varthamanam-rdനിരപരാധികളായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരെ കടക്കെണിയിലേക്ക് തള്ളിവിട്ട് കേരളത്തിലെ മുജാഹിദ് മടവൂര്‍ വിഭാഗം റംസാനില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കുകയും റിലീഫ് വിതരണം നടത്തുകയും ചെയ്യുന്നു. തൃശൂരില്‍ അമേരിക്കക്കാരന്റെ നോമ്പുതുറ വിജയിപ്പിച്ചു. പത്രവും ഇഫ്താറുകളും എല്ലാം സംഘടനക്ക് വേണ്ടി. അഥവാ സംഘടന വിഭാവനം ചെയ്യുന്നുവെന്ന് അവര്‍ പറയുന്ന ഇസ്ലാമിന് വേണ്ടി. എന്നാല്‍ തൊഴിലാളിക്ക് വിയര്‍പ്പുണങ്ങുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന പറഞ്ഞ ഇസ്ലാമിനെ അവര്‍ക്ക് സ്വീകാര്യമായില്ല. ഉള്ള കൂലി കൊടുത്തില്ലെന്ന് മാത്രമല്ല, തൊഴിലാളികളുടെ പേരില്‍ വര്‍ത്തമാനം മാനേജ്‌മെന്റെടുത്ത ലോണ്‍ തിരിച്ചടക്കാത്തതിനാല്‍ ജീവനക്കാര്‍ക്കിപ്പോള്‍ സമന്‍സും ലഭിച്ചിരിക്കയാണ്. ഈ വിശുദ്ധ റംസാനില്‍ വര്‍ത്തമാനം മാനേജ്‌മെന്റിന് ജീവനക്കാര്‍ക്ക് കൊടുക്കുന്ന മികച്ച റംസാന്‍ സമ്മാനമായിരിക്കുമിത്.

വര്‍ത്തമാനം ദിനപത്രത്തിന് എന്താണ് സംഭവിച്ചത്. കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒരു കാലഘട്ടം കവര്‍ന്നെടുത്ത ആസ്ഥാപനം ഒടുവില്‍ അവര്‍ക്ക് തിരിച്ചു നല്‍കിയത് പ്രാരാബ്ദങ്ങളാണ്. മലയാളത്തിലെ ഏതു പത്രത്തെയും വെല്ലുവിളിക്കാനുള്ള എഡിറ്റോറിയല്‍ ശക്തിയുമായാണ് ചാലപ്പുറത്ത് നിന്ന് വര്‍ത്തമാനം ആരംഭിച്ചത്. ചീഫ് എഡിറ്ററായി സുകുമാര്‍ ആഴിക്കോട്. ധാര്‍മ്മിക പിന്തുണയുമായി മലബാറിന്റെ കഥാകാരന്‍ എന്‍.പി മുഹമ്മദ്, പത്രപ്രവര്‍ത്തകരംഗത്ത് സമ്പന്നമായ പ്രവര്‍ത്തന പാരമ്പര്യമുള്ള പി.ജെ മാത്യുസാര്‍, കേരളകൗമുദിയില്‍ നിന്നുള്ള ടി.വി വേലായുധന്‍, ചടുല പത്രപ്രവര്‍ത്തനത്തിന്റെ ആവേശവുമായി വി.ആര്‍ ജയരാജ്, രാജ്യാന്തരപത്രപ്രവര്‍ത്തന പാരമ്പര്യവുമായി ജീമോന്‍ ജേക്കബ്, സ്‌പോര്‍ട്‌സ് ഡെസ്‌കില്‍ രവിമേനോന്‍, എഴുത്തുകാരനായ ഹാഫിസ് മുഹമ്മദ്, നീനി , മനോരമയില്‍ നിന്നും കെ ബാലചന്ദ്രന്‍… പട്ടികകള്‍ നീളുന്നു. എന്നാല്‍ അവരെല്ലാം ഇന്ന് എവിടെ പോയി ?.

സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ചെണ്ടകൊട്ടിപ്പാടിയ പത്രം പിന്നീടെടുത്ത നിലപാട് ലജ്ജിപ്പിക്കുന്നതായിരുന്നു. മുസ്ലിം ലീഗ് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ലൈംഗിക ആരോപണവുമായി റജീനയെന്ന പെണ്‍കുട്ടി ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസിലേക്ക് ഓടിക്കയറിയതിന്റെ പിറ്റേ ദിവസം വര്‍ത്തമാനം അങ്ങനെ ഒരു സംഭവം കേരളത്തില്‍ നടന്നതേ അറിഞ്ഞിരുന്നില്ല. അങ്ങനെ വര്‍ത്തമാനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശയവും ആമാശയവും നഷ്ടപ്പെട്ടു.

കഴിവ് തെളിയിച്ചവരും പരിശ്രമശാലികളുമായ പത്രപ്രവര്‍ത്തകരും പത്രത്തെ നെഞ്ചിലേറ്റി താലോലിക്കാന്‍ ഒരു സംഘടനയും വിദേശത്ത് നിന്ന് നിര്‍ലോഭമെത്തുന്ന ഫണ്ടും ലോകമെങ്ങും അറിയപ്പെടുന്ന ചീഫ് എഡിറ്ററും ഉണ്ടെങ്കിലും മാനേജ്‌മെന്റിന്റെ കഴിവ് കേടും മണ്ടത്തരവും കൊണ്ട് മാത്രം ഒരു പത്രം പരാജയപ്പെടാമെന്നതിന് തെളിവാണ് വര്‍ത്തമാനം. ഗംഭീരമായായിരുന്നു തുടക്കം. മുന്‍ഗണനകള്‍ തെറ്റിയ പ്രവര്‍ത്തന രീതികള്‍ പത്രത്തെ പിന്നീട് തളര്‍ത്തി. ജീവനക്കാര്‍ക്ക് ശമ്പളം വൈകി. പലരും ഉപേക്ഷിച്ച് പോയി. അവശേഷിച്ചവരോട് മാനേജ്‌മെന്റ് പറഞ്ഞ ഉപായമായിരുന്നു അത്. ‘നിങ്ങളുടെ പേരില്‍ കമ്പനി ബാങ്കില്‍ നിന്നും കടമെടുക്കും. മാസങ്ങള്‍ക്കുള്ളില്‍ കടം കമ്പനി തിരിച്ചടക്കും അതോടെ ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിച്ച് പത്രത്തിന് മുന്നോട്ട് പോകാനാകും’.

വ്യക്തമായ കാഴ്ചപ്പാടോ ദീര്‍ഘവീക്ഷണമോ പരിചയ സമ്പത്തോ ഇല്ലാത്ത ഒരു കൂട്ടം ആളുകള്‍ ഭരണയന്ത്രം തിരിച്ചതുകൊണ്ടു തന്നെ ആറു മാസം കൊണ്ട് പത്രത്തില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. അഞ്ചുമാസത്തോളം ശമ്പളം മുടങ്ങി നിന്ന അവസരത്തിലാണ് ഓരോരുത്തരുടെ പേരില്‍ വായ്പയെടുത്ത സ്ഥാപനത്തെ രക്ഷിക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് മുന്നോട്ടു വെച്ചത്. വര്‍ത്തമാനത്തെ അത്രമാത്രം സ്‌നേഹിച്ചിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അതിനു സമ്മതം മൂളി. അങ്ങനെ വര്‍ത്തമാനം അതിന്റെ ജീവനക്കാരുടെ പേരില്‍ കോഴിക്കോട് വിജയാ ബാങ്കില്‍ നിന്നും കാനറാ ബാങ്കില്‍ നിന്നും ലക്ഷങ്ങളുടെ ലോണെടുത്തു. വിജയബാങ്കില്‍ നിന്നും 50,000 മുതല്‍ 1.5 ലക്ഷം രൂപ 53 തൊഴിലാളികളുടെ പേരില്‍ ലോണെടുത്തു. കാനറ ബാങ്കില്‍ നിന്നും 39 തൊഴിലാളികളുടെ പേരില്‍ 30,000-80,000 രൂപ വരെയായിരുന്നു വായ്പയെടുത്തത്.ഇങ്ങിനെ ലക്ഷങ്ങളാണ് എന്നാല്‍ ഭീമമായ ഒരു സംഖ്യ ജീവനക്കാരുടെ വായ്പയായി ലഭിച്ചിട്ടും സ്ഥാപനം പ്രതിസന്ധിയില്‍ നിന്ന് കരകയറിയില്ല.

വീണ്ടും ശമ്പളം മുടങ്ങി. ഒടുവില്‍ ജീവിക്കാന്‍ വക തേടി പല ചെറുപ്പക്കാരും മറ്റു സ്ഥാപനങ്ങളില്‍ ചേക്കേറി. വിശ്വാസത്തിന്റെ പുറത്ത് വായ്പക്ക് ഒപ്പിട്ടു കൊടുത്ത യുവാക്കളെ മുഴുവന്‍ വഞ്ചിക്കുന്ന നടപടിയാണ് പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത്. ഏഴ് അടവുകള്‍ മാത്രം അടച്ച കമ്പനി പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഇക്കാര്യം സംസാരിക്കാന്‍ ചെല്ലുന്നവരോട് മാനേജ്‌മെന്റ് നിര്‍ദാക്ഷിണ്യം പെരുമാറി. സ്ഥാപനത്തോടുള്ള കൂറുകൊണ്ട് ആരും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നീങ്ങിയില്ല. എന്നാല്‍ പിന്നീട് കമ്പനിയുടെ ഏക ആസ്തിയായ കെട്ടിടം വില്‍ക്കാനുള്ള നീക്കം നടക്കുമ്പോഴാണ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് ജീവനക്കാര്‍ തീരുമാനമെടുത്തത്.

പത്രവര്‍ത്തക യൂനിയന്‍ ഇടപെട്ട് ഓഫീസ് മാര്‍ച്ചിന് തീരുമാനിച്ചെങ്കിലും വായ്പ തിരിച്ചടക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനാല്‍ സമരം നിര്‍ത്തിവെച്ചു. ലോണ്‍ തിരിച്ചടക്കാന്‍ ബാങ്ക് അധികൃതരുമായി ധാരണയുണ്ടാക്കിയെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രക്ഷോഭ പാതയില്‍ നിന്ന് എല്ലാവരും പിന്‍ വാങ്ങി. എന്നാല്‍ കേരളത്തിലെ അറിയപ്പെടുന്ന മുജാഹിദ് മതപണ്ഡിതനായ ഹുസൈന്‍ മടവൂരിന്റെ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ത്തമാനം മാനേജ്‌മെന്റ് തൊഴിലാളികളോട് വീണ്ടും വിശ്വാസ വഞ്ചന കാണിച്ചു. ഇതിനിടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി കാനറാ ബാങ്കിലെ ബാധ്യത തീര്‍ക്കാന്‍ തീരുമാനമായി. കാനറാ ബാങ്കിലായിരുന്നു പല മുജാഹിദ് സംഘടനാ നേതാക്കളുടെയും പേരില്‍ വായ്പയെടുത്തത്. കാനറാ ബാങ്കിലെത് സെറ്റില്‍ ചെയ്തതോടെ അവര്‍ സുരക്ഷിതരായി. പാവപ്പെട്ട തൊഴിലാളിയുടെ കടക്കെണി തുടര്‍ന്നു.

കേരളത്തിലെ മറ്റൊരു തൊഴിലാളികള്‍ക്കും ലഭിക്കുന്ന തൊഴില്‍ സുരക്ഷിതത്വമോ സംഘടനാബലമോ ജനാധിപത്യത്തിന്റെ നാലാം തൂണുകാരായ ആധുനിക പത്രപ്രവര്‍ത്തകര്‍ക്ക് ഇല്ല എന്നതാണ് വര്‍ത്തമാനം നല്‍കുന്ന ഞെട്ടിപ്പിക്കുന്ന മഹത്തായ മറ്റൊരു പാഠം. പത്രപ്രവര്‍ത്തക യൂനിയന്‍ ഇടപെട്ടെങ്കിലും വിജയം കണ്ടില്ല.വഞ്ചനക്കിരയായ അറുപതോളം മാധ്യമപ്രവര്‍ത്തകര്‍ മനോരമ, മാതൃഭൂമി ഇന്ത്യാവിഷന്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം അതിന്റെ തൊഴിലാളികളോട് കാണിച്ച വഞ്ചന റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മറ്റ് മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. സംഘടനയുടെ സ്വാധീനത്തിന് വഴങ്ങിയും ഒരു മാധ്യമത്തിന്റെ നെറികേടിനെ എതിര്‍ക്കാന്‍ മറ്റൊരു മാധ്യമത്തിന്റെ മാനേജ്‌മെന്റ് തയ്യാറാകാത്തതിനാലും ഏറ്റവും കൃത്യമായ ഈ വഞ്ചനാ മറച്ചു പിടിക്കപ്പെടുന്നു.

യൂനിയനുമായുള്ള നിരന്തര ചര്‍ച്ചക്കൊടുവില്‍ വായ്പ തിരിച്ചടക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ത്തമാനത്തിനെതിരെയുള്ള സമര പരിപാടികളും പിന്‍വലിച്ചു. എന്നാല്‍ ഒരിക്കല്‍ക്കൂടി മാനേജ്‌മെന്റ് തങ്ങളുടെ വികൃത മുഖം കാണിച്ചു. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചതോടെ ഭാവി പരിപാടികള്‍ ആലോചിക്കാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കടം കയറുമ്പോഴും ഹുസൈന്‍ മടവൂരും സംഘവും സംഘടനാ പരിപാടികള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. വയനാട്ടില്‍ നടന്ന കഴിഞ്ഞ സംഘടനാ സമ്മളനത്തില്‍ നന്മയും നീതിയും എന്നായിരുന്നു മുദ്രാവാക്യം. ഈ രണ്ട് വാക്കുകളും പറയാന്‍ സുഖമുള്ളതാണെന്ന് അവര്‍ സമ്മേളനത്തിനു ശേഷവും തെളിയിച്ചു.

വര്‍ത്തമാനം മാനേജ്‌മെന്റിന്റെ വഞ്ചനക്കിരയായ അറുപതോളം ജീവനക്കാര്‍ ഇപ്പോള്‍ ജയിലുകളിലേക്ക് നാളുകളെണ്ണുകയാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര മാധ്യമ ലോകത്ത് തന്നെ കോളിളക്കങ്ങള്‍ സൃഷ്ടിക്കും. ലോക മാധ്യമങ്ങള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് ഈ വാര്‍ത്ത പുറത്തെത്തിക്കും. ഇതോടെ ആഗോള സലഫി പ്രസ്ഥാനത്തിനു തന്നെ മുഖം നഷ്ടപ്പെടും.