Categories

മുല്ലപ്പെരിയാര്‍: വനം സര്‍വ്വെക്ക് അനുമതി

mullaperiyar-rwന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് വനം സര്‍വെ നടത്താന്‍ കേന്ദ്ര അനുമതി. പരിസ്ഥിതി,വനം മന്ത്രി ജയറാം രമേഷിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ‘വൈല്‍ഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി’ യോഗമാണ് അനുമതി നല്‍കിയത്.

പുതിയ അണക്കെട്ടിനുവേണ്ടി 10 കി.മീ. പ്രദേശത്താണ് സര്‍വേ നടത്തേണ്ടത്. ഇതില്‍ ഏഴു കി.മീ. പ്രദേശത്തെ സര്‍വേ കേരളം ഇതിനകം പൂര്‍ത്തിയാക്കയിട്ടുണ്ട്. മൂന്നു കി.മീ. പ്രദേശം വനഭൂമിയും വന്യമൃഗ സങ്കേതത്തിന്റെ ഭാഗവുമായതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇവിടെ വനംസര്‍വേ ഒഴികെയുള്ള സര്‍വേ നടപടികള്‍ ഒരുവര്‍ഷമായി നടക്കുന്നുമുണ്ട്.

നിലവിലുള്ള അണക്കെട്ടില്‍നിന്ന് 1300 അടി താഴെ 1979ല്‍ കേന്ദ്ര ജല കമ്മിഷന്‍ കണ്ടെത്തിയ സ്ഥലത്തു രണ്ടര ഹെക്ടര്‍ പരിധിക്കുള്ളിലാണു സര്‍വേ നടത്തേണ്ടത്. 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലും അണക്കെട്ടു പണിയുന്നതിന്റെ സാധ്യതകളാണു കണ്ടെത്തേണ്ടത്. സര്‍വേക്കായി വനത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കാന്‍ പാടില്ലെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളെ വനത്തില്‍ താമസിക്കാന്‍ അനുവദിക്കില്ല, വനത്തില്‍ ശബ്ദമലിനീകരണം അനുവദിക്കില്ല, സര്‍വേ നടപടികള്‍ വനത്തിലെ ജീവികള്‍ക്കു ശല്യംചെയ്യാത്ത വിധമായിരിക്കണം. സര്‍വേ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കണം എന്നിവയാണ് നിര്‍ദേശം.

പുതിയ സര്‍വേക്ക് അനുമതി നല്‍കണമെന്നു മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ചൊവ്വാഴ്ച മന്ത്രി ജയറാം രമേശിനോട് അഭ്യര്‍ഥിച്ചിരുന്നു. കേരളത്തിന്റെ പ്രതിനിധികളായി യോഗത്തില്‍ പങ്കെടുത്ത ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. ടി. ഔസേഫ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് ഡാനിയല്‍ എന്നിവര്‍ ജയറാം രമേശിനെ കണ്ട് പുതിയ അണക്കെട്ടു വേണമെന്ന് ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചിരുന്നു.

യോഗത്തില്‍ അജന്‍ഡയിലെ 18-ാമത്തെ ഇനമായിരുന്നു മുല്ലപ്പെരിയാര്‍. ഈ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ത്തന്നെ മുന്‍ ജലവിഭവ സെക്രട്ടറികൂടിയായ സമിതി അംഗം രഞ്ജിത് സിങ് പുതിയ അണക്കെട്ടു വേണ്ട എന്നു വാദിച്ചു. ഒട്ടേറെ വനഭൂമി നശിപ്പിക്കാനിടയാക്കുന്നതാണു പുതിയ അണക്കെട്ട് എന്നായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍, മന്ത്രി ജയറാം രമേശാണ് ഈ വാദങ്ങളെ മറികടന്നു സര്‍വേയ്ക്ക് അനുമതി നല്‍കിയത്. കേരളവും തമിഴ്‌നാടും തമ്മിലുള്ള മുഖ്യ തര്‍ക്കവിഷയമാണ് 110 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പു 152 അടിയായി ഉയര്‍ത്തണമെന്നാണു തമിഴ്‌നാടിന്റെ ആവശ്യം. ഡാമിനു ബലക്ഷയമുണ്ടെന്നും നിലവിലുള്ള സംഭരണശേഷിയായ 136 അടിയില്‍ കൂടുതല്‍ വെള്ളം സംഭരിച്ചാല്‍ ഏതു നിമിഷവും അപകടമുണ്ടാകാമെന്നും കേരളം മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ആവശ്യമുന്നയിച്ചു തമിഴ്‌നാട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. പുതിയ അണക്കെട്ടു പണിയണമെന്ന് 1979ല്‍ കേന്ദ്ര ജല കമ്മിഷന്‍ നടത്തിയ പഠനത്തില്‍ നിര്‍ദേശിച്ചിരുന്നതാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.