Categories

പി സി തോമസിന്റെ 2004ലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

pc-thomes

ന്യൂദല്‍ഹി: 2004 ലെ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി അസാധുവാക്കി. നേരത്തെ തിരഞ്ഞെടുപ്പു റദ്ദാക്കി സി.പി.ഐ.എം സ്ഥാനാര്‍ഥി പി.എം. ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ പി.സി. തോമസ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.
മതവികാരമുണര്‍ത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി പി.എം. ഇസ്മായില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി.സി.തോമസിന് ആറു വര്‍ത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. നേരത്തേ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ സമത്തുതന്നെ ഹൈക്കോടതി പി.സി.തോമസിന്റെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും എടുത്തുകളഞ്ഞിരുന്നു.

ലോക്‌സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി. തോമസ് 2004 ല്‍ മൂവാറ്റുപുഴയില്‍ വിജയിച്ചത്. മണ്ഡലത്തിലെ കത്തോലിക്കാ വോട്ടര്‍മാരുടെ മതവികാരം ചൂഷണം ചെയ്യുന്നവിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്നുമുള്ള എതിര്‍ സ്ഥാനാര്‍ഥിയുടെ ആരോപണം ശരിവെച്ച ഹൈക്കോടതി കോടതി കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123(3), 123(5) വകുപ്പുകളുടെ ലംഘനം സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നില്ലായിരുന്നെങ്കില്‍ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാന്‍ സാധ്യമായിരുന്നുവെന്നും ഹൈക്കോടതി അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

2004 മേയ് 10നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ്. കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് ജോണ്‍ കച്ചിറമറ്റം പി.സി. തോമസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കിയ നോട്ടീസാണു വിവാദമായത്. ദേശീയ മുഖ്യധാരയില്‍ നിന്നു ക്രിസ്ത്യാനികള്‍ മാറി നില്‍ക്കരുതെന്നുള്ള മാര്‍പാപ്പയുടെ ആഹ്വാനം നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നു. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പി.സി. തോമസ് പങ്കെടുത്തപ്പോള്‍ മാര്‍പാപ്പയുടെ കൈമുത്തിയ കാര്യവും പരാമര്‍ശിച്ചിരുന്നു.

മധ്യപ്രദേശിലെ ജാബുവയില്‍ ആക്രമിക്കപ്പെട്ട മിഷനറിമാരുടെ സഹായത്തിനു തോമസ് എത്തിയ കാര്യവും നോട്ടീസില്‍ പരാമര്‍ശിച്ചു. ബൈബിള്‍ കഥാപാത്രവുമായി തോമസിനെ താരതമ്യപ്പെടുത്തി. ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടരുന്ന, സഭാകല്‍പ്പനകള്‍ അനുസരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തോമസിനെ ജയിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും നോട്ടീസില്‍ അഭ്യര്‍ഥിച്ചു. മതത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കു വോട്ടു ചെയ്യുമെന്ന സാക്ഷിമൊഴി കേസിനെ ബലപ്പെടുത്തി. കത്തോലിക്കാ കോണ്‍ഗ്രസ് മതപരമായ സംഘടനയാണെന്ന കാര്യം പി.സി. തോമസ് പോലും സമ്മതിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതി പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.