kerala-hajjമക്ക: റമദാനിലെ അവസാന ജുമുഅ നമസ്‌ക്കാരത്തിനും മറ്റു ആരാധനാ കര്‍മ്മങ്ങള്‍ക്കുമായി ഹറമുകളില്‍ ഒഴുകിയെത്തിയത് വിശ്വാസി ലക്ഷങ്ങള്‍. ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കുന്ന ‘ഖത്മുല്‍ ഖുര്‍ആന്‍ ചടങ്ങും ഇന്നലെ നടന്നു. മക്ക ഹറമില്‍ ജുമുഅ നമസ്‌ക്കാരത്തിനും ഖുതുബക്കും ശൈഖ് സ്വാലിഹ് ആലു ത്വാലിബ് നേതൃത്വം നല്‍കി.

റമദാനിന്റെ അവസാന ദിനത്തില്‍ നല്‍കുന്ന ഫിത്വര്‍ സക്കാത്തിനെക്കുറിച്ചാണ് ജുമുഅ ഖുതുബയില്‍ പ്രധാനമായും പറഞ്ഞത്. ഫിത്വര്‍സക്കാത്ത് നോമ്പുകാരന്റെ ബാധ്യതയാണെന്നും വ്രതശുദ്ധി നേടുന്നതിന് അത് അനിവാര്യമാണെന്നും ഖുതുബയില്‍ പറഞ്ഞു. സമുഹത്തിലെ ദരിദ്രര്‍ക്ക് പെരുന്നാള്‍ ദിവസത്തെ ഭക്ഷണം ഫിത്വര്‍ സക്കാത്താണ്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് തൊട്ട് മുമ്പ് നല്‍കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. ഒന്നോ രണ്ടോ ദിവസം മുമ്പ് നല്‍കുന്നതും അനുവദീയമാണ്- ഖുതുബയില്‍ വ്യക്തമാക്കി.

ജുമുഅയും ‘ഖത്മുല്‍ ഖുര്‍ആനും’ഒരുമിച്ചു വന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. 27ാം രാവ് കഴിഞ്ഞതോടെ തന്നെ പലരും ഹറമില്‍ നിന്ന് യാത്ര തിരിച്ചിരുന്നു. അടുത്തിടെ എത്തിയ വിദേശ ഉംറ തീര്‍ഥാടകരില്‍ അധികപേരും ഇപ്പോള്‍ ഹറമില്‍ തന്നെയുണ്ട്. പെരുന്നാള്‍ നിസ്‌ക്കാരം കൂടി കഴിഞ്ഞതിനു ശേഷമേ ഇവര്‍ മക്കയോട് വിട പറയൂ.