Administrator
Administrator
ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
Administrator
Thursday 17th September 2009 6:02pm

kgmctaകൊച്ചി: ശമ്പള പരിഷ്‌കരണത്തിനായി മെഡിക്കല്‍കോളേജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം താല്‍കാലികമായി പിന്‍വലിച്ചു. സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനുവേണ്ടിയാണ് പിന്‍വാങ്ങലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്‍ട്രി കേഡറിലെ ഡോക്ടര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കുകയെന്ന ആവശ്യമാകും ചര്‍ച്ചക്കിടയില്‍ അസോസിയേഷന്‍ ഉന്നയിക്കുക. സമരം അവസാനിപ്പിച്ചാല്‍ ശമ്പളപരിഷ്‌കരണമൊഴികെയുള്ളതെല്ലാം ചര്‍ച്ച ചെയ്യാമെന്നാണ് ആരോഗ്യമന്ത്രി പി കെ ശ്രീമതി കഴിഞ്ഞ ദിവസം പറഞ്ഞത്. അത്‌കൊണ്ട് ഡോക്ടര്‍മാരുടെ ആവശ്യം എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് വ്യക്തമല്ല. ശമ്പള സ്‌കെയില്‍ പരിഷ്‌ക്കരണം ഒഴികെയുള്ള കാര്യങ്ങള്‍ മാത്രമേ ചര്‍ച്ചയില്‍ പരിഗണിക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസും അറിയിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കരണമനുസരിച്ച് ജോലിസമയം ദീര്‍ഘിപ്പിക്കുന്നതിനു പകരമായി ലക്ചറര്‍മാര്‍ക്ക് 5000 രൂപ മുതലും പ്രൊഫസര്‍മാര്‍ക്ക് 18,000 രൂപവരെയും ഒരു ശമ്പള സ്ലല്‍ബാണ് കെ.ജി.എം.സി.ടി.എ. ആവശ്യപ്പെട്ടിരിക്കുന്നത്. ‘പേഷ്യന്റ് കെയര്‍ അലവന്‍സ്’ എന്ന നിലയില്‍ ഈ തുക നല്‍കണമെന്നാണ് കെ.ജി.എം.സി.ടി.എ.യുടെ ആവശ്യം. എന്നാല്‍ ഇതിനോട് ആരോഗ്യവകുപ്പിന് യോജിപ്പില്ല. പേഷ്യന്റ് കെയര്‍ അലവന്‍സ് എന്ന നിലയില്‍ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം തുക നല്‍കാമെന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശം ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്.

സമരം പിന്‍വലിക്കണമെന്നും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കണമെന്നും കെ.ജി.എം.സി.ടി.എയുടെ വിവിധ യൂണിറ്റുകള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം, പേവാര്‍ഡുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയ ശേഷം ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. ശമ്പള പരിഷ്‌കരണ കാര്യത്തില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല. സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കില്ലെന്നും മന്ത്രി അറിയിച്ചു.

Advertisement