Categories

‘അതിര്‍ത്തി സംഘര്‍ഷം’ മാധ്യമ സൃഷ്ടി: എം കെ നാരായണന്‍

mk-narayanan-rwന്യൂഡല്‍ഹി: ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷഭരിതമാണന്ന മാധ്യമ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍. മാധ്യമങ്ങളുടെ ഈ ഊതിപ്പെരുപ്പിക്കല്‍ അപകടകരമാണന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളുടെ വഴിതെറ്റിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പലപ്പോഴും അയല്‍ രാജ്യങ്ങളുമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളു. മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പ്രചരണം പലപ്പോഴും പ്രതീക്ഷിക്കാത്ത അപകടങ്ങളിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുക. 1962ലെ ഇന്ത്യയല്ല 2009ലെ ഇന്ത്യ. അതിര്‍ത്തിയില്‍ സമാധാനം പുലരുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ കടന്നുകയറ്റം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. ഇത് ഒരു തരത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങളും ഉയര്‍ത്തുന്നുമില്ല. ഇത്തരം ചെറിയ സംഭവങ്ങളെ മാധ്യമങ്ങള്‍ എന്തു കൊണ്ടാണ് പെരുപ്പിച്ച് കാണിക്കുന്നതെന്ന് അറിയില്ലെന്നും നാരായണന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ചൈനയില്‍ നിന്നുള്ള കടന്നുകയറ്റം വര്‍ദ്ധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയും, കരസേനാ മേധാവിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും രംഗത്തെത്തിയിരിക്കുന്നത്.

Comments are closed.