ഒരു സ്വീകാര്യത ഉണ്ടാക്കുകയായിരുന്നു ഒന്നാമത്തെ ലക്ഷ്യം. രണ്ടാമത്തെത് പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമാകേണ്ടതെന്നും അതിനുള്ള മാര്‍ഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പറഞ്ഞു തരിക.

Ads By Google

മാന്ദ്യകാലത്ത് പിടിച്ച് നില്‍ക്കാന്‍ കിടപ്പറ വില്‍ക്കണമെന്നത് കമ്പോളത്തിനനുസരിച്ച് ജീവിതം എത്രത്തോളം മാറ്റിയെടുക്കാമെന്നതിന്റെ അങ്ങേയറ്റമാണ്. മനോരമയുടെ ദി വീക്ക് വായനക്കാരെ പഠിപ്പിക്കുന്നത് അതാണ്. അതിനവര്‍ സുഖമുള്ള ഒരു പേരും പരിജയപ്പെടുത്തുന്നു സെല്‍ സ്യൂമര്‍. മുതലാളിത്തവും അതിന്റെ സാംസ്‌കാരികാപചയങ്ങളും ഒളിച്ചു കടത്താന്‍ മിടുക്കന്‍മാരാണ് തങ്ങളെന്ന് തെളിയിച്ചവരാണ് ഈ മാധ്യമ ശൃംഖല. പത്രത്തെ എതിര്‍ക്കുന്നവരെ അവര്‍ സമര്‍ഥമായി കുരുക്കിക്കളയും. എതിര്‍പ്പുകള്‍ വരെ ആയുധമാക്കാന്‍ കഴിവുള്ള തന്ത്രപരമായ ഇടപെടലാണ് അത് വായനാ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോളവത്കണത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ബലാത്സംഗത്തിന്റെ നല്ലവശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണെന്ന് പറയാറുണ്ട്. മുതലാളിത്തവും ആഗോളവത്കരണത്തെ കൂട്ട്പിടിച്ച് കെട്ടിപ്പൊക്കിയ കൃത്രിമ സാമ്പത്തിക മാപിനികളും മാന്ദ്യകാലത്ത് തകര്‍ന്നു വീണു. ഊഹക്കച്ചവടത്തിനും മാര്‍ക്കറ്റ് അധീശത്ത കമ്പോള വ്യവസ്ഥിതിക്കുമേറ്റ തിരിച്ചടി യഥാര്‍ഥത്തില്‍ മുതലാളിത്തത്തിനേറ്റ പ്രഹരമായിരുന്നു. ഈ തകര്‍ന്നുവീഴലില്‍പ്പെട്ട ആഗോള കമ്പോളത്തിന് രക്ഷപ്പെടാന്‍ ഇതാ ഇങ്ങിനെയും ഒരു വഴിയുണ്ടെന്നാണ് ഈ പത്രം പറഞ്ഞുതരുന്നത്.

മനോരമ നേരത്തെയും ഈ സാംസ്‌കാരിക ഇടപെടലിന് ശ്രമിച്ചിരുന്നു. അത് വരെ കേരളത്തിന്റെ അജണ്ടയിലില്ലാത്തത് അവരെ കൊണ്ട് ചര്‍ച്ച ചെയ്യിച്ചായിരുന്നു അതിന്റെ തുടക്കം. വാലന്റൈന്‍സ് ഡേയെക്കുറിച്ചും കൊച്ചിയിലെ വിദേശ നൃത്ത പരിശീലന കേന്ദ്രത്തെക്കുറിച്ചും കേരളത്തിലെ ബീച്ചുകളില്‍ പരസ്യ ചുംബനങ്ങള്‍ വ്യാപകമാവുന്നതിനെക്കുറിച്ചും അവര്‍ നേരത്തെ തന്നെ മലയാളിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേരളത്തില്‍ വരെ ഇതൊക്കെ സാര്‍വത്രികമായിക്കഴിഞ്ഞുവെന്നും പിന്നെ നിങ്ങള്‍ മാത്രമെന്തിന് നോക്കി നില്‍ക്കണമെന്നും മലയാളികളെ അവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സ്‌പോര്‍ട്‌സിലും സിനിമയിലും സംഗീതത്തിലും രാഷ്ട്രീയത്തില്‍വരെ ഇക്കിളി ഫോട്ടോകള്‍ കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.

പുതിയ ലക്കം വീക്കിന്റെ പുറം ചട്ട വായനക്കാരോട് പറയുന്നത് മാന്ദ്യകാലത്ത് കൂടുതല്‍ പണമുണ്ടാക്കാനുള്ള തന്ത്രത്തെക്കുറിച്ചാണ്. അതിനവര്‍ പൂര്‍ണഗര്‍ഭിണിയുടെ നഗ്നമായ വയറിന്റെ ഫോട്ടോ നല്‍കി ഗര്‍ഭപാത്രക്കച്ചവടത്തിന്റെ നല്ലൊരു പരസ്യം നല്‍കുകയും ചെയ്തു. വാടക ഗര്‍ഭ ധാരണം ഒരു സഹായത്തിന്റെയോ ഉപകാരത്തിന്റെയോ പുറത്ത് ചെയ്യുന്നതിനെക്കുറിച്ചല്ല വീക്ക് പറയുന്നത്. അതിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ചാണ്. നിങ്ങളുടെ ഗര്‍ഭപാത്രത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരസ്യം ചെയ്യാം. അതിനു വേണ്ടി പ്രത്യേക മാര്‍ക്കറ്റിംങ് സെന്ററുകള്‍ തുടങ്ങാം.

ഭൂമിയിലുള്ളതെല്ലാം വില്‍പ്പനക്ക് വെച്ചിട്ടും കമ്പോളസാമ്പത്തിക വ്യവസ്ഥ പരാജയപ്പെടുകയായിരുന്നു. ഇനി വില്‍ക്കാനുള്ളത് മാനമാണ്. മുതാളിത്തത്തിന് ആകെയുള്ള കച്ചിത്തുരുമ്പ് അതാണ്. മാന്ദ്യകാലത്ത് മാനം വിറ്റും ജീവിക്കാമെന്നാണ് വീക്ക് പറയുന്നത്. മാനത്തിന് മാര്‍ക്കറ്റില്‍ നല്ല വിലയുണ്ടെന്ന് കമ്പോള ശക്തികള്‍ക്കറിയാം. അതുകൊണ്ടവര്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ വിപണനം നടത്താമെന്ന് പറയുന്നത്. നിങ്ങളുടെ വസ്തുക്കള്‍ വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്തുകൊണ്ടും നിങ്ങളെ തന്നെ വിറ്റ്‌കൊണ്ടും ആധുനികത നല്‍കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കമ്പോളം പറയുന്നു.

കേരളത്തില്‍ പിന്തിരിപ്പന്‍ മുന്നേറ്റങ്ങള്‍ക്കെല്ലാം പിന്തുണ കൊടുത്ത മാധ്യമമാണ് മനോരമ. വിമോചന സമരം മുതല്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍വരെ. പാഠപുസ്തകങ്ങളില്‍ സഭ്യേതര ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ മനോരമ തന്നെയാണ് സഭ്യതയുടെ എല്ലാ നൂലിഴകളും ഇവിടെ പൊട്ടിച്ചു കളയുന്നത്. ഒരു തരം ഇരട്ടമുഖമാണിത്. ഇനിയും പുതിയ പാഠങ്ങളുമായി മനോരമയെത്തും. വായനക്കാരെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് രക്ഷിക്കാന്‍. അത് കണ്ട് മലയാളി പരാധീനതകള്‍ തീര്‍ക്കാനിറങ്ങിയാല്‍ മനോരമക്കാരന്‍ ഉദ്ദേശിച്ച ലക്ഷ്യം കാണും.

Advertisement