ന്യുദല്‍ഹി : പീഡനകേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ കോടതി വിധിയുമായി ബന്ധപ്പെട്ട് ആക്രമമുണ്ടാവുന്ന സംഭവങ്ങളില്‍ കാണുന്നത് ഹരിയാന സര്‍ക്കാറിന്റെ വോട്ടിനു വേണ്ടിയുള്ള നാണംകെട്ട കീഴടങ്ങലാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഹരിയാനയിലെ ബി.ജെ.പി ഗവണ്‍മെന്റ പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിക്കുമ്പോഴും അത് നിയന്ത്രിക്കാനാവാതെ നോക്കിനില്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അക്രമങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണ്ണമായും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റേതാണ്. ഒരു സംസ്ഥാനത്തെ മുന്‍കരുതലില്ലാതെ ഇത്രയും വലിയ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരിന് ഒരു നിമിഷം ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. മായാവതി പറഞ്ഞു.


Also read ജയിലിലേക്ക് റാം റഹിമിന്റെ പെട്ടി ചുമന്നു; ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിനെ പുറത്താക്കി


റാം റഹീം സിങ്ങിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടണമെന്ന കോടതി ഉത്തരവ് ഹരിയാന സര്‍ക്കാര്‍ നടപ്പിലാക്കിയിയിട്ടില്ലെന്നും മായാവതി ചൂണ്ടികാണിച്ചു.

റാം റഹീം സിങിന് ഏ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഹരിയാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. റാം റഹീമിന് ജയിലില്‍ കിട്ടിയിരുന്ന പ്രത്യകപരിഗണനയും എടുത്ത് മാറ്റി. ജയിലില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ റാം റഹീമിന് മിനറല്‍ വാട്ടറും സഹായിയുമടക്കം പ്രത്യേകസൗകര്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇത് വിവാദമായിരുന്നു.