ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടീനാഷനല്‍ കമ്പനിയായ നാഗര്‍ജുന കണ്‍സ്ട്രക്ഷന്‍ നിര്‍മിക്കാനിരുന്ന തെര്‍മല്‍ പ്ലാന്റിനെതിരേ ഒരു ഗ്രാമം മുഴുവനും ഒറ്റക്കെട്ടാണ്. 2010 ജൂലൈ 14ന് ഗ്രാമവാസികള്‍ പ്ലാന്റ് നിര്‍മിക്കാനിരിക്കുന്ന വയലിലെത്തി. ഏകദേശം 200 പോലിസും കമ്പനി നിയോഗിച്ച 220 ഗുണ്ടകളും സ്ഥലത്തുണ്ടായിരുന്നു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു.

രാവിലെ 10 ന് തുടങ്ങിയ സമരം തുടക്കത്തില്‍ ശാന്തമായിരുന്നു. ഗ്രാമവാസികള്‍ മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നു. എല്ലാം ഇപ്പോള്‍ അവസാനിക്കുമെന്ന് തോന്നിയ വേളയിലാണ് പെട്ടെന്ന് പോലിസ് ലാത്തി വീശാന്‍ തുടങ്ങിയത്. കമ്പനി ഗുണ്ടകളും സമരക്കാര്‍ക്കു നേരെ നീങ്ങി. രണ്ടുമണിക്കൂറിനകം എല്ലാം ശാന്തമായി എന്നു വീണ്ടു കരുതി.

എന്നാല്‍ രോഷാകുലരായ സമരക്കാര്‍ ഉച്ചയോടെ മുളയും വടിയുമെല്ലാം ശേഖരിച്ച് സ്ഥലത്തെത്തി. പ്രക്ഷോഭകരെ തടയാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അപ്പോഴേക്കും അക്രമാസക്തരായ മറ്റൊരു സംഘം വാഹനങ്ങള്‍ കത്തിക്കാനും മറ്റും തുടങ്ങി. ഉടന്‍ പോലിസ് വെടിവെച്ചു.

രക്ഷപ്പെടാന്‍ അവിടെ ഒരു കവാടം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇനിയും ചെറുത്തു നില്‍ക്കുന്നത് ശരിയല്ലെന്നു മനസിലാക്കിയ ജനം ചിതറിയോടി. ജോഗര്‍ റാവു, ജി കൃഷ്ണമൂര്‍ത്തി എന്ന രണ്ടു പേര്‍ക്ക വെടിയേറ്റു വഴിയില്‍ വീണു. രക്ഷിക്കാന്‍ ചെന്ന ടി വി 9 കാമറമാന്‍ അനില്‍കുമാറിനെ നാട്ടുകാര്‍ തലയ്ക്കടിച്ച പരിക്കേല്‍പ്പിച്ചു. അവര്‍ക്ക് പോലിസും മാധ്യമപ്രവര്‍ത്തകരും ഒരു പോലെയായിരുന്നു. മുറിവേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂലൈ 15ന് ദേശീയ പരിസ്ഥിതി അപ്പലറ്റ് കമ്മിറ്റി തെര്‍മല്‍ പ്ലാന്റ് നിര്‍മിക്കുന്നതിനെ വിലക്കിക്കൊണ്ട് ഉത്തരവ് പ്രകടിപ്പിച്ചു.

അന്നു വൈകീട്ടു കണ്ട കാഴ്ച്ച അമ്പരിപ്പിക്കുന്നതായിരുന്നു. പ്രതിപക്ഷ കക്ഷികളായ ചന്ദ്രബാബു നായിഡുവും ചിരംഞ്ജീവിയും പ്രദേശത്തെത്തി ജനങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു, സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നു. ഇതേ രാഷ്ട്രീയക്കാരെയാണ് ഇവിടുത്തെ ജനങ്ങള്‍ ഇതിനു മുമ്പും സമീപിച്ചിരുന്നത്. അന്ന് ജനങ്ങളുടെ അപേക്ഷ ഇവര്‍ കേട്ടിരുന്നില്ല.