Administrator
Administrator
പിണറായിക്ക് വേണ്ടി ചാവേറാകാന്‍ തന്നെ കിട്ടില്ല
Administrator
Saturday 26th September 2009 2:44pm

sebastian-rwകൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് മുന്‍ എംപി സെബാസ്റ്റിയന്‍ പോള്‍.പിണറായിയേയും മറ്റ് പാര്‍ട്ടി നേതാക്കളേയും തെറ്റിദ്ധരിപ്പിക്കുന്നതും ഇതേ ഉപജാപക സംഘമാണ്. പിണറായിക്ക് വേണ്ടി ചാവേറാകാന്‍ തന്നെ കിട്ടില്ലെന്നും പൊതുസമൂഹത്തോട് ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനാണ് താനെന്നും സെബാസ്റ്റിയന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു തവണ എല്‍.ഡി.എഫ് പിന്തുണയോടുകൂടി എം.പിയായും ഒരു തവണ എം.എല്‍.എയായും പ്രവര്‍ത്തിച്ച സെബാസ്റ്റിയന്‍ പോള്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സഹയാത്രികനുമാണ്.മാതൃഭൂമിയില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സത്യാന്വേഷണം തുടരട്ടെ’ എന്ന ലേഖനമാണ് പുതിയ വിവാദത്തിന് തുടക്കമായത്.ദേശാഭിമാനിയില്‍ ഇതിനെതിരെ പ്രഭാവര്‍മ മറുപടിയെഴുതിയതോടെ വിവാദം കൊഴുത്തു.

മാതൃഭൂമിയില്‍ എഴുതിയ തന്റെ ലേഖനത്തെ വിമര്‍ശനവിധേയമാക്കിയതിന് പിന്നിലും ഇതേ ഉപജാപക സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരാണ് പാര്‍ട്ടിയില്‍ പലരും. പൊതുസമൂഹത്തെ പാര്‍ട്ടിയോട് ബന്ധിപ്പിക്കാന്‍ കഴിയുന്ന കണ്ണികളെ ഒന്നൊന്നായി പാര്‍ട്ടി മുറിച്ചുമാറ്റുകയാണ്.ഇതു പാര്‍ട്ടിക്കു ദോഷം ചെയ്യും.

അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാ ഗാന്ധി മാധ്യമങ്ങളുടെ നേരെ ആഞ്ഞടിച്ച അതേ ശൈലിയാണ് പിണറായി വിജയനും കൂട്ടരും ആവര്‍ത്തിക്കുന്നത്. ഉപജാപകവൃന്ദത്തിലുള്ളവര്‍ പറയുന്ന അസത്യങ്ങളാണ് പിണറായി വിശ്വസിക്കുന്നത്.ഇത്തരം നടപടികളിലൂടെ പാര്‍ട്ടിയുടെ പല സുഹൃത്തുക്കളെയും അദ്ദേഹം വെറിപ്പിച്ചു.

പിണറായി കുറച്ചുകൂടി സഹിഷ്ണുതയോടെ പ്രതികരിക്കണം. തെറ്റുകളെ കുറിച്ച് തന്നെ വിളിച്ചു പറയാനും ശാസിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.താന്‍ പറഞ്ഞ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. എന്നാല്‍ പൊതുയോഗത്തില്‍ വച്ച് ശാസിക്കുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്.

മാധ്യമ സിന്‍ഡിക്കറ്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായം കൈരളി ചാനലില്‍ വിശിദീകരിച്ചിട്ടുണ്ട്. ഇത് പിന്നീടു പുസ്തകരൂപത്തില്‍ പുറത്തിറക്കുകയും ചെയ്തു. ഈ പുസ്തകം പിണറായി വിജയനെ കാണിച്ചിരുന്നു.നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. അപ്പോള്‍ പറഞ്ഞകാര്യങ്ങള്‍ വിശ്വസിച്ചു എന്ന രീതിയില്‍ മറുപടി പറയുകയും പിന്നീട് പൊതുവേദിയില്‍ വിമര്‍ശിക്കുന്ന സമീപനവുമാണ് അദ്ദേഹം സ്വീകരിച്ചത്.പൊതുയോഗത്തില്‍ സെബാസ്റ്റിയന്‍ പോള്‍ എല്ലാ പത്രക്കാര്‍ക്കും വേണ്ടി ജാമ്യമെടുക്കേണ്ട എന്നാണ് പിണറായി പറഞ്ഞത്.-സെബാസ്റ്റിയന്‍ പോള്‍ വിശദീകരീച്ചു.


Advertisement