ഹൈദരാബാദ്: പ്രത്യേക തെലുങ്കാന രാഷ്ട്രം ആവശ്യപ്പെട്ട് തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള ത്രിദിന ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ തെലുങ്കാന മേഖലവഴി പോകുന്ന 124 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഒക്ടോബര്‍ 15 മുതല്‍ 17വരെ ഈ വഴി ട്രെയിനുകള്‍ ഉണ്ടാവില്ല.

48 എക്‌സ്പ്രസ് ട്രെയിനുകളും 76 പാസഞ്ചര്‍ ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഇതിനു പുറമേ 38 എക്‌സ്പ്രസ് ട്രെയിനുകളും 16 പാസഞ്ചര്‍ ഭാഗികമായി നിര്‍ത്തലാക്കി. 68 എക്‌സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ട് ജെ.എ.എസ് നേരത്തെ ട്രെയിന്‍ തടയല്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ 9മുതല്‍ 11വരെ സമരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് 12 മുതല്‍ 14വരെയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് 15 മുതല്‍ 17വരെ സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Subscribe Us:

അക്രമത്തിനു മുതിരുന്ന സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, കോണ്‍ഗ്രസിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ കോണ്‍ഗ്രസ് എം.പിമാരും സമരക്കാര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ട്രെയിന്‍തടയല്‍ സമരത്തില്‍ ഞങ്ങളും പങ്കുചേരുമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ അംഗം ജി. വിവേക് പറഞ്ഞു.