Categories

എക്കണോമി ക്ലാസിലെത് കന്നുകാലി യാത്രയെന്ന്; ശശിതരൂര്‍ വിവാദത്തില്‍

shashi_tharoor-rwന്യൂഡല്‍ഹി: വിമാനത്തിലെ എക്കണോമി ക്ലാസിലെ യാത്ര ‘കന്നുകാലി ക്ലാസി’ലെ യാത്രയാണെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി ശശി തരൂര്‍. തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്പാര്‍ട്ടി രംഗത്തെത്തി. തരൂരിന്റെ പ്രസ്താവന പൂര്‍ണമായും അപലപിക്കുന്നുവെന്ന് എ.ഐ.സി.സി. വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു. ഡല്‍ഹിയിലെ തരൂരിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ വാസം വിവാദമായതിന് തൊട്ട് പിന്നാലെയാണ് ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരത്തിനോ ഇന്ത്യയുടെ മാനസികാവസ്ഥക്കോ യോജിച്ചതല്ലെന്ന് ജയന്തി നടരാജന്‍ പറഞ്ഞു. ഇന്ത്യയില്‍ ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ട്. കന്നുകാലി പ്രയോഗം രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ജയന്തി പറഞ്ഞു.

എക്കണോമിക്ലാസ് യാത്രക്കെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ‘ട്വിറ്ററി’ലാണ് തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ”തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍” എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. ”ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ” എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് തരൂര്‍ ഇങ്ങനെയെഴുതിയത്.

രാജ്യത്ത് വരള്‍ച്ചയും ക്ഷാമവും മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രമാരും കോണ്‍ഗ്രസ് നേതാക്കളും ചെലവു ചുരുക്കലിന് തീരുമാനിച്ചത്. മന്ത്രിമാര്‍ക്ക് ഏറ്റവും കൂടുതല്‍ തുക ചെലവാകുന്നത് വിമാനയാത്രക്കാണ്. ഫസ്റ്റ്ക്ലാസ് യാത്രക്ക് പകരം എക്കണോമി ക്ലാസ് ഉപയോഗിക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശിക്കുകയായിരുന്നു. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ പാത പിന്തുടരുന്നതിനിടെയാണ് തരൂരിന്റെ പ്രസ്താവന വന്നത്.

ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും തരൂരിനെതിരെ നടപടിയെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും താന്‍ തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും ജയന്തി ചൂണ്ടിക്കാട്ടി.

പഞ്ചനക്ഷത്രഹോട്ടല്‍ വാസത്തില്‍ നിന്ന് തരൂരിനെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് കാംപയിനായി ഉയര്‍ത്തിക്കൊണ്ട് വരുന്ന ചെലവ് ചുരുക്കലിനെ വിമര്‍ശിക്കുക വഴി തരൂര്‍ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കയാണ്. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തരൂരിനെതിരെയുണ്ടാകുമെന്നാണ് കരുതുന്നത്.

Comments are closed.