Categories

കോംപാക് കപ്പ് ഇന്ത്യക്ക്

compac-cupകൊളംബൊ: തോല്‍വിക്ക് ഇന്ത്യ മധുരമായി പ്രതികാരം ചെയ്തു. ശ്രീലങ്കയെ 46 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ കോംപാക് കപ്പ് സ്വന്തമാക്കി. സച്ചിന്‍ 133 പന്തില്‍ നിന്ന് 138 റണ്‍സ് നേടി ബാറ്റിങ്ങിന് അടിത്തറയിട്ടപ്പോള്‍ ഹര്‍ഭജന്‍ 56 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി വിജയം ഉറപ്പിച്ചു.

ലങ്കക്ക് വേണ്ടി ആദ്യവിക്കറ്റില്‍ ദില്‍ഷനും ജയസൂര്യയും 64 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ലങ്കക്ക് അടിപതറി. ഹര്‍ഭജന്റെ ബോളില്‍ ദില്‍ഷന്‍ ബൗള്‍ഡായി. പിന്നീട് കണ്ടമ്പി മാത്രമാണ് പിടിച്ചുനിന്നത്. 94 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ കണ്ടമ്പിയാണ് ടോപ് സ്‌കോറര്‍. ദില്‍ഷന്‍ 42 റണ്‍സെടുത്തു. സംഗകാര 33ഉം കപുഗേദര 35ഉം റണ്‍സെടുത്തു.

ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശര്‍മ്മ, ആര്‍.പി.സിങ്, യൂസഫ് പഠാന്‍, യുവരാജ്‌സിങ്, സുരേഷ് റൈന എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സച്ചിന്റെ സെഞ്ചറിയാണ് ഇന്ത്യന്‍ ഇന്നിംങ്‌സിന് നെടുംതൂണായത്. സച്ചിന്റെ നാല്‍പ്പത്തിനാലാമത് ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. പത്ത് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്.

ടോസ് നേടിയ ഇന്ത്യ സച്ചിന്റെയും ക്യാപ്റ്റന്‍ ധോനിയുടെയും (56) യുവരാജ്‌സിങ്ങിന്റെയും (56 നോട്ടൗട്ട്) ബാറ്റിങ്ങിന്റെ ബലത്തില്‍ അമ്പതോവറില്‍ 319 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 133 പന്തില്‍ 138 റണ്‍സ് കുറിച്ച് സച്ചിന്‍ ഏകദിനത്തില്‍ വീണ്ടുമൊരു സെഞ്ചുറി നേട്ടം കുറിച്ചപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യുവരാജ് 41 പന്തില്‍ 56 റണ്‍സ് നേടി. പിന്നിട്ട രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ദിനേശ് കാര്‍ത്തിക്കിന് പകരം ഫൈനലില്‍ ദ്രാവിഡിനെ സച്ചിന്റെ ഓപ്പണിങ് കൂട്ടാളിയാക്കിയത് പിഴച്ചില്ല. കാര്‍ത്തിക്കിന് പകരം വിരാട് കോഹ്‌ലി ഫൈനലിലെ ടീം നിരയില്‍ ഇടം നേടുകയും ചെയ്തു.

ജയസൂര്യയുടെ പന്തില്‍ ദില്‍ഷന് ക്യാച്ച് നല്‍കി ദ്രാവിഡ് പുറത്തായതോടെ ക്രീസിലെത്തിയ നായകന്‍ ധോണിക്കൊപ്പം സച്ചിന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുകയായിരുന്നു. 36.3 ഓവറില്‍ എത്തി നില്‍ക്കേ മലിംഗയുടെ പന്തില്‍ കണ്ടാംബിക്ക് ക്യാച്ച് നല്‍കിയ ധോണി (62 പന്തില്‍ 56 റണ്‍സ്) പുറത്തായപ്പോള്‍ സ്‌കോര്‍ 205 ല്‍ എത്തി. അവസാന ഓവറുകള്‍ വരെ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ച വച്ച സച്ചിന്‍, മെന്‍ഡിസ് എറിഞ്ഞ നാല്‍പത്തിയഞ്ചാം ഓവറിന്റെ അവസാന പന്തില്‍ എല്‍.ബി.ഡബ്‌ളിയു ആയി പുറത്തായി.

പിന്നീടിറങ്ങിയ പഠാന്‍ പൂജ്യത്തിന് പുറത്തായി. അവസാന ഓവറുകളില്‍ പുറത്താകാതെ വെടിക്കെട്ട് പുറത്തെടുത്ത യുവരാജ് സ്വന്തം സ്‌കോര്‍ 50 കടത്തിയതിനൊപ്പം 319 എന്ന മികച്ച സ്‌കോര്‍ നേടാന്‍ സഹായിക്കുകയും ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.