Categories

വൈ.എസ്.ആര്‍ ഓര്‍മ്മയായി

ysr-funeral

ഹൈദരാബാദ്: അന്തരിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിക്ക് ജനലക്ഷങ്ങള്‍ യാത്രാമൊഴി നല്‍കി. റെഡ്ഡിയുടെ മൃതദേഹം ജന്മനാടായ കഡപ്പയിലെ ഇഡുപ്പുലപ്പായയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ആന്ധ്ര വെള്ളിയാഴ്ച കരയുകയായിരുന്നു. ദുഖത്തിന്റെ നടുക്കടലായി ഹൈദരാബാദ് മാറി. വൈ.എസ്. ആറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇഷ്ടനേതാവിന്റെ മൃതദേഹത്തിനു മുന്നില്‍ അവര്‍ വിങ്ങിപ്പൊട്ടി. ചിലര്‍ മോഹാലസ്യപ്പെട്ടുവീണു. ‘വൈ.എസ്.ആര്‍. അമര്‍ രഹേ’ മുദ്രാവാക്യം ഇടതടവില്ലാതെ ഉയര്‍ന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രതിരോധമന്ത്രി എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവര്‍ ബീഗംപേട്ടില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അന്ത്യപ്രണാമമര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, സുശീല്‍കുമാര്‍ ഷിന്‍ഡെ, ഡി. രാജ, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അനുശോചനമര്‍പ്പിക്കാനെത്തിയിരുന്നു. കേരളത്തില്‍നിന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരും എത്തി.

സ്‌റ്റേഡിയത്തിലേക്ക് ജനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ന്നുവീണു. തിരക്ക് നിയന്ത്രിക്കാന്‍ അര്‍ധസൈനികവിഭാഗങ്ങളും പോലീസും പണിപ്പെട്ടു. തിക്കിലും തിരക്കിലും പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ നേരത്തേ നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ മുമ്പേ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

ഉച്ചക്ക് ഒരുമണിക്കാണ് കരസേനയുടെ ഹെലികോപ്റ്ററില്‍ മൃതദേഹം പുലിവെണ്ടുലയിലേക്ക് കൊണ്ടുപോയത്. അവിടെ ഇഡുപ്പുലപ്പായ ഗ്രാമത്തിലെ കുടുംബ എസ്‌റ്റേറ്റില്‍, അച്ഛനമ്മമാരുടെ ശവക്കല്ലറകളോടു ചേര്‍ന്നായിരുന്നു അടക്കം. വൈ.എസ്.ആറിന്റെ ഭാര്യ വിജയലക്ഷ്മി, മകന്‍ ജഗന്‍മോഹന്‍, മകള്‍ ശര്‍മിള, പേരക്കുട്ടികള്‍ എന്നിവര്‍ നിറമിഴികളോടെ അന്തിമകര്‍മങ്ങളില്‍ പങ്കെടുത്തു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.