teacher
കണ്ണൂര്‍: സിറ്റി ഹൈസ്‌കൂള്‍ അധ്യാപിക ഉരുവച്ചാല്‍ ചന്ദ്രവിഹാറില്‍ ഹേമജ(46)യെ വാനില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചൊവ്വ സ്പിന്നിങ് മില്ലിനു സമീപം റോഡിലെ വാഹനത്തിലാണ് മൃതദേഹം കണ്ടത്. ഹേമജയുടെ ഭര്‍ത്താവ് കണ്ണൂര്‍ പന്നേന്‍പാറയിലെ ശശീന്ദ്രന്‍ എന്ന ഡിങ്കന്‍ ശശി (54)യെ സംഭവത്തിനുശേഷം കാണാതായി. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി. ആറു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.

ശശീന്ദ്രന്റെ പേരിലുള്ള വാനിലാണ് മൃതദേഹം കണ്ടത്. വീട്ടില്‍ നിന്ന് ഏതാണ്ട് 150 മീറ്റര്‍ ദൂരെ ഹേമജയുടെ സഹോദരി ശ്രീജയുടെ വീട്ടിലേക്കുള്ള വഴിയരികിലായിരുന്നു വാന്‍ നിര്‍ത്തിയിട്ടത്. പതിനൊന്നോടെ നാട്ടുകാരാണ് വാഹനത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. മുന്‍ സീറ്റില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ഇരു കൈകള്‍ക്കും മുറിവുണ്ട്. വാഹനം നിറയെ രക്തമുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിനു താഴെ നിന്നു ഹവായ് ചെരിപ്പുകള്‍ കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്നു മണം പിടിച്ച പൊലീസ് നായ ഹേമജയുടെ വീട്ടില്‍ എത്തി ചൊവ്വ റയില്‍വേ സ്‌റ്റേഷനു സമീപത്തെ ആളൊഴിഞ്ഞ കട വരാന്തയില്‍ കയറി വാഹനത്തിനു സമീപം എത്തി. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിവരെ ഇവര്‍ വീട്ടിലുണ്ടായിരുന്നതായി തെളിവുണ്ട്. ഇതിനുശേഷം പുറത്തുപോയതാണെന്ന് കരുതുന്നു. വീട് പുറത്തുനിന്ന് പൂട്ടി താക്കോല്‍ ഉള്ളിലേക്കിട്ട നിലയിലാണ്.

Subscribe Us:

കണ്ണൂര്‍ നഗരസഭാ ഓഫിസില്‍ റവന്യു ഇന്‍സ്‌പെക്ടറായി വിരമിച്ച അമ്പാടി ചന്ദ്രശേഖരന്റെയും ഇന്ദിരയുടെയും മകളാണ് ഹേമജ. മറ്റു സഹോദരങ്ങള്‍: മനോജ്, റോഷ്‌ന. അമ്മ, അച്ഛന്‍, സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ് ഹേമജയും ഭര്‍ത്താവും താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒന്നോടെ പ്രാഥമിക ആവശ്യത്തിനു പുറത്തിറങ്ങിയപ്പോള്‍ ഹേമജയും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നതായി
ചന്ദ്രശേഖരന്‍ പൊലീസിനോട് പറഞ്ഞു.

വയറുവേദന കാരണം ചില ദിവസങ്ങളില്‍ ശശീന്ദ്രന്‍ ഹേമജയെ കൂട്ടി രാത്രി ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു. എസ്.പി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു. സിറ്റി സി.ഐ അരുണ്‍രാജിനാണ് അന്വേഷണച്ചുമതല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.