ജിദ്ദ: സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിക്ക് ലീവ് ലഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സിവില്‍ സര്‍വ്വീസ് മന്ത്രാലയം. ആവശ്യമുള്ള തൊഴിലാളികള്‍ മാത്രമേ സിക്ക് ലീവ് എടുക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ചട്ടങ്ങള്‍ മാറ്റുന്നത്.

ഏതെങ്കിലും അംഗീകൃത ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഒപ്പിട്ട ലീവ് അപേക്ഷയാണെങ്കില്‍ തൊഴിലാളിക്ക് ഒരു ദിവസത്തെ അവധി കിട്ടും. മൂന്നു ദിവസത്തെ അവധി ആവശ്യമുള്ളവര്‍ ഏതെങ്കിലും ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ ഹാജരാക്കണം.

രണ്ട് ഡോക്ടര്‍, ഒരാള്‍ നമ്മളെ പരിശോധിച്ചവരായിരിക്കണം, എങ്കിലും ഒപ്പിട്ട അപേക്ഷയുണ്ടെങ്കിലേ നാലു ദിവസത്തെ അവധി ലഭിക്കുകയുള്ളൂ.

നാലില്‍ കൂടുതല്‍ ദിവസത്തെ അവധി വേണമെങ്കില്‍ സിക്ക് ലീവ് അപേക്ഷയില്‍ രണ്ടു ഡോക്ടറും ഒരു കണ്‍സല്‍ട്ടന്റും ഒപ്പിടണം.ഒരുമാസത്തിലേറെ ലീവ് വേണ്ട സാഹചര്യത്തില്‍ അപേക്ഷ നാല് സര്‍ക്കാര്‍ ബോഡികള്‍ പരിശോധിക്കും.

അനാവശ്യമായി സിക്ക് ലീവ് എടുക്കുന്നത് തടയാന്‍ വേണ്ടിയാണ് നിയമം കര്‍ശനമാക്കുന്നതെന്ന് സിവില്‍സര്‍വ്വീസ് സഹമന്ത്രി ഒബൈദ് അല്ലാ അല്‍ സനാ പറഞ്ഞു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമല്ല.