Categories

കേരളം പുകയുന്ന അഗ്നിപര്‍വതം: ഉമ്മന്‍ചാണ്ടി

ummanchandy-rwതിരുവനന്തപുരം: ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളം പുകയുന്ന അഗ്നിപര്‍വതമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സി.പി.ഐ.എമ്മിനാണെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനം തകര്‍ന്നതിന് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിന് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ഗുണ്ടാ നിയമം തിരിച്ചുകൊണ്ടു വരണം.ഇപ്പോഴത്തെ ഗുണ്ടാനിയമം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് സര്‍ക്കാറിന്റെ ഗുണ്ടാ ആക്ട് പൊളിച്ചെഴുതുന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടത്. ക്രമസമാധാന നില തകര്‍ന്നതില്‍ പ്രതിപക്ഷത്തിന് സന്തോഷമല്ല, ദുഃഖമാണുള്ളത്. ഇന്നു വരെ കേരളത്തില്‍ കേട്ടിട്ടില്ലാത്ത തരത്തില്‍ പെണ്‍വാണിഭ വാര്‍ത്തകള്‍ നിറയുന്നു. ഒരു തടസവും കൂടാതെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കേരളത്തില്‍ അരങ്ങുവാഴുകയാണ്.

പോള്‍ എം. ജോര്‍ജ് വിഷയത്തില്‍ രാഷ്ട്രീയം കൊണ്ടു വന്നത് പിണറായി വിജയനാണ്. ആദ്യ പത്രസമ്മേളനത്തില്‍ ആര്‍.എസ.്എസിനെതിരെയും രണ്ടാം പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസിനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കുറ്റം പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിയെകൊണ്ട് കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് പിണറായി ആരോപണങ്ങള്‍ ഉന്നയിച്ചത്.

മാര്‍ക്‌സിസ്റ്റ് രാജ് എന്നാല്‍ ഉത്തരങ്ങള്‍ മുട്ടുന്ന രാജാണ്. തമിഴ്‌നാട്ടില്‍ മാധ്യമങ്ങളില്‍ നിന്നും തെളിവെടുക്കാമെന്നാണ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പിന്നീട് ഇത് മാറ്റിപ്പറയേണ്ടി വന്നു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി എന്തുമാകാമെന്ന് കോടിയേരിയും പിണറായിയും കരുതിയാല്‍ അതു വിലപ്പോവില്ലെന്ന് പറയേണ്ടി വരും. സുധീരനും മുല്ലപ്പള്ളിക്കും ബെന്നി ബെഹന്നാനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പിണറായി ചെയ്തത്. ഇവരെല്ലാം എങ്ങനെയുള്ളവരാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.സ്വന്തമായി മറുപടിയില്ലാതെ വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് നേരെ ആക്ഷേപം ഉന്നയിച്ച് പിണറായി കൂടുതല്‍ അപഹാസ്യനാവുകയാണ്.

പോലീസ് സ്‌റ്റേഷന് പോലും സുരക്ഷ ഉറപ്പാക്കാനാവില്ലെങ്കില്‍ എന്ത് ക്രമസമാധാനനില എന്ത് അവാര്‍ഡ്. ഉമ്മന്‍ചാണ്ടി പരിഹസിച്ചു.പോള്‍ എം. ജോര്‍ജ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാനും തോല്‍വി സമ്മതിച്ച് രാജി വക്കാനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാവണം. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള വിവിധ കക്ഷി നേതാക്കളായ എം.വി.രാഘവന്‍, ആര്‍.ബാലകൃഷ്ണപിള്ള, ടി.എം.ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.