kinaloor-it-project

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉന്നതതലസമിതി ഇന്നു യോഗം ചേരും. ഐടി, ടൂറിസം വകുപ്പുകളിലെ ഏഴിലധികം പദ്ധതികളാണ് സമിതിയുടെ മുന്നിലെത്തുക. ഉന്നതതല സമിതിയുടെ അനുമതി ലഭിക്കുന്ന വ്യവസായ പദ്ധതികള്‍ക്ക്, പിന്നീട് കാബിനറ്റിന്റെ അംഗീകാരം മാത്രം മതിയാകും. വൈകുന്നേരം നാലരക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

വിവാദമായ ശോഭാ ഗ്രൂപ്പിന്റെ ഹൈടെക് സിറ്റി, കോഴിക്കോട് ബാലുശ്ശേരിയിലെ കിനാലൂര്‍ ഉപഗ്രഹ നഗര പദ്ധതി, സലാര്‍പൂരിയ ഗ്രൂപ്പിന്റെ കൊച്ചിയിലെ നോളജ് സിറ്റി തുടങ്ങിയവയാണ് സമതിയുടെ മുന്നിലെത്തുന്ന പ്രധാന പദ്ധതികള്‍. ഐ.ടി പദ്ധതികള്‍ പലതും മുഖ്യമന്ത്രി തടഞ്ഞ് വെച്ചിരിക്കയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ മുന്നിലെത്തുന്ന പദ്ധതികളില്‍ പലതും നിസാരകാരണങ്ങളാല്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് സി.പി.ഐ.എം വിലയിരുത്തിയിരുന്നു. ഈ കാലതാമസം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യവസായ ക്ലിയറന്‍സ് സെല്‍ രൂപീകരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. നൂറു കോടിരൂപക്ക് മുകളിലുള്ള വ്യവസായ പദ്ധതികള്‍ക്ക് ഏകജാലകസംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനാണ് ഉന്നതതലസമിതി രൂപീകരിച്ചത്.

രണ്ടുവര്‍ഷത്തിനു മുന്‍പെങ്കിലും സര്‍ക്കാരിന്റെ മുന്നിലെത്തിയ പദ്ധതികളാണ് ഉന്നതതലസമിതി പരിശോധിക്കുന്നവയില്‍ ഭൂരിപക്ഷവും. ഏകജാലക ഉന്നതതലസമിതിയുടെ മുന്നിലെത്തിയ പദ്ധതികളെക്കുറിച്ച് വിവിധ വകുപ്പുകള്‍ക്കുള്ള ആശങ്കയും ഈ യോഗത്തില്‍ ഉന്നയിക്കും. ഉന്നതതല സമിതിയുടെ അനുമതി ലഭിച്ചാല്‍ പിന്നീട് കാബിനറ്റിന്റെ അംഗീകാരം മാത്രം മതിയാകും. വിവിധവകുപ്പുകളുടെ പ്രത്യേക അനുമതി ആവശ്യമില്ല. മുഖ്യമന്ത്രിക്കു പുറമെ ധനം, വ്യവസായം, റവന്യൂ, തദ്ദേശഭരണം വകുപ്പുകളിലെ മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് 11 അംഗസമിതി.