എഡിറ്റര്‍
എഡിറ്റര്‍
സോണി ബി തെങ്ങമം വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തിരിക്കുന്നത് നിയമം ലംഘിച്ച്; തെളിവുകള്‍ പുറത്ത്
എഡിറ്റര്‍
Wednesday 14th March 2012 2:54pmസ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സോണി ബി തെങ്ങമത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്നതിന് തെളിവ്. പാപ്പരായ ഒരാള്‍ക്ക് കമ്മീഷണറായി നിയമനം നേടാന്‍ അര്‍ഹതയില്ലെന്നാണ് വിവരാവകാശ നിയമം. എന്നാല്‍ സോണി ബി തെങ്ങമം  സംസ്ഥാന വിവരാവകാശ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് സ്വത്തുക്കളൊന്നുമില്ലെന്നാണ് കാണിച്ചിരിക്കുന്നത്.

വിവരാവകാശനിയമം സെക്ഷന്‍ (17(3)(a)) പ്രകാരം പാപ്പാരായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് ഈ സ്ഥാനത്ത് തുടരുന്നത് വിലക്കിയിട്ടുണ്ട്. 17(3(b) പ്രകാരം ശാരീരികമോ മാനസികമായി ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍ തല്‍സ്ഥാനത്തു തുടരുന്നെങ്കില്‍ അവരെ നീക്കാന്‍ സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഗവര്‍ണറെ അധികാരപ്പെടുത്തുന്നു. വിവരാവകാശ കമ്മീഷന്‍ വെബ്‌സൈറ്റില്‍ കമ്മീഷണര്‍മാര്‍ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നുണ്ട്. സോണി ബി. തെങ്ങമം സ്വമേധയാ വെളിപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പാപ്പരാണ്.

പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ അദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് വ്യക്തമാണ്. നിയമനം നടത്തുമ്പോള്‍ സോണി ബി. തെങ്ങമം ജോലി ചെയ്യാന്‍ പറ്റാത്തവിധം രോഗബാധിതനായിരുന്നു. ശമ്പളവും അലവന്‍സുമായി പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ വാങ്ങുന്ന ഇദ്ദേഹം മിക്കമാസങ്ങളിലും ഒരു കേസില്‍പോലും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

വിവരാവകാശ നിയമത്തിനെതിരായി രാഷ്ട്രീയക്കാരനായ സോണി ബി തെങ്ങമത്തെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു.  സോണി ബി തെങ്ങമം സി.പി.ഐയുടെ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു. വിവരാവകാശ കമ്മീഷനായി നിയമിതനായതിന്റെ തലേദിവസമാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ ഇദ്ദേഹം രാജിവെക്കുന്നത്.  ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം കേരള ആര്‍.ടി.ഐ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി ബിനു ഹൈക്കോടതി പൊതുതാല്‍പര്യ ഹരജി നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് നിയമലംഘിച്ചുകൊണ്ട് തല്‍സ്ഥാനത്ത് തുടരുന്ന തെങ്ങമത്തെ നീക്കാനുള്ള പുതിയ തെളിവുകള്‍ പുറത്തുവരുന്നത്. നേരത്തെ സോണി ബി. തെങ്ങമത്തിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും സോണി ബി തെങ്ങമം കമ്മീഷണറായി തുടരുകയാണ്.

ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവരാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

സാധാരണ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിനുമായി രൂപീകരിച്ച വിവരാവകാശനിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍  വീഴ്ച സംഭവിച്ചിരിക്കയാണെന്നും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിക്കേണ്ട വിവരാവകാശ കമ്മീഷന്‍ നിരാശാജനകമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നന്നുമാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആക്ഷേപം.

പൊതു അധികാരികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ്ണവിവരം സ്വമേധയാ വെളിപ്പെടുത്താന്‍ നിയമത്തിലെ വകുപ്പ് 4(1) ബാദ്ധ്യസ്ഥമാക്കുന്നുണ്ടെങ്കിലും കമ്മീഷന്റെ വെബ്‌സൈറ്റില്‍പോലും പ്രവര്‍ത്തനങ്ങളുടെ വിവരം ലഭ്യമല്ല. നിയമപ്രകാരം പ്രതിവര്‍ഷം നിയമസഭയ്ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് പോലും യഥാസമയം സമര്‍പ്പിക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ല.

സുതാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കമ്മീഷന്‍ നടപടികള്‍ കാണാന്‍ ഇന്നും ജനങ്ങള്‍ക്ക് അവകാശമില്ല.  സുതാര്യത ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ ഹിയറിംഗുകള്‍ ഉണ്ടെങ്കിലും നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുവാന്‍ നിയതമായ ഒരു സംവിധാനവുമില്ലെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.

 

Advertisement