Categories

സുഷമ ജസ്വന്തിനെ കണ്ടു; ആവശ്യം തള്ളി

jaswanth-sushamaന്യൂഡല്‍ഹി: പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാന്‍സ്ഥാനം രാജിവെക്കില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജസ്വന്ത് സിങ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവുമായ സുഷമാ സ്വരാജ് ജസ്വന്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ടു പാര്‍ട്ടി ആവശ്യം അറിയിച്ചെങ്കിലും അദ്ദേഹം നിരസിച്ചെന്നാണു റിപോര്‍ട്ട്.

മുഹമ്മദലി ജിന്നയെക്കുറിച്ച് പുസ്തകമെഴുതിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ജസ്വന്തിനെ പി.എ.സി അധ്യക്ഷനായി ബി.ജെ.പി നാമനിര്‍ദേശം ചെയ്തത്. പ്രതിപക്ഷനിരയിലെ പ്രധാന കക്ഷിക്ക് പി.എ.സി അധ്യക്ഷസ്ഥാനം നല്‍കുക എന്ന കീഴ്‌വഴക്കമനുസരിച്ചാണ് ബി.ജെ.പിക്ക് സ്ഥാനം ലഭിച്ചത്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ സ്വയം രാജിവക്കുകയോ ജോലി നിര്‍വഹിക്കാന്‍ കഴിവില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ കണ്ടെത്തുകയോ ചെയ്താലല്ലാതെ ചെയര്‍മാന് സ്ഥാനത്ത് തുടരാം.

ബി.ജെ.പിയില്‍ നിന്നു പുറത്താക്കി എന്നതുകൊണ്ടുമാത്രം ജസ്വന്തിനെ ചെയര്‍മാന്‍സ്ഥാനത്തു നിന്നു മാറ്റാനാവില്ലെന്ന് സ്പീക്കര്‍ മീരാകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പി.എ.സി ചെയര്‍മാന്‍സ്ഥാനം രാജിവക്കില്ലെന്ന് മുമ്പും ജസ്വന്ത് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ചെലവിനായി പാര്‍ലമെന്റ് അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുള്ള പി.എ.സിയില്‍ 22 അംഗങ്ങളാണുള്ളത്. ഒരുവര്‍ഷത്തേക്കു നിയമിക്കുന്ന സമിതിയില്‍ 15 ലോക്‌സഭാംഗങ്ങളും ഏഴു രാജ്യസഭാംഗങ്ങളുമാണുണ്ടാവുക.

എസ്.എസ് അലുവാലിയയോടൊപ്പം ജസ്വന്തിന്റെ വസതിയിലെത്തിയ സുഷമ പി.എ.സി ചെയര്‍മാന്‍സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജസ്വന്തിനോട് സുഷമ അപേക്ഷിച്ചതായും അറിയുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്തിനെ സന്ദര്‍ശിക്കുന്നത്. സുഷമയുടെ സന്ദര്‍ശനം ജസ്വന്തിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അഭ്യൂഹത്തിനിടയാക്കിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന പ്രശ്‌നമേയില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.

അതേസമയം, ജസ്വന്തിനെ പുറത്താക്കിയ നടപടി പുനപ്പരിശോധിക്കണമെന്നു ബി.ജെ.പി എം.പി പ്യാരെലാല്‍ കണ്ഡല്‍വാള്‍ ആവശ്യപ്പെട്ടു. ജസ്വന്തിനെതിരേയുള്ള നടപടി തിടുക്കംപിടിച്ചതായിപ്പോയെന്നും അരുണ്‍ ഷൂരിയോട് പാര്‍ട്ടി സ്വീകരിച്ച നിലപാട് ജസ്വന്തിനോടും ആവാമായിരുന്നെന്നും പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങിനയച്ച കത്തില്‍ പ്യാരെലാല്‍ ചൂണ്ടിക്കാട്ടി. ജസ്വന്തിന്റെ പുസ്തകത്തിന് ഗുജറാത്തിലുള്ള നിരോധനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടു. കത്തിന്റെ കോപ്പി അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്.

Comments are closed.