മുംബൈ: 2009 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 10 രൂപാ നാണയത്തെക്കുറിച്ച് പ്രവചിക്കാന്‍ നീരാളി പോള്‍ തന്നെ വരേണ്ടിവരും. 8 കോടി രൂപയുടെ 10 രൂപാ നാണയങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ടെന്ന് ആര്‍ ബി ഐ അവകാശപ്പെടുമ്പോഴും ഇത്രയും നാണയം എവിടെപ്പോയ് മറഞ്ഞു എന്ന് സാമ്പത്തിക വിദഗ്ധര്‍ക്കുപോലും കണ്ടെത്താനായിട്ടില്ല.

10 രൂപാ നോട്ടിന് പകരക്കാരനായിട്ടാണ് 10 രൂപാ നാണയം പുറത്തിറക്കിയത്. യൂറോയെ ഓര്‍മ്മപ്പെടുത്തുന്ന ഡിസൈനുള്ള നാണയം ജനങ്ങള്‍ സൂക്ഷിച്ചുവച്ചതാണ് വിപണിയിലെത്താത്തതിനു കാരണമെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പത്തുരൂപാ നോട്ടുകള്‍ വിപണിയില്‍ ആവശ്യത്തിലധികം പ്രചാരത്തില്‍ ഉള്ളതുകൊണ്ടാണ് ജനങ്ങള്‍ നാണയത്തോട് വിമുഖത കാട്ടുന്നതെന്നാണ് മറ്റു ചിലരുടെ പക്ഷം.

എന്നാല്‍ ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ നാണയങ്ങള്‍ ലഭ്യമാണെങ്കിലും ഇവയുടെ നോട്ടുകള്‍ കിട്ടാനില്ല. കേരളത്തില്‍ ഒരുരൂപയുടെ നാണയങ്ങള്‍പോലും ലഭിക്കില്ലെന്നാണ് പരാതി. എന്തായാലും 10 രൂപാ നാണയത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാനാവാതെ കുഴങ്ങുകയാണ് ആര്‍ ബി ഐ.