Administrator
Administrator
വിവാദ സ്വാമിനി ദിവ്യാജോഷിയും അമ്മയും മരിച്ച നിലയില്‍
Administrator
Saturday 19th September 2009 8:25am

divya-joshi-rwതൃശ്ശൂര്‍: വഞ്ചനക്കേസിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിവാദ സ്വാമിനി ദിവ്യാജോഷി(29)യെയും അമ്മ ഉഷയെയും വിഷം അകത്തുചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി.സയനൈഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ട ഇവരെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.മുളങ്ങ് രുദ്രത്ത് വിഷ്ണുമായ ക്ഷേത്രത്തിലെ മഠാധിപയാണ് ദിവ്യാജോഷി.

കുന്നംകുളം സ്വദേശിയായ പ്രവാസി ജോര്‍ജിന്റെ വീട്ടില്‍ 500 കോടി രൂപയുടെ നിധിയുണ്ടെന്നു ദിവ്യദൃഷ്ടിയില്‍ കണ്ടെന്നും ഇതു കണ്ടെത്തുന്നതിന് തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കുന്നതിന് 90 ലക്ഷം രൂപ പലപ്പോഴായി ദിവ്യജോഷി തട്ടിയെന്ന കേസില്‍ ഭര്‍ത്താവ് ജോഷിയെ പുതുക്കാട് പൊലീസ് ഇന്നലെ രാത്രി എട്ടരയോടെ കസ്റ്റഡിയിലെടുത്തിരുന്നു. പരാതിക്കാരനായ ജോര്‍ജ് ഇതിന്റെ രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് ജോഷിയെ പിടികൂടിയതെന്ന് സി.ഐ വി.കെ. രാജു പറഞ്ഞു.ജോഷി പിടിയിലായി മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വീട്ടിനുള്ളില്‍ ദിവ്യയെയും അമ്മ ഉഷയെയും വിഷം അകത്തുചെന്ന നിലയില്‍ കണ്ടത്.പൂജക്കെന്ന പേരില്‍ പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതികളില്‍ ദിവ്യാ ജോഷിക്കും ഭര്‍ത്താവ് ജോഷിക്കുമെതിരെ പുതുക്കാട് പോലീസില്‍ 2008ല്‍ മറ്റൊരു കേസ്സുമുണ്ട്.

സന്തോഷ് മാധവന്‍ സംഭവത്തെത്തുടര്‍ന്ന പോലീസ് നടത്തിയ വ്യാപക പരിശോധനകള്‍ക്കിടെ ദിവ്യാജോഷി അറസ്റ്റിലായിരുന്നു. 2008 ജൂണ്‍ 5ന് അറസ്റ്റിലായ ഇവര്‍ക്ക് ജൂണ്‍ 18ന് ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ക്ഷേത്രം നടത്തിപ്പുമായി തുടരുകയായിരുന്നു.നേരത്തെ ഇവരേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വന്‍ സമ്പാദ്യമാണ് ഇവര്‍ സ്വന്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. വിഷ്ണുമായയാണെന്നു സ്വയം പ്രഖ്യാപിച്ചു ഭാവി പ്രവചനവും രോഗശാന്തി വാഗ്ദാനവും നല്‍കി മൂന്നു വര്‍ഷം മുമ്പാണ് ദിവ്യാജോഷി പറപ്പൂക്കരയില്‍ ആശ്രമം ആരംഭിച്ചത്

Advertisement