Categories

സോംദേവ്: ഇന്ത്യയുടെ സുവര്‍ണകുമാരന്‍

പി വി സൂരജ്

ലിയാന്‍ഡര്‍ പെയ്‌സിനുശേഷം ലോകടെന്നിസില്‍ ഇന്ത്യ മേല്‍വിലാസം സ്ഥാപിച്ചിരിക്കുന്നു, സോംദേവ് ദേവ് വര്‍മനെന്ന 25 കാരനിലൂടെ. ഏഷ്യന്‍ ഗെയിംസ് ടെന്നിസില്‍ ഇരട്ടസ്വര്‍ണം നേടിയ സോംദേവ് ഇന്ത്യന്‍ ടെന്നിസിലെ യുവരക്തങ്ങളുടെ പ്രതിനിധിയാണ്. ടെന്നിസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ അസംകാരന്‍ തന്റെ പേരിലാക്കി.

ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഇല്ലാതെയാണ് ഇന്ത്യന്‍ ടെന്നിസ് ടീം ഗ്വാങ്ഷൂ ഏഷ്യന്‍ഗെയിംസിനെത്തിയത്. യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള സംഘത്തില്‍ നിന്ന് അപ്രതീക്ഷിതനേട്ടമൊന്നും ഇന്ത്യ പ്രതീക്ഷിച്ചില്ല. എന്നാല്‍ അപ്രതീക്ഷിതമായ നേട്ടം യാഥാര്‍ത്ഥ്യമാക്കി ‘സോമു’ ഗെയിംസിലെ താരമായി.

പുരുഷഡബിള്‍സിലൂടെയാണ് സോംദേവ് ഏഷ്യന്‍ഗെയിംസില്‍ മെഡല്‍വേട്ട തുടങ്ങിയത്. പങ്കാളി സനംസിംഗ് കൃഷ്ണനൊപ്പമായിരുന്നു ഈ നേട്ടം. എന്നാല്‍ സിംഗിള്‍സ് സ്വര്‍ണനേട്ടം എന്നത് സോംദേവിനെസംബന്ധിച്ചിടത്തോളം സ്വപ്‌നമായിരുന്നു. റാങ്കിംഗില്‍ തന്നെക്കാള്‍ മുന്നിലുള്ള ഡെന്നിസ് ഇസ്തമിനെയാണ് നേരിടേണ്ടിയിരുന്നത്. എന്നാല്‍ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കി സോംദേവ് കളത്തിലിറങ്ങി. വെറും 41 മിനുറ്റ്, സോംദേവ് എതിരാളിയുടെ കളിയവസാനിപ്പിച്ചു!

തുടര്‍ച്ചയായ മല്‍സരങ്ങളുടെ ആധിക്യം സോംദേവിനെ തളര്‍ത്തിയിരുന്നുവെന്ന് കളിയില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ മെല്ലിച്ച ശരീരത്തിലല്ല, കളിയിലാണ് കാര്യമെന്ന് സോംദേവ് തെളിയിച്ചു.

ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സുവര്‍ണനേട്ടം സോംദേവിനെ ഏറെ കരുത്തായിട്ടുണ്ടെന്നത് വ്യക്തമാണ്. അവിടെനിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണ് ഗ്വാങ്ഷൂവില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിക്കാനും സോംദേവിനെ സഹായിച്ചത്.

അസമില്‍ ജനിച്ച സോംദേവ് അമേരിക്കയിലെ വെര്‍ജിനീയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ടെന്നിസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പരിശീലനത്തിനായി ചെന്നൈയിലേക്കായിരുന്നു സോംദേവ് തിരിച്ചത്. തുടര്‍ന്ന് മികച്ച കിരീടനേട്ടങ്ങള്‍ സ്വന്തംപേരിലാക്കാന്‍ സോംദേവിന് കഴിഞ്ഞു.

ഒടുവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കിരീടനേട്ടത്തിനുശേഷം ഗ്വാങ്ഷൂവില്‍ മറ്റൊരു അവിസ്മരണീയ നേട്ടവും.നന്ദി സോംദേവ്, പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ കളിക്കാനിറങ്ങി ഇന്ത്യക്ക് അവിസ്മരണീയനേട്ടം സമ്മാനിച്ചതിന്, ഒപ്പം ഇന്ത്യന്‍ ടെന്നിസിന് അന്താരാഷ്ട്രകായികരംഗത്ത് പുതിയ മേല്‍വിലാസം നല്‍കിയതിനും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.