ബാഗ്ദാദ്: ഇറാഖ് അധിനിവേശത്തില്‍ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ചെരിപ്പെറിഞ്ഞ ഇറാഖി മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സൈദ് ജയില്‍മോചിതനായി. ഒന്‍പതുമാസത്തെ തടവുശിക്ഷ കഴിഞ്ഞാണ് മുന്‍തദര്‍ പുറത്തിറങ്ങിയത്. ബന്ധുക്കളും ആരാധകരും വന്‍വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്. മുന്‍തദര്‍ ജോലിചെയ്തിരുന്ന അല്‍ബാഗ്ദാദിയ ടി.വി. ചാനലും വിപുലമായ ആഘോഷപരിപാടികള്‍ ഒരുക്കി.

യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ ഇറാഖിലേക്കുള്ള അവസാന സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ഡിസംബര്‍ 14നു വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണു ബുഷിനു നേരെ ചെരിപ്പേറുണ്ടായത്. മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഇരുന്ന മുന്‍തദര്‍ തന്റെ ഷൂ അഴിച്ച് സംസാരിച്ചുകൊണ്ടിരുന്ന ബുഷിന് നേരെ എറിയുകയായിരുന്നു. ആദ്യ ഷൂ ബുഷിന്റെ മുഖത്തിനു നേരെയാണു ചെന്നതെങ്കിലും പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ പിന്നില്‍ യു.എസ് പതാകയില്‍ ചെന്നു വീണു. രണ്ടാമത്തെ ഷൂ ലക്ഷ്യം തെറ്റി. ഈ ഷൂ തടയാന്‍ സമീപമുണ്ടായിരുന്ന ഇറാഖ് പ്രസിഡന്റ് നൂരി അല്‍ മാലിക്കിയും ശ്രമിച്ചിരുന്നു.

ഇറാഖിപതാക പുതച്ച്, കറുത്ത കണ്ണട ധരിച്ചാണ് മുന്‍തദാര്‍ പുറത്തിറങ്ങിയത്. താന്‍ സ്വതന്ത്രനായെങ്കിലും തന്റെ ‘വീട്’ ഇപ്പോഴും ജയിലാണെന്ന് ഇറാഖിലെ യു.എസ്. സൈനികസാന്നിധ്യത്തെ ഉദ്ദേശിച്ച് മുന്‍തദാര്‍ പറഞ്ഞു. താന്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ടതായും ഇതിന് പ്രധാനമന്ത്രി നൂരി അല്‍ മാലികി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ അമേരിക്കന്‍ ചാരന്‍മാര്‍ പിന്തുടരുമെന്നും കലാപകരായായി മുദ്രകുത്തി പിടികൂടുമെന്നും മുന്‍തദര്‍ പറഞ്ഞു.

ബുഷിന് നേരെ ചെരിപ്പെറിഞ്ഞ മുന്‍തദറിന് ജന്മനാട്ടിലും അറബ് രാജ്യങ്ങളിലും വീരനായകന്റെ പരിവേഷം ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആരാധകര്‍ ബാഗ്ദാദില്‍ ഭീമന്‍ സ്വര്‍ണ ഷൂ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മുന്‍തദര്‍ ധരിച്ച ബ്രാന്‍ഡ് ഷൂവിന്റെ വില്‍പ്പനയും കുത്തനെ കൂടി. ലിബിയയുടെ പരമോന്നതബഹുമതിയായ ‘ലിബിയന്‍ മെഡല്‍ ഓഫ് ഓണര്‍’ മുന്‍തദറിനു സമ്മാനിക്കുമെന്ന് ലിബിയന്‍ നേതാവ് അല്‍ ഗദ്ദാഫി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാഖിലെ അമേരിക്കന്‍അധിനിവേശത്തില്‍ പ്രതിഷേധിച്ചായിരുന്നു ചെരിപ്പേറ് നടത്തിയതെന്ന മുന്‍തദര്‍ വ്യക്തമാക്കിയിരുന്നു. ഇറാഖിലെ അനാഥരാക്കപ്പെട്ട അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് താനിതുചെയ്യുന്നതെന്നും ബുഷിനു നല്കുന്ന വിടവാങ്ങല്‍ ചുംബനമാണിതെന്നും മുന്‍തദര്‍ വിളിച്ചുപറഞ്ഞിരുന്നു.

വിദേശരാഷ്ട്രത്തലവനെ അപമാനിച്ച കുറ്റത്തിന് മൂന്നുവര്‍ഷത്തെ തടവുശിക്ഷയായിരുന്നു ആദ്യം മുന്‍തദറിനു വിധിച്ചത്. അപ്പീല്‍കോടതി ഇത് ഒരുവര്‍ഷമായി കുറച്ചു. ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ച് ശിക്ഷ വീണ്ടും ഇളവുചെയ്യുകയാണുണ്ടായത്.

തന്നെ ജയിലില്‍വെച്ച് പീഡിപ്പിച്ച ഉദ്യോഗസ്ഥരുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് മുന്‍തദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലുദ്യോഗസ്ഥരുടെ പീഡനത്തില്‍ മുന്‍തദാറിന്റെ കൈയും വാരിയെല്ലും പൊട്ടിയതായും പല്ല് കൊഴിഞ്ഞതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദഗ്ധ പരിശോധനക്കായി മുന്‍തദറിനെ ഗ്രീസിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച അറിയിച്ചു.