Categories

ഗ്ലാമര്‍ ഡോളാവാന്‍ ഇഷ്ടമില്ല: കരീന

മുംബൈ: ”എനിക്ക് അഭിനിയിക്കാന്‍ ഇഷ്ടമാണ്, കാരണം അതെന്റെ രക്തത്തിലുണ്ട്, എന്റെ ജീനിലുണ്ട്, അതാണ് നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത്. സുന്ദരിയായി വെറുതെ പാട്ടും പാടി മരംചുറ്റി നടക്കാന്‍ ഞാനില്ല എനിക്ക് അഭിനയിക്കണം” അഭിനയസാമ്രാട്ട് രാജ്കപൂറിന്റെ കുടുംബക്കാരിയും രണ്‍ധീറിന്റെയും ബബിതകപൂറിന്റെയും മകളും കരിഷ്മാ കപൂറിന്റെ അനുജത്തിയും ഷാഷിദ് കപൂറിന്റെ മുന്‍കാമുകിയും സെഫ്‌ലിഖാന്റെ നിലവിലെ കാമുകിയുമായ കരീന കപൂറിന്റേതാണ് ഈ വാക്കുകള്‍.

റഫ്യൂജിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ചിത്രം. കാരണം താനൊരു നടിയാണെന്ന് എനിക്ക് തെളിയിക്കണമെന്നുണ്ടായിരുന്നു. എപ്പോഴും ഒരു ഗ്ലാമര്‍ ഡോളായി നിലനില്‍ക്കാന്‍ തനിക്കിഷ്ട്ടമല്ലെന്നും കരീന പറയുന്നു. റഫ്യൂജി, ചമേലി, ഓംകാര, ജബ് വി മെറ്റ് 3 ഇഡിയറ്റ്‌സ്, കുര്‍ബാന്‍ എന്നിവയും വളരെ വിശേഷപ്പെട്ടതും വ്യത്യസ്തവുമായ ചിത്രങ്ങളാണ്.

മറ്റൊരു അഭിനേത്രിക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചത്. അതുകൊണ്ടു തന്നെ ഈ യാത്ര വളരെ വര്‍ണപ്പകിട്ടുള്ളതായിരുന്നു- 29 കാരിയായ കരീന വ്യക്തമാക്കി.

കഭി ഖുഷി കഭി ഗമ്മിലാണ് കരീനയും കജോളും ഒന്നിച്ചഭിനയിച്ചത്. ഒമ്പതു വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുകയാണ് വി ആര്‍ ഫാമിലിയില്‍. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രഥമ സംവിധാന സംരംഭമാണ് വി ആര്‍ ഫാമിലി. ഹോളിവുഡ് ചിത്രമായ സ്‌റ്റെപ് മോമ്മിന്റെ ബോളിവുഡ് വേര്‍ഷനാണ് വി ആര്‍ ഫാമിലി.

കജോളിന്റെ കൂടെ അഭിനയിക്കുന്നത് സന്തോഷകരമായ ഒരു വെല്ലുവിളിയാണ്. കരീന പറയുന്നു. അര്‍ജ്ജുന്‍ രാംപാലാണ് നായകന്‍. ജൂലിയ റോബേട്ട്‌സ് അവതരിപ്പിച്ച റോളാണ് കരീനയുടേത്. കരണ്‍ ജോഹറാണ് ആ റോളിലേക്ക് കരീനയെ തിരഞ്ഞെടുത്തത്. കരീനയുടെ പ്രിയപ്പെട്ട താരവും ജൂലിയയാണ്.

അമ്മമാര്‍ എന്ന നിലയില്‍ കജോളും തന്റെ സഹോദരി കരിഷ്മയും ഒരു പോലെയാണെന്നാണ് കരീനയുടെ പക്ഷം. അവര്‍ എപ്പോഴും കുട്ടികളുടെ ഒപ്പമാണ്‌ . ഇപ്പോഴത്തെ തലമുറയുടെ പ്രത്യേകതായിരിക്കാമെന്നും കരീന വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.