omprakash-rajeshതിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം സബ് കോടതി പോലീസിന് അനുമതി നല്‍കി. ഇരുവരെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതികളായ ഇരുവരും ജാമ്യം നേടി പുറത്തുവരുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്ന സര്‍ക്കാരിന്റെ വാദം ജസ്റ്റീസ് കെ.കെ സുജാത അംഗീകരിച്ചു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാവുന്ന ഇരുവര്‍ക്കും ആറ് മാസത്തേക്ക് ഇനി ജാമ്യം ലഭിക്കില്ല.

വിവിധ കോടതികളിലായി ഇരുവര്‍ക്കുമെതിരെ നിരവധി കേസുകളുണ്ട്. എല്ലാ കേസിലും ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട്. ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാകും. അതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെച്ചുതന്നെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിടണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ഓംപ്രകാശിനെതിരെ 2007 ജൂണ്‍ 13 നും ഈ വര്‍ഷം സപ്തംബര്‍ 10 നും ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജേഷിനെതിരെ ജൂണ്‍ 11 നാണ് ഉത്തരവിറങ്ങിയത്. ഓംപ്രകാശിനെതിരെ രണ്ട് വര്‍ഷമായി കേസുകള്‍ ഒന്നുമില്ലെങ്കിലും തലസ്ഥാനത്തെ എല്ലാ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. ഇരുവര്‍ക്കുമെതിരെയുള്ള കേസ് വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.