ശ്രീനഗര്‍: കാശ്മീരില്‍ കുപ് വാര ജില്ലയില്‍ പൊലീസ് വെടിവെപ്പിനിടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത ദു:ഖത്തോടെയാണ് ലോകം കേട്ടത്.

ആ ഞെട്ടലില്‍ നിന്നും കുടുംബത്തിന് മോചിതരാകാന്‍ കഴിഞ്ഞിട്ടില്ല. മക്കിനി ബീഗവും കുടുംബവും ഉറക്കത്തിലായിരിക്കെയാണ് പാഞ്ഞെത്തിയ വെടിയുണ്ട ആ കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നത്.

12 കാരിയായ കനീസ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ആറ് വയസുകാരനായ ഫൈസലിന് പരിക്കേറ്റു. മകനൊപ്പം ആശുപത്രിയില്‍ കഴിയുമ്പോഴും ആ ദുരന്ത ദിനവും ഉറക്കത്തില്‍ മാഞ്ഞുപോയ തന്റെ മകള്‍ കനീസയുടെ മുഖവും മറക്കാനാവുന്നില്ലെന്ന് മക്കിനി ബീഗം പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
”ഞങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. കിടക്കയ്ക്ക് പശപോലെ തോന്നി. നോക്കിയപ്പോള്‍ ആകെ രക്തം അത് എന്റെ മകളുടേയും മകന്റേയും ശരീരത്തില്‍ നിന്ന് ഒഴുകുന്നതാണെന്ന് ഏതാനും നിമിഷത്തിന് ശേഷമാണ് തിരിച്ചറിഞ്ഞത്.

നേരം പുലര്‍ന്നിട്ടില്ലായിരുന്നു. ഞങ്ങള്‍ എല്ലാവരും ഒരേ മുറിയിലാണ് ഉറങ്ങുന്നത്. വെടിയൊച്ച കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. നമ്മുടെ വീടിന്റെ തൊട്ടടുത്തു നിന്നാണ് വെടിയൊച്ച കേള്‍ക്കുന്നതെന്ന് ഞാന്‍ പതുക്കെ എന്റെ ഭര്‍ത്താവിനോട് പറഞ്ഞു. രക്ഷപ്പെടാനായി അവിടെ തന്നെ കിടക്കുന്നതാണ് ഉചിതമെന്ന് തോന്നി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.


Dont Miss ആരാധകന്‍ അടിച്ചെന്ന് ടോവിനോ ; സ്‌നേഹം കൊണ്ട് തൊട്ടതാകാമെന്ന ആരാധകരുടെ വാക്ക് ചെവിക്കൊള്ളാതെ താരം: വീഡിയോ


അവള്‍ എന്റെ വലതുകയ്യില്‍ ചേര്‍ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അവള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഞാന്‍ അവളെ തൊട്ടുനോക്കി ദേഹത്ത് പശപോലെ എന്തോ..ഞാന്‍ എന്റെ കയ്യിലേക്ക് നോക്കി…ആകെ രക്തം. പെട്ടെന്ന് തന്നെ പുതപ്പ് മാറ്റി ചുറ്റും രക്തം തളംകെട്ടുകയായിരുന്നു. എന്റെ മോളുടെ ദേഹത്ത് നിന്ന് രക്തം ചീറ്റിയൊഴുകുന്നതായിരുന്നു പിന്നെ കണ്ടത് മകന്‍ ഫൈസലിനും വെടിയേറ്റു. അവന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നു.

സഹായത്തിനായി അലറിക്കരഞ്ഞെങ്കിലും ആരും എത്തിയില്ല. പിന്നീട് തുരുതുരാ വെടിയുണ്ടകള്‍ ചീറിയടുക്കുകയായിരുന്നു. ഞാന്‍ എന്റെ വീടിന്റെ വാതില്‍ തുറന്നു. അവിടെ മൂന്ന് പൊലീസുകാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് അവരോട് കരഞ്ഞുപറഞ്ഞ് യാചിച്ചു.

സമയം ഏഴ് മണിയാകാനായിരുന്നു. മകനെ വീട്ടില്‍ നിന്നും പുറത്തെത്തിക്കാന്‍ പൊലീസ് സഹായിച്ചു. അവന്റെ തോളിനായിരുന്നു വെടിയേറ്റത്. മകളുടെ ശരീരം വീടിന് പുറത്തെത്തിച്ചു. അവള്‍ ഞങ്ങളെ വിട്ട് പോയെന്ന് എനിക്ക് തോന്നി. അപ്പോള്‍ മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് മനസില്‍ വന്നത്. കനീസയെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. എനിക്ക് നാല് ആണ്‍മക്കളാണ്. അവളായിരുന്നു ഏക പെണ്‍തരി.

ഒരു ആംബുലന്‍സ് എത്തുന്നതുവരെ അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ ഞങ്ങള്‍ അഭയംതേടി. ഞങ്ങളുടെ വീടിന്റെ അടുത്തായിട്ടാണ് തീവ്രവാദികള്‍ ഒളിച്ചിരുന്നത് എന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ അവരെ തുരത്തുന്നതിന് വേണ്ടി വെടിയുതിര്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഞങ്ങളെ അവിടെ നിന്ന് മാറ്റിയില്ല എന്ന് അറിയില്ല. മകനൊപ്പം ആശുപത്രിയില്‍ ആയതിനാല്‍ തന്നെ എന്റെ മകളെ അവസാനമായി ഒന്നുകാണാന്‍ പോലും എനിക്ക് സാധിച്ചില്ല. ഒരു അമ്മയെ സംബന്ധിച്ച് ഇതിനേക്കാള്‍ വലിയൊരു വേദന വേറെയില്ല- നിറകണ്ണുകളോടെ ആ അമ്മ വിതുമ്പി.