മുംബൈ: ശക്തമായ ലോക്പാല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുതല്‍ നടത്തുന്ന ഉപവാസം ഗാന്ധിയന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. ഹസാരെയുടെ ആരോഗ്യ നില അതീവ ഗുരുതരമായിരിക്കയാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്തതായും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതായും സമര സംഘാടകര്‍ അറിയിച്ചു. എന്നാല്‍ സമരത്തിന് ജനപങ്കാളിത്തവും മാധ്യമശ്രദ്ധയും കുറഞ്ഞതാണ് അവസാനിപ്പിക്കാന്‍ പ്രേരണയായതെന്നാണ് ലഭിക്കുന്ന സൂചന. ജയില്‍ നിറയ്ക്കല്‍ സമരവും പിന്‍വലിച്ചതായി ഹസാരെ വ്യക്തമാക്കി.

മൂന്ന് ദിവസത്തെ ഉപവാസം അവസാനിക്കാന്‍ ഒന്നര ദിവസത്തോളം ബാക്കി നില്‍ക്കെയാണ് ഹസാരെ നാടകീയമായി സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഈ വര്‍ഷം നാലു തവണ സമരം നടത്തിയ ഹസാരെയ്ക്ക് പിന്തുണയുമായി ആയിരങ്ങള്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. ദല്‍ഹിയില്‍ സമരത്തിന് അനുമതി നിഷേധിച്ചതിനാല്‍ മുംബയിലെ എം.എം.ആര്‍.ഡി.എ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സമരത്തിന് വേണ്ടത്ര ജനപങ്കാളിത്തമില്ലാതെ പോയി.

ഡിസംബര്‍ 30 മുതല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ള എം.പിമാരുടെ വീടുകള്‍ക്ക് മുന്നില്‍ സമരം നടത്തി ജയില്‍ നിറയ്ക്കുമെന്ന മുന്‍ പ്രഖ്യാപനവും ഹസാരെ പിന്‍വലിച്ചു. സമരം അവസാനിപ്പിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘ചതിയന്മാര്‍ക്ക്’ വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും ഹസാരെ വ്യക്തമാക്കി.

Malayalam news

Kerala news in English