Categories

ഹൊമീറൊ മാന്‍സി

ബാബു ഭരദ്വാജ്
vellikkolusuരു നുണ നൂറുവട്ടം പറഞ്ഞാല്‍ അത് സത്യമാവുമെന്ന് ശഠിച്ചത് ഗീബല്‍സാണ്. ഹിറ്റ്‌ലറുടെ വലംകയ്യും ഇടംകയ്യുമൊക്കെയായിരുന്ന ഗീബല്‍സ്. അസത്യങ്ങളെ സത്യങ്ങളാക്കിയതിനുള്ള പുരസ്‌കാരം ഗീബല്‍സിന് അവകാശപ്പെട്ടതാണ്. ലോകത്തെ ഏറ്റവും വലിയ അസത്യം യുദ്ധമാണ്, നമ്മള്‍ നീതിയുക്തമെന്ന് ധരിക്കുന്ന യുുദ്ധങ്ങള്‍ പോലും ഒരുപാട് അസത്യങ്ങള്‍ക്ക് മേല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന അനീതിയുടെ ഗോപുരങ്ങളാണ്. ലോകമെങ്ങും ഉയര്‍ത്തിയിരിക്കുന്ന യുദ്ധസ്മാരകങ്ങള്‍ അനീതിയുടെ ശവകുടീരങ്ങളാണ്.

‘/യുദ്ധം നമ്മുടെ ധാന്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കുടില തന്ത്രമാണ്’ എന്ന് പാടിയത് ഒരു പന്ത്രണ്ട് വയസുകാരനാണ്. രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞ കുട്ടിയുടെ നിഷ്‌കളങ്കതയുടെ മറ്റൊരു ജ്വലിക്കുന്ന ഉദാഹരണം. ആ പന്ത്രണ്ട് വയസുകാരന്റെ ആദ്യത്തെ കവിതയോ ഗാനമോ ആണത്. ആദ്യത്തെത് എന്ന് പറയാന്‍ പറ്റുമോ?. അതിന് മുമ്പ് അവന്‍ മനസില്‍ ഒരുപാട് കവിതകള്‍ എഴുതി മായ്ച്ച് കളഞ്ഞിരിക്കണം. എന്നാല്‍ ആദ്യമായി തന്റെ വരികള്‍ അച്ഛനെ കേള്‍പിക്കാന്‍ ധൈനര്യമുണ്ടായതിന് ശേഷമായിരിക്കണം ഹൊമീറൊ മാന്‍സി എന്ന കവി പിറക്കുന്നത്.

ഹൊമീറോ എന്ന പേര് ഹോമര്‍ എന്ന് നമുക്ക് വായിക്കാം മനുഷ്യവംശ ചരിത്രം തീ മണക്കുന്ന വാക്കുകളിലൂടെ എഴുതിയ ഹോമറിന്റെ പിന്‍ഗാമിയാണ് ഹൊമീറൊ. ഹൊമീറോ എന്ന അര്ജന്റീനിയന്‍ കവി വളരുന്നത് കൊടുങ്കാറ്റിലൂടെയാണ്. അര്‍ജന്റീനയിലെ കിരാതമായ ഏകാധിപത്യത്തിനെതിരെ പൊരുതി നാല്‍പത്തിമൂന്നാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങിയ ഹൊമീറൊ. ഹൊമീറേയെ കവിയെന്നാണോ വിളിക്കേണ്ടത്. ഹൊമീറോ കവിയായിരുന്നു. സിനിമ സംവിധായകനായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്നു. എല്ലാമായിരുന്നു. അതിനപ്പുറം ഹൊമീറോ ‘ ടാങ്കോ’ രചയിതാവായിരുന്നു. ടാങ്കോയെന്നാല്‍ ഒരു അര്‍ജന്റീനിയന്‍ കാവ്യനൃത്ത രൂപമാണ്. അര്‍ജന്റീനയിലെ ഏറ്റവും പ്രിയപ്പെട്ടവര്‍ ടാങ്കോ ഗായകരും രചയിതാക്കളുമാണ്. ഹൊമീറോ ടാങ്കോ ഒരു രചയിതാവായിരുന്നു.

അര്‍ജന്റീനിയന്‍ കലാപങ്ങള്‍ക്ക് ശ്രുതിയും താളവും നല്‍കിയത് ഹൊമീറോയുടെ ടാങ്കോ ഗാനങ്ങളാണ്. ദീര്‍ഘകാലം കാരാഗൃഹത്തിലിരുന്ന ജയിലിലെ ശൗചാലയത്തിലെ സാനിറ്ററി പേപ്പറില്‍ തേഞ്ഞ ഒരു കൊച്ചു പെന്‍സില്‍ കൊണ്ട് ഹൊമീറോ കാമുകിക്കെഴുതിയ ഗാനരൂപത്തിലുള്ള കത്തുകളാണ് കൊടുങ്കാറ്റിനെ ഊതിയുണര്‍ത്തിയത്. അതിലെ പ്രണയം കലാപത്തിന്റെ പ്രഭാതഭേരികളായിരുന്നു. ഹൊമീറോയുടെ മരണത്തിന് ഏതാണ്ട് എണ്‍പത് വയസാകുമ്പോള്‍ ലാറ്റിനമേരിക്ക ഇപ്പോഴും ഹൊമീറൊയുടെ ടാങ്കോ ഗാനങ്ങള്‍ പാടി തെരവില്‍ കലാപ നൃത്തം ചവിട്ടുന്നു. മരിക്കുന്നതിന്ന് തൊട്ട് മുമ്പ് ഫോണില്‍ തന്റെ സുഹൃത്തിനെ പാടി കേള്‍പ്പിച്ച എഴുതാത്ത കവിതയായിരിക്കണം ഹൊമീറോയുടെ അവസാനത്തെ കവിത. അത് ഏതാണ്ട് ഇങ്ങിനെ..

‘ എന്റെ കണ്ണുകള്‍ അടഞ്ഞാലും
ഈ ഭൂമിയും ഇതിലെ മരങ്ങളും
ബാക്കിയുണ്ടാവും.
ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്നെ
ആര്‍ക്കും കാണാനാവില്ല.
ഞാനുണ്ടാവില്ല.
എന്നാല്‍ എന്റെ വാക്കുകള്‍
ബാക്കിയുണ്ടാകും… അതെപ്പോഴുമുണ്ടാകും..’ അതെ,
വാക്കുകള്‍ ബാക്കിയാവുന്നു. ദൃശ്യങ്ങള്‍ പോയി മറഞ്ഞാലും വാക്കുകള്‍ ജീവന്റെ ഒരിക്കലും നശിക്കാത്ത വിത്തുകള്‍ പോലെ ബാക്കി നില്‍ക്കുന്നു. അങ്ങിനെ പറയാന്‍ പറ്റുമോയെന്ന് ഞാനിപ്പോള്‍ ഭയക്കുന്നു. കാരണം അത്തീക്ക് റാഹിമി എന്ന അഫ്്ഗാനി എഴുത്തുകാരന്റെ ‘മണ്ണും ചാരവുമെന്ന’ നോവല്‍ ഞാന്‍ വായിച്ചടച്ചു വെച്ചിട്ടേയുള്ളൂ. അതില്‍ യുദ്ധം ശബ്ദം നഷ്ടപ്പെടുത്തിയ ഒരു ചെറിയ കുട്ടിയുണ്ട്.

‘ അവന് കേള്‍ക്കാന്‍ ആവുന്നില്ല മനസിലാക്കാന്‍ ആവുന്നുമില്ല. കേള്‍ക്കാന്‍ കഴിവില്ലാത്തത് തനിക്കാണെന്ന് അവന്‍ ധരിക്കുന്നില്ല. മറ്റുള്ളവല്ലാം ഈമകളായിപ്പെയെന്നാണ് അവന്‍ ധരിക്കുന്നത്. മനുഷ്യര്‍ക്ക് അവരുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു ലോകം നിശബ്ദമായിരിക്കുന്നു’. കുട്ടി തന്നെ വേറൊരിടത്ത് പറയുന്നുണ്ട്,’ ബോംബിന് എന്തൊരു വലിപ്പമാണ് അത് നമ്മെ മിണ്ടാതാക്കുന്നു. ടാങ്കുകള്‍ ആളുടെ ശബ്ദവും കട്ടെടുത്ത് കളഞ്ഞു. എന്റെ മുത്തച്ഛന്റെ ശബ്ദവും അവ കൊണ്ട് പോയി.’. എല്ലാം കഴിഞ്ഞാല്‍ അവസാനം ബാക്കിയെന്തുണ്ടാകും ഒന്നുമുണ്ടാകില്ലായിരിക്കും ശബ്ദവും വാക്കുകളും ബാക്കി കാണില്ല.

Tagged with:

One Response to “ഹൊമീറൊ മാന്‍സി”

  1. Bindu Menon

    That small boy represents normal human nature ….seeing things according to own perception..not at all thinking what others will feel..or..others will think..!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.