തിരുവനന്തപ്പുരം: സൗജന്യമായി സര്‍വ്വീസ് നടത്തുന്ന തിരുവനന്തപ്പുരത്തെ ആംബുലന്‍സ് സര്‍വ്വീസുകള്‍ മിന്നല്‍ പണിമുടക്കില്‍. എ. ടി. ജോര്‍ജ്ജ് എം. എല്‍. എ ഒരു ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എം. എല്‍. എക്ക് എതിരെ നടപടി എടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി.

എം. എല്‍. എയും പത്ത് അംഗ സംഘവും ഓടിച്ചിട്ട് തല്ലുകയായിരുന്നുവെന്ന് മര്‍ദനമേറ്റ ആംബുലന്‍സ് ഡ്രൈവര്‍ നൗഷാദ് പറഞ്ഞു. 24 ആംബുലന്‍സുകളാണ് പണിമുടക്കുന്നത്. 108 നമ്പര്‍ ഡയല്‍ ചെയ്താല്‍ രോഗികള്‍ക്ക് സൗജന്യമായി സേവനം നടത്തുന്ന ആംബുലന്‍സ് സര്‍വ്വീസുകളാണിത്.
തിരുവനന്തപ്പുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകളുടെ സമരം രോഗികളെയും അവശതയനുഭവിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കും.