പാറ്റ്‌ന: ലോക് ജനശക്തി പാര്‍ട്ടിയുടെ 12 എം എല്‍ എമാര്‍ ബിഹാര്‍ നിയമസഭയില്‍ നിന്നും രാജിവച്ചു. സഭയില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി നടത്തിയിരിക്കുന്നത്.

സ്പീക്കര്‍ നരൈന്‍ ചൗധരിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് എല്‍ ജെ പി വക്താവ് കേശവ് സിംഗ് അറിയിച്ചു. രാജിക്കത്ത് പാര്‍ട്ടി ദേശീയപ്രസിഡന്റ് രാംവിലാസ് പാസ്വാനും സംസ്ഥാന പ്രസിഡന്റ് പശുപതി കുമാറിനും അയച്ചതായും കേശവ് സിംഗ് പറഞ്ഞു. സഭയുടെ നടുക്കളത്തിലിറങ്ങി അക്രമം കാണിച്ചതിനും സ്പീക്കര്‍ക്കുനേരെ ചെരിപ്പുവലിച്ചെറിഞ്ഞതിനുമാണ് എം എല്‍ എമാരെ സ്പീക്കര്‍ പുറത്താക്കിയത്.