ksuresh-kumar-rwതിരുവനന്തപുരം: മൂന്നാര്‍ ദൗത്യസംഘം മുന്‍തലവന്‍ കെ. സുരേഷ്‌കുമാര്‍ ഐ.എ.എസിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഉത്തരവിറങ്ങി.ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഇന്നലെ ഒപ്പുവച്ചു.സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. സുരേഷ് കുമാറിനെ എവിടെ നിയമിക്കണം എന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും.

അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ സ്വമേധയാ റദ്ദാക്കപ്പെടുമെന്ന സാഹചര്യം ഉടലെടുത്തതിനെത്തുടര്‍ന്നാണു തിരിച്ചെടുക്കേണ്ടി വന്നത്. അല്ലാത്തപക്ഷം കേന്ദ്ര ഉത്തരവിന്റെ പിന്‍ബലത്തില്‍ സുരേഷ് കുമാറിനു തിങ്കളാഴ്ച സര്‍വീസില്‍ പ്രവേശിക്കാനാകുമായിരുന്നു.ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്റെ അധ്യക്ഷതയില്‍ കൂടിയ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. കഴിഞ്ഞ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

നേരത്തേ, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലുംസി.പി.ഐ.എം. ഔദ്യോഗിക പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നില്ല. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എം.ഡിയായിരിക്കെ സസ്‌പെന്‍ഷനിലായ സുരേഷിന് പുതിയ പോസ്റ്റിംഗ് നല്‍കിയിട്ടില്ല. എം.ഡിയായിരിക്കെ നടത്തിയ ഇടപാടുകളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുള്ളതിനാല്‍ സുരേഷ്‌കുമാറിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയും മൂന്നാര്‍ ദൗത്യസംഘം തലവനുമായിരുന്ന സുരേഷ്‌കുമാറിനെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഡിസംബറിലാണ് സസ്‌പെന്‍ഡ് ചെയ്തത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രനും രാഷ്ട്രീയകാര്യ സെക്രട്ടറി എന്‍. ബാലഗോപാലും ചേര്‍ന്ന് ഫയലുകള്‍ പൂഴ്ത്തിയെന്നാരോപിച്ചതിനെ തുടര്‍ന്നായിരുന്നു സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.