Administrator
Administrator
കൊണ്ട് നടന്നതും നീയേ ചാപ്പാ;കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ
Administrator
Friday 18th September 2009 12:25am

mafia-rwഗുണ്ടകള്‍ക്കും സിനിമക്കാര്‍ക്കും പണമാഫിയകള്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും രാഷ്ട്രീയത്തില്‍ എന്ത് പങ്കെന്ന് ചോദിക്കാന്‍ മാത്രം മണ്ടന്‍മാരല്ല ഈ ജനത. കേരളത്തിലെ രാഷ്ട്രീയ നാടകത്തിന്റെ തിരശ്ശീലക്കു പിന്നില്‍ നിറഞ്ഞാടുന്ന എത്രയെത്ര മുഖങ്ങളുണ്ട്. ഒരേ സമയം കമ്മ്യൂണിസ്റ്റുകാരന്റെയും കോണ്‍ഗ്രസുകാരന്റെയും പന്തിയില്‍ ഇലവിരിക്കുന്നവര്‍. എങ്ങാണ്ടോയുള്ള ഒരു ചിട്ടിപ്പലിശക്കാരന്റെ മകന്‍ കൊല്ലപ്പെട്ടപ്പോഴേക്കും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഉടലെടുത്ത കോളിളക്കങ്ങള്‍ ഇതിന്റെ ഒരു സൂചകം മാത്രമാണ്. രാഷ്ട്രീയത്തിന്റെ അഗാധതയില്‍ ആഴ്ന്നിറങ്ങി അതിന്റെ വേരു വരെ സ്പര്‍ശിക്കാന്‍ ശക്തി നേടിയ മാഫിയകളുടെ വിശാലമായ ലോകമാണ് പോള്‍ എന്ന യുവ ചിട്ടിപ്പലിശക്കാരന്റെ കൊലയിലൂടെ തുറക്കപ്പെടുന്നത്.

രാഷ്ട്രീയ-വ്യവസായ-സിനിമ-ഗുണ്ടാ- അച്ചുതണ്ടിന്റെ കൊടുക്കല്‍ വാങ്ങലുകളിലുണ്ടായ ചെറിയൊരു നോട്ടപ്പിശകിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പോള്‍ കൊല്ലപ്പെട്ടതോടെ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നു പറയുന്ന കോണ്‍ഗ്രസും പോള്‍ വെറുക്കപ്പെടേണ്ടയാളാണെന്ന് പറയുന്ന സി.പി.ഐ.എമ്മും ഒരു പോലെ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന പിന്നാമ്പുറ യാഥാര്‍ഥ്യങ്ങളുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രസ്താവന യുദ്ധം പൊതു ജനത്തെ ബോധരഹിതമാക്കാനുള്ളതാണ്. തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടരുതെന്ന ബുദ്ധിയാണിതിന് പിന്നില്‍.

പോള്‍ ഒരു ചൂണ്ട് പലകയാണ്. പോള്‍ എന്തിന് വേണ്ടി കൊല്ലപ്പെട്ടുവെന്നും ആരാണ് കൊന്നതെന്നും ഇരു കക്ഷികള്‍ക്കുമറിയാം. എന്നാലവര്‍ ഒന്നുമറിയാത്തപോലെ പരസ്പരം കുറ്റപ്പെടുത്തുന്നു. മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും അധികാരത്തിലേറാന്‍ പണം വേണം അത് എറിയാന്‍ ഇപ്പുറത്ത് ആളുകള്‍ വേണം, പണം തരുന്നവരെ തിരിച്ച് സഹായിക്കണം, എതിരാളിയെ കൊല്ലണം, കൈകാലൊടിക്കണം. ഭീഷണിപ്പെടുത്തണം, എതിര്‍കക്ഷിയുടെ പ്രകടനത്തിലേക്ക് കല്ലേറ് നടത്തണം. കൊന്നാല്‍ കുറ്റമേല്‍ക്കണം. അങ്ങനെ രാഷ്്ട്രീയ വ്യവസായവുമായി ബന്ധപ്പെട്ട അനുബന്ധവ്യവസായങ്ങള്‍ എത്രയെങ്കിലുമുണ്ട്. അതില്‍ ഒന്ന് മാത്രമാണ് ഗുണ്ട എന്നത്. ഓരോ പാര്‍ട്ടികളും തങ്ങളുടെ സ്വത്തായി പാര്‍ട്ടി ഗുണ്ടകളെ സൂക്ഷിക്കാറുണ്ട്. അവസരത്തിന് ഉപയോഗിക്കാനായി ഇര കൊടുത്ത് വളര്‍ത്തുന്നവര്‍.

ഒരു കാലത്ത് പണം മാഫിയകളെ രാഷ്ട്രീയമായിരുന്നു നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി അവര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നു. ഇന്ന് ഓരോ പാര്‍ട്ടികള്‍ക്കും ഗുണ്ടാ സംഘമുണ്ട്. ചിലപാര്‍ട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ഗുണ്ടകളെ വളര്‍ത്തുന്നു. ചിലര്‍ക്ക് വ്യക്തിഗത ഗുണ്ടാ സംഘങ്ങളുണ്ട്. മുണ്ടുരിയല്‍ മുതല്‍ തലയറുക്കല്‍ വരെ അവര്‍ ഏറ്റെടുത്ത് നടത്തുന്നുമുണ്ട്.

എന്ത്‌കൊണ്ട് പോള്‍ എന്നത് വലിയ ചോദ്യമൊന്നുമല്ല. കാരണം അയാളുടെ പഴയകാല ചരിത്രം വലിയ ഗുണമില്ലാത്തതാണെന്ന് പിണറായി പറയും. പിന്നെ കോടിയേരിക്ക് ഒരു മകനുണ്ട്. ബിനീഷെന്ന് പേരുവിളിക്കും. ആള് വെളുത്ത് അച്ഛനെ പോലെ. ഇടക്ക് ചില സിനിമകളില്‍ ഇക്കിളി സീനുകളില്‍ ബര്‍മുഡയുടുത്ത് പ്രത്യക്ഷപ്പെടും. ടിയാന് പോളുമായും ഗുണ്ടകളുമായും നേരിട്ട് ബന്ധമുണ്ടെന്ന് ദോശൈക ദൃക്കുകള്‍ പറയുന്നു. കോടിയേരിക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു ബിനീഷ്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ ബിനീഷിന്റെ പേര് ഇതുവരെ കേട്ടിട്ടില്ല. ഒരു രാഷ്ട്രീയ ബാനറില്‍ അദ്ദേഹം അറിയപ്പെടുന്നുമില്ല. പക്ഷെ കേരള രാഷ്ട്രീയത്തില്‍ ആ പേര് നിരന്തരം ഉയരുന്നു. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരില്‍ കോടിയേരിക്ക് മാത്രം ലഭിക്കുന്ന പുത്ര സൗഭാഗ്യം. മകന്റെ ഇടപാടുകളും യാത്രകളും സിനിമകളും എന്തിന് കല്യാണം പോലും വിവാദമാകുന്നു. വിവാദമാകാനായി മാത്രം ഒരു മകന്‍. ‘എന്റെ മകന് ഈ കുറ്റത്തില്‍ യാതൊരു ബന്ധവുമില്ലെ’ന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആണയിടേണ്ടി വന്ന ഒരേയൊരു കമ്മ്യൂണിസ്റ്റുകാരന്‍, ഒരു പക്ഷെ ഒരേയൊരു മലയാളി രാഷ്ട്രീയക്കാരന്‍ കോടിയേരി മാത്രമായിരിക്കും.

കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ എത്ര പേര്‍ യഥാര്‍ഥ പ്രതികളാണെന്ന് ഒരു കണക്കെടുപ്പ് നടത്താന്‍ സാധിച്ചാല്‍ ഗുണ്ടകളുടെ സാധ്യതകള്‍ ബോധ്യപ്പെടും. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ഗള്‍ഫിലെ സെക്യൂരിറ്റി കമ്പനിയിലേക്ക് കേരളത്തിലെ ഗുണ്ടാ ലിസ്റ്റ് നോക്കിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നത് ഒരു പക്ഷെ നമുക്ക് പുതിയ അറിവായിരിക്കും. താരാതരം ഇവര്‍ക്ക് കേരളത്തിലെത്തി ഇരുചെവിയറിയാതെ കാര്യസാധ്യം നടത്തി മണല്‍ക്കാട്ടിലേക്ക് മടങ്ങാം. കോടിയേരിയുടെ ഗുണ്ടാ ലിസ്റ്റുകൊണ്ട് ഇങ്ങനെയെങ്കിലും കാര്യം നടക്കട്ടെ. ഗുണ്ടകളെ മുന്‍കൂട്ടി തടങ്കലില്‍ വെക്കാന്‍ അനുമതി നല്‍കുന്ന നിയമമാണ് ഗുണ്ടാ നിയമെന്ന് രേഖകളില്‍ പറയുന്നു. ഇതിന്റെ ഫലം അനുഭവിക്കുന്ന ചില എതിര്‍ കക്ഷി ഗുണ്ടകള്‍ കേരളത്തിലുണ്ട്. പാര്‍ട്ടി ഗുണ്ടകളെല്ലാം സസുഖം പുറത്ത് വാഴുന്നു. അടുത്ത അഞ്ച് വര്‍ഷക്കാലം അകത്തുള്ളവര്‍ പുറത്തും പുറത്തുള്ളവര്‍ അകത്തും കിടക്കും.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും ഗുണ്ടാഭരണം നടക്കുന്നുണ്ടെന്നും തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് പോള്‍ കൊല്ലപ്പെടേണ്ടി വന്നുവെന്നത് തമാശയാണ്. അങ്ങനെയവര്‍ നിയമസഭയില്‍ അടിയന്തിരപ്രമേയങ്ങള്‍ കൊണ്ട് വരികയും സെക്രട്ടേറിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുകയും ചെയ്യുന്നു. എസ് എന്ന കത്തി പോലീസ് കൊല്ലനെ കൊണ്ട് നിര്‍മ്മിച്ചതിനെപ്പറ്റി വാചാലമാകുന്നു. എന്നാല്‍ പാപത്തിന്റെ കറ സ്വന്തം കൈകളിലമുണ്ടെന്ന സത്യം അവര്‍ മറക്കുന്നു. അത് കേരളം ഒരിക്കലും ഓര്‍ക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.

Advertisement