Categories

സൈദിനെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുമെന്ന് മാലിക്

rehman_malik-rwഇസ്‌ലാമാബാദ്: ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സൈദിനെതിരെ ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിക്കണമെന്ന് പാക് അഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്.ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് സാഹചര്യത്തിലാണിത്. സൈദിനെതിരെ ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിനെ കുറിച്ചും പരിശോധിക്കും. ഇതേ കുറിച്ച് തീരുമാനം അറിയിക്കുന്നതിനു മുമ്പ് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. – ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണക്കേസുമായി മുംബൈ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഇന്റര്‍പോള്‍ സൈദിനുവേണ്ടി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.അക്രമണവുമായി ബന്ധപ്പെട്ട് സൈദ് കേസിലെ പ്രതികളായ പത്ത് തീവ്രവാദികളുമായി ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. സൈദ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതിനും ആക്രമണത്തിന് പ്രേരണ നല്‍കിയതിനും ഉള്ള തെളിവുകളാണ് ഇതിലുള്ളത്.

പാക് മണ്ണില്‍നിന്ന് ഇന്ത്യക്കെതിരെയോ മറ്റുരാജ്യങ്ങള്‍ക്കെതിരെയോ പ്രവര്‍ത്തിക്കാന്‍ ആരെയുംഅനുവദിക്കില്ലെന്നും മാലിക് വ്യക്തമാക്കി.മുംബൈ കേസുമായി ബന്ധപ്പെട്ട പാക് സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.സൈദിനെതിരെ കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകളാണ് ആവശ്യം.മുംബൈ അക്രമണക്കേസില്‍ പാകിസ്ഥാനില്‍ അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. പാകിസ്ഥാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ഇന്ത്യയില്‍ അക്രമണം നടത്താനിടയുണ്ടെന്ന മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തുദ്ദഅവയെ ഐക്യരാഷ്ട്രസഭ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനുശേഷം ലഷ്‌കര്‍ ഇ ത്വയ്ബയുടെ സ്ഥാപകന്‍ കൂടിയായ സൈദ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്നു. എന്നാല്‍ ലാഹോര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജൂണില്‍ സൈദിനെ വിട്ടയക്കുകയായിരുന്നു.

Comments are closed.