ദുബൈ: കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളാ സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് ടീകോം സി ഇ ഒ ഫരീദ് അബ്ദുല്‍ റഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം, ഭൂമി രജിസ്‌ട്രേഷന്‍, പ്രത്യേക സാമ്പത്തിക മേഖലാ പദവി തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. ടീകോമിന്റെ ഭാഗത്ത് നിലവില്‍ തടസങ്ങളൊന്നുമില്ല. ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ ടീകോം അനുസരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടീകോമിന് അന്ത്യശാസനം നല്‍കാന്‍ സര്‍ക്കാറിന് അവകാശമില്ല. സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ട്.

12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചുനില്‍ക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അടക്കമുള്ള കാര്യങ്ങളും പരിഹരിക്കപ്പെടാനുണ്ട്. ടീകോമിന്റെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ പരിഹരിക്കാന്‍ തയ്യാറാണ്. ടീകോമിന് സാമ്പത്തിക പ്രതിസന്ധിയാണെന്ന ആരോപണത്തിന് പലകുറി മറുപടി പറഞ്ഞിട്ടുള്ളതാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സ്മാര്‍ട് സിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗം 29ന് കൊച്ചിയില്‍ ചേരാനിരിക്കെയാണ് ടീകോം അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.